ലഹരി ഉപയോഗം ചോദ്യം ചെയ്തു, മഞ്ഞളാട്ട് കുന്നില്‍ ഗൃഹനാഥനെ വീട്ടില്‍ കയറി മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ചു


കൊയിലാണ്ടി: മഞ്ഞളാട്ട് കുന്നില്‍ ലഹരി ഉപയോഗം ചോദ്യം ചെയ്തതിന് ഗൃഹനാഥനെ വീട് കൈയേറി ആക്രമിച്ച് പരിക്കേല്‍പിച്ചു. നാല്‍പ്പത്തിനാലുകാരനായ അനില്‍കുമാറിനെയാണ് മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്. മാര്‍ച്ച് 20 നാണ് കേസിനാസ്പദമായ സംഭവം.

വീടിനുസമീപത്തെ ഒഴിഞ്ഞപറമ്പിലെത്തി പലരും് കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ ഉപയോഗിക്കാറുണ്ട്്. കുളിമുറിയും അലക്കുകല്ലുമൊക്കെ ഈ ഭാഗത്തായതിനാല്‍ ഇത് വീട്ടുകാര്‍ക്ക് ഏറെ പ്രയാസം സൃടിച്ചിരുന്നു. ലോറി ഡ്രൈവറായിരുന്ന അനില്‍കുമാര്‍ നട്ടെല്ലിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് വിശ്രമത്തിലാണ്. പ്രദേശത്ത് ലഹരി ഉപയോഗിക്കുന്നവരുടെ ശല്യം രൂക്ഷമായപ്പോള്‍ അനില്‍കുമാര്‍ ഇടപെടുകയായിരുന്നു. തുടര്‍ന്നാണ് സംഘം മാരകായുധങ്ങളുമായി ആക്രമിച്ചത്. തലക്കും കാലിനും പരിക്കേറ്റ അനില്‍കുമാര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി.


മഞ്ഞളാട്ട്കുന്നുഭാഗത്ത് ലഹരിവില്‍പനയും ഉപയോഗവും വ്യാപകമാണ്. ലഹരി ഉപയോഗിക്കുന്നവരുടെ ശല്യം കാരണം പലപ്പോഴും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമൊക്കെ പുറത്തേക്ക് ഇറങ്ങാന്‍പോലും പറ്റാത്ത അവസ്ഥയാണ്. പ്രദേശത്തെ ലഹരി വില്‍പനയ്‌ക്കെതിരെ നാട്ടുകാരും പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഇതിനെയെല്ലാം വെല്ലുവിളിച്ച് സംഘംചേര്‍ന്നുള്ള ലഹരിവില്‍പനയും ഉപയോഗവും തകൃതിയായി തുടരുകയാണ്. ഇവരില്‍ പലരും ആയുധങ്ങളുമായാണ് നടക്കുന്നത്.
അനില്‍കുമാറിനെ ആക്രമിച്ച സംഭവത്തില്‍ നാല് പേര്‍ക്കെതിരെ കേസ് രജസ്റ്റര്‍ ചെയ്ത് അന്വേഷണം നടക്കുന്നുണ്ടെന്ന് സി.ഐ സുനില്‍ കുമാര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. സംഭവത്തിന് ശേഷം പ്രതികള്‍ ഒളിവിലാണ്. ഇവര്‍ക്കായി അന്വേഷണം ഊര്‍ജിതമായി നടക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.