ഹലാൽ ബീഫ് വിൽക്കുന്നോടാ എന്നാക്രോശിച്ച് പേരാമ്പ്രയിൽ ജീവനക്കാരെ ആക്രമിച്ചു; ആയുധങ്ങളുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു; പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി ഡി.വൈ.എഫ്.ഐ
പേരാമ്പ്ര: പേരാമ്പ്ര ബാദുഷ സൂപ്പർമാർക്കറ്റിൽ ഹലാൽ സ്റ്റിക്കറില്ലാത്ത ബീഫ് ആവശ്യപ്പെട്ട് ജീവനക്കാരെ മർദിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ ഉടനടി നടപടിയെടുക്കണമെന്ന ആവശ്യവുമായി ഡി.വൈ.എഫ്.ഐ. ജീവനക്കാരെ ആക്രമിച്ച കുറ്റക്കാരായ ആർഎസ്എസുകാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് പ്രസ്താവനയിലൂടെയാണ് ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടത്.
സൂപ്പർമാർക്കറ്റിൽ രണ്ടു പേരടങ്ങുന്ന സംഘമെത്തി ഹലാൽ സ്റ്റിക്കറുള്ള ബീഫുണ്ടോയെന്ന് ചോദിച്ചു. ഉണ്ടെന്നു പറഞ്ഞപ്പോൾ ഹലാൽ സ്റ്റിക്കറില്ലാത്ത ബീഫ് നൽകാൻ ആവശ്യപ്പെട്ടു. തുടർന്ന് ജീവനക്കാരുമായി വാക്കേറ്റത്തിലായി. ഹലാൽ ബീഫ് വിൽക്കുന്നോടാ” എന്നാക്രോശിച്ച് സ്ഥാപനത്തിലെ ജീവനക്കാരെ കടന്നാക്രമിക്കുകയും സ്ഥാപനത്തിലെ സാധനസാമഗ്രികൾ നശിപ്പിക്കുകയും ചെയ്യുകയാണ് ഉണ്ടായത്.
തർക്കമായതോടെ ഇവരോടൊപ്പം കൂടുതൽപേരെത്തി ജീവനക്കാരെ മർദിക്കുകയായിരുന്നു. ഇതേ സമയം ഒരു സംഘം ആളുകൾ ആയുധങ്ങളുമായി പുറത്ത് സംഘടിക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.
കാലിക്കറ്റ് യൂണിവേഴ്സിറ്റി പേരാമ്പ്ര റീജിയണൽ സബ് സെന്ററിലെ വിദ്യാർത്ഥികൾക്ക് നേരെയും കഴിഞ്ഞ ദിവസം അക്രമം ഉണ്ടായി. ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്നത് ചോദ്യം ചെയ്യുകയും വിദ്യാർത്ഥിയെ ക്രൂരമായി മർദ്ധിക്കുകയും ചെയ്യുകയായിരുന്നു.
നാടിന്റെ സമാധാന അന്തരീഷം തകർത്ത് വർഗീയ വിദ്വേഷം വളർത്തുന്ന ഇത്തരം സംഭവങ്ങളിലെ കുറ്റക്കാർക്കെതിരെ കർശന നടപടി എടുക്കണമെന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. നിരവധിയിടങ്ങൾ പ്രധിഷേധ പ്രകടനവും നടത്തി.