പത്തോ ഇരുപതോ അല്ല, അഴിയെണ്ണേണ്ടത്‌ അമ്പത് വർഷങ്ങൾ; ലഹരിക്കേസിൽ യുവാവിന് അമ്പത് വർഷം കഠിന തടവും അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ച് വടകര എൻഡിപിഎസ് കോടതി


വടകര: മയക്കുമരുന്ന് സൂക്ഷിച്ച കേസിൽ യുവാവിന് 50 വർഷം കഠിന തടവും അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ച് വടകര എൻ ഡി പി എസ് കോടതി കോഴിക്കോട് കല്ലായി ആനമാട് കദീജ മഹലിൽ ഷക്കിൽ ഹർഷാദിനെ (35) ആണ് ശിക്ഷിച്ചത്.

2022 ആഗസ്ത് 18 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോഴിക്കോട് കസബയിൽ വെച്ച് സ്കൂട്ടറിൽ കടത്തുകയായിരുന്ന 112 ഗ്രാം എംഡിഎംഎ ഇയാളിൽ നിന്നും പൊലീസ് പിടിച്ചെടുത്തു. തുടർ അന്വേഷണത്തിലാണ് മലപ്പുറം കക്കഞ്ചേരി പള്ളിക്കൽ ബസാറിലെ പ്രതി വാടകക്ക് താമസിക്കുന്ന അപ്പാർട്ട്മെൻ്റിൽ നിന്ന് 99.98 ഗ്രാം മെത്തഫിറ്റമിൻ, 76.2 ഗ്രാം എംഡിഎംഎ എക്റ്റസി പിൽസ്, 7.38 ഗ്രാം എൽഎസ്ഡി, 9.730 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവ പിടികൂടിയത്.

എംഡി എം എ കൈവശം വെച്ചതിന് 10 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും, മെത്ത ഫിറ്റമിൻ കൈവശം വെച്ചതിന് 10 വർഷം കഠിന നടവും ഒരു ലക്ഷം പിഴയും എംഡിഎംഎ എക്റ്റസി പിൽസ് കേസിൽ 15 വർഷം കഠിന തടവും ഒന്നര ലക്ഷം പിഴയും എൽഎസ് ഡി കേസിൽ 15 വർഷം കഠിന തടവും ഒന്നര ലക്ഷം പിഴയും ഹാഷിഷ് ഓയിൽ കേസിൽ മൂന്ന് മാസം കഠിന തടവും എന്നിങ്ങനെയാണ് ശിക്ഷ വിധിച്ചത്. പിഴയൊടുക്കാത്ത പക്ഷം ഓരോ കേസിലും ആറുമാസം അധികമായി ജയിൽവാസവും അനുഭവിക്കണം. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി.

വിദേശത്തേക്ക് കടന്ന രണ്ടാം പ്രതി മുഹമ്മദ് നാജിയെ കണ്ടെത്താൻ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. കസബ സി ഐയായിരുന്ന എൻ പ്രജീഷാണ് കേസ് സംബന്ധിച്ച കുറ്റപത്രം സമർപ്പിച്ചത്. ഇ.വി ലിജീഷ്, കെ.ഷാജീവ് എന്നിവർ പ്രോസിക്യൂഷന് വേണ്ടി ഹാജറായി.