ഡ്രൈവറെ ആക്രമിച്ച് കാര്‍ യാത്രക്കാരെ തട്ടിക്കൊണ്ടു പോയ സംഭവം ദുരൂഹത തീരുന്നില്ല, പ്രതികള്‍ക്കായി അന്വേഷണം തുടരുന്നു
പയ്യോളി: ഡ്രൈവറെ ആക്രമിച്ച് കാര്‍ യാത്രികരെ തട്ടിക്കൊണ്ടുപോയി വഴിയിലുപേക്ഷിച്ച സംഭവത്തില്‍ ദുരൂഹതകള്‍ തീരുന്നില്ല. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. ദേശീയ പാതയില്‍ പയ്യോളി ക്രിസ്ത്യന്‍ പള്ളിക്ക് സമീപത്താണ് ഇന്നോവ കാറില്‍ സഞ്ചരിച്ച അഞ്ചു പേരെ ഒരു സംഘം തടഞ്ഞു നിര്‍ത്തി അക്രമിച്ചത്.
ആയുധമുപയോഗിച്ച് കാറിന്റെ ഒരു വശത്തെ ഗ്ലാസ് തകര്‍ത്തശേഷം ഡ്രൈവറെ മര്‍ദിച്ചു. മലപ്പുറം വേങ്ങര പുളിക്കല്‍ വിഷ്ണുവാണ് അക്രമത്തിനിരയായത്. ശേഷം കാര്‍ തട്ടിയെടുത്ത് 10 കിലോമീറ്ററകലെ മുചുകുന്ന് കൊയിലോത്തുംപടിക്ക് അടുത്ത് ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് യാത്രക്കാര്‍ കൊയിലാണ്ടി പൊലീസില്‍ നല്‍കിയ പരാതി.
യാത്രക്കാരെ ദേഹപരിശോധന നടത്തുകയും സഞ്ചരിച്ച വാഹനവം മുഴുവനായും അരിച്ചു പെറുക്കുകയും ചെയ്ത ശേഷമാണ് ആക്രമികള്‍ കെ.എല്‍ 50 രജിസ്‌ട്രേഷന്‍ നമ്പറില്‍ തുടങ്ങുന്ന ഇയോണ്‍ കാറില്‍ സ്ഥലംവിട്ടതെന്നും യാത്രക്കാര്‍ പറയുന്നു. അക്രമസമയത്ത് ഇയോണ്‍ കാറിനു പുറമെ ആക്രമികള്‍ക്ക് ഒരു ബൈക്കുകൂടി ഉണ്ടായിരുന്നുവെന്നും യാത്രക്കാര്‍ പോലീസിനോട് പറഞ്ഞു. ആക്രമികള്‍ കാറില്‍ പരിശോധിച്ചത് എന്തിന് വേണ്ടിയാണെന്നും വ്യക്തമല്ല. പയ്യോളിയില്‍ വെച്ച് കാര്‍ ആക്രമിക്കുന്ന സമയത്തോ തട്ടിക്കൊണ്ടുപോകുന്ന സമയത്തോ യാത്രക്കാരോട് ഇതു സംബന്ധിച്ച് ആക്രമികള്‍ എന്തെങ്കിലും ചോദ്യം ചോദിച്ചോയെന്നോ വല്ലതും ആവശ്യപ്പെട്ടോയെന്നോ ഒന്നും വ്യക്തമല്ല.
ബാക്കിയാത്രക്കാരെ ആക്രമികള്‍ ഉപദ്രവിച്ചോ എന്ന് വ്യക്തമല്ലാത്തതും നാലു പേരില്‍ ഒരാള്‍ക്കുപോലും ആക്രമികളെ പ്രതിരോധിക്കാനോ ഫോണിലൂടെ മറ്റാരെയെങ്കിലും ബന്ധപ്പെടാനോ സാധിക്കാത്തതും പോലീസിന് സംശയമുണര്‍ത്തുന്നുണ്ട്. ആദ്യം തോക്ക് ചൂണ്ടിയാണ് കാര്‍ ആക്രമിച്ചതെന്നും പിന്നീട് തോക്കുപോലുള്ള ആയുധമാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നുംമാണ് പറഞ്ഞത്.
ദുരൂഹതകളുണര്‍ത്തുന്ന സംഭവത്തിനു പിന്നില്‍ സ്വര്‍ണക്കടത്തുമായി ബന്ധമുള്ളതായാണ് സാഹചര്യ തെളിവുകള്‍ നല്‍കുന്ന സൂചന. അതേസമയം, സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ആളുമാറി തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതാണോയെന്നും സംശയിക്കപ്പെടുന്നു. സംഭവസ്ഥലത്തുനിന്ന് കിട്ടിയ ആക്രമികളുടേതെന്ന് കരുതുന്ന ബ്ലൂടൂത്ത് ഉപകരണം മാത്രമാണ് ലഭിച്ച തെളിവ്. ബ്ലൂടൂത്ത് ഉപയോഗിച്ച ഫോണ്‍ താമരശ്ശേരി ഭാഗത്താണ് ഉള്ളതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
കൂടാതെ, മണ്ണാര്‍ക്കാട് രജിസ്‌ട്രേഷന്‍ നമ്പറിലുള്ള കെ.എല്‍ 50ല്‍ തുടങ്ങുന്ന കാറുമാണ് മറ്റൊരു തെളിവായിട്ടുള്ളത്. കൂടുതല്‍ അന്വേഷണത്തിനായി പൊലീസ് മണ്ണാര്‍ക്കാട്ടേക്കു തിരിച്ചിട്ടുണ്ട്. സമാന രീതിയില്‍ മുമ്പും പയ്യോളി-പേരാമ്പ്ര റോഡില്‍ വെച്ച് കാറില്‍ വന്ന ഏഴംഗസംഘം യുവാവിനെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമിച്ചിരുന്നു. 2021 മേയ് 27ന് വൈകീട്ട് അഞ്ചിന് കൊയിലാണ്ടി ഊരള്ളൂര്‍ മേക്കുറികണ്ടി ഷംസാദിനെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചിരുന്നുവെങ്കിലും നാട്ടുകാരുടെ ഇടപെടലില്‍ വിഫലമാവുകയായിരുന്നു. സംഭവത്തില്‍ പ്രതികളായ ഏഴു പേര്‍ക്കെതിരെ കേസെടുത്തിരുന്നു.
summary: driver was attacked and the car passengers were abducted remains a mystery and the search for the culprits continues