വടകരയില്‍ അപരന്മാരുടെ പോര്‍ക്കളം; കെ കെ ശെെലജ ടീച്ചർക്ക് മൂന്നും, ഷാഫി പറമ്പിലിന് രണ്ടും അപരന്മാർ
കോഴിക്കോട്: വടകര, കോഴിക്കോട് ലോക്സഭ മണ്ഡലങ്ങളിലേക്ക് സ്ഥാനാർഥികൾ നൽകിയ നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഇന്ന് പൂർത്തിയായപ്പോൾ ഡമ്മികൾ ഉൾപ്പെടെ അഞ്ചു പേരുടെ പത്രികകൾ തള്ളി. വടകരയിൽ മൂന്നും കോഴിക്കോട് രണ്ടും പത്രികകളാണ് തള്ളിയത്. ഇതോടെ അപരന്മാരുൾപ്പെടെ വടകരയിൽ 11 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്.
സിറ്റിംഗ് എംഎൽഎമാർ മാറ്റുരയ്ക്കുന്ന മത്സരത്തിന് ആവേശം പകരാൻ അപരന്മാരും രംഗത്തുണ്ട്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെകെ ശൈലജ ടീച്ചർക്കെതിരെ മൂന്ന് അപര സ്ഥാനാര്‍ത്ഥികളും യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിനെതിരെ രണ്ടാളുമാണ് പത്രിക സമര്‍പ്പിച്ചിട്ടുള്ളത്. വാശിയേറിയ പോരാട്ടം നടക്കുന്ന വടകരയിൽ അപരൻമാരുടെ ഭീഷണിയിലാണ് മുന്നണി സ്ഥാനാർത്ഥികൾ.
സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ കെകെ ശൈലജയ്‌ക്കെതിരെ പി ശൈലജ, കെ കെ ശൈലജ, കെ ശൈലജ എന്നിവരാണ് പത്രിക സമര്‍പ്പിച്ചിട്ടുള്ളത്. അതേ സമയം ഷാഫി, ഷാഫി ടി പി, എന്ന അപരന്മാരാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ഷാഫി പറമ്പിലിനെതിരെ പത്രിക സമര്‍പ്പിച്ചത്. വടകരയിലെ എല്‍ഡിഎഫ്-യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് അപരന്മാര്‍ തീര്‍ക്കുന്നത് ചില്ലറ പ്രതിസന്ധിയല്ല.
നിലവില്‍ എല്‍ഡിഎഫിന് വടകരയില്‍ വിമത സ്ഥാനാര്‍ത്ഥികളില്ല. എന്നാല്‍ യുഡിഎഫിന് വിമതനെ കൂടി നേരിടേണ്ട സാഹചര്യമാണുള്ളത്. സംഘടന വിരുദ്ധ പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയ അബ്ദുള്‍ റഹീം ഹാജിയാണ് ഷാഫിക്കെതിരായ വടകരയില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. അബ്ദുള്‍ റഹീം ഹാജി നേരത്തെ ഭാരത് ജോഡോ യാത്രയിലും പങ്കെടുത്തിരുന്നു.
കോണ്‍ഗ്രസ് പുറത്താക്കിയെങ്കിലും താന്‍ കോണ്‍ഗ്രസുകാരനായിരുന്നെന്നും വ്യക്തി ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ തനിക്ക് മണ്ഡലത്തില്‍ വോട്ട് പിടിക്കാനാകുമെന്നും അബ്ദുള്‍ റഹീം ഹാജി ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ട്. വിമത സ്ഥാനാര്‍ത്ഥി യുഡിഎഫിന് വെല്ലുവിളി ഉയര്‍ത്തുമ്പോള്‍ എല്‍ഡിഎഫിന് ഭീഷണിയാവുന്നത് അപര സ്ഥാനാര്‍ത്ഥികളാണ്.
സൂക്ഷ്മ പരിശോധനക്ക്ശേഷം സ്ഥാനാർഥി പട്ടികയിൽ ഉള്ളവർ:
വടകര- കെ കെ ശൈലജ (സി.പി.ഐ.എം), ഷാഫി പറമ്പിൽ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്), പ്രഫുൽ കൃഷ്ണൻ (ബി.ജെ.പി), ഷാഫി, ഷാഫി ടി പി, മുരളീധരൻ, അബ്ദുൾ റഹീം, കുഞ്ഞിക്കണ്ണൻ, ശൈലജ കെ, ശൈലജ കെ കെ, ശൈലജ പി (എല്ലാവരും സ്വതന്ത്രർ).