‘താൻ തകർത്തല്ലോ ഡോ;’ ചലിക്കുന്ന സെറ്റുകളും പാട്ടുകളും ഉള്ള അവതരണ രീതിയുമായി പുഴു സിനിമയിലെ നാടക ഭാഗം രചിച്ച പോയിൽകാവ് സ്വദേശി ശിവദാസ് പുഴു സിനിമയോടും മമ്മുക്കയോടൊപ്പമുള്ള അനുഭവങ്ങളും കുറിക്കുന്നു


കൊയിലാണ്ടി: ‘താൻ തകർത്തല്ലോ ഡോ,’ ശിവദാസ് സെറ്റിലേക്ക് കയറിചെന്നപ്പോൾ തന്നെ കാത്തിരുന്നത് മമ്മുട്ടിയുടെ അഭിനന്ദനമായിരുന്നു. സിനിമ ഇറങ്ങി കഴിഞ്ഞിട്ട് ആ നാടകം സ്റ്റേജിൽ അവതരിപ്പിക്കുന്നതിന് പറ്റിയും മമ്മുട്ടിയുടെ ചർച്ച തുടർന്നു.. താൻ സ്വപ്ന ലോകത്താണോ യാഥാർഥ്യമാണോ എന്നോ തിരിച്ചറിയാൻ ശിവദാസിന് അൽപ്പ സമയം എടുത്തു. പുഴു എന്ന സിനിമയിൽ നാടക ഭാഗത്തിന്റെ തിരക്കഥ എഴുതിയാണ് പോയിൽകാവ് സ്വദേശി ശിവദാസ് ആദ്യമായി സിനിമയിലേക്ക് ചുവടുവച്ചത്. അതും മമ്മുട്ടി നായകനായ സിനിമയുടെ ഭാഗമായപ്പോൾ ഇരട്ടി സന്തോഷം.

പുരാണത്തിലെ ചെറിയൊരു കഥയായ തക്ഷകനെയാണ് നാടകമായി സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്. ചെറിയൊരു ത്രെഡിൽ നിന്നാണ് ഇരുപത് മിനുട്ടുള്ള നാടകമായി തക്ഷകൻ രൂപാന്തരപ്പെട്ടുവരുന്നത്. ശക്തമായ ഉയിർത്തെഴുന്നേൽപ്പിന്റെയും പ്രതിരോധത്തിന്റെയും പ്രതീകമായാണ് ദക്ഷൻ നിലകൊള്ളുന്നത്. പുഴുവിന്റെ തിരക്കഥാകൃത്ത് ഷറഫു ശിവദാസിന്റെ നാടകങ്ങൾ കണ്ടിട്ടുണ്ട്. അതാണ് പുഴുവുലേക്കുള്ള ശിവദാസിന്റെ ചുവടുവെപ്പിനുള്ള ആദ്യ കാരണം.

കേരളത്തിലെ കുട്ടികളുടെ നാടക വേദിയിൽ സജീവമായ ഇടപെടലുകൾ നടത്തിയ നാടക രചയിതാവാണ് ശിവദാസ്. സ്കൂൾ നാടക വേദിയുടെ രംഗഭാഷയെ പുതുക്കി പണിത നാടക സംവിധായകൻ. യു.പി സ്കൂൾ വിദ്യാർഥിയായിരിക്കെ സ്കൂൾ നാടകാഭിനയത്തിലൂടെയാണ് നാടക രംഗത്ത് പ്രവേശിച്ചത്. അധ്യാപകനായതോടെ അഭിനയത്തിൽ നിന്നും നാടകരചനയിലേക്കും സംവിധാനത്തിലേക്കും കടന്നു. . ഇപ്പോൾ തിരക്കഥാരചനയിലും സജീവമാവുകയാണ് ശിവദാസ്. പോയിൽകാവ് കൃഷ്ണൻ എം ലീല എം ദമ്പതികളുടെ മകനാണ് ശിവദാസ്. തിരുവങ്ങൂർ ഹയർസെക്കണ്ടറി സ്കൂളിലെ അധ്യാപകനാണ്. രഞ്ജനയാണ് ഭാര്യ. മകൾ ദല.

മമ്മൂക്ക കാ സ്നേഹ്‌ എന്ന തലക്കെട്ടോടെയാണ് ശിവദാസ് തന്റെ അനുഭവം ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. പുഴു സിനിമയിൽ ഭാഗമായതിന്റെ അനുഭവങ്ങളോടൊപ്പം മമ്മുക്കയുടെ അഭിനന്ദനത്തെ പറ്റിയും കുറിപ്പിൽ പരാമർശിച്ചിട്ടുണ്ട്

ശിവദാസ് പൊയിൽകവിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:

നാടകത്തിൻറെ രണ്ടാമത്തേയും അവസാനത്തേതുമായ ഷെഡ്യൂൾ കഴിഞ്ഞു ഞാൻ ശശിയേട്ടനോടൊപ്പം സ്റ്റേജിൽ നിൽക്കുമ്പോഴാണ് ഹർഷദ്ക്ക വിളിക്കുന്നത്. നീ അടിയന്തിരമായി നാളെ ലൊക്കേഷനിൽ എത്തണം. മമ്മൂക്കയെ കാണാനാണ്. നാടകത്തെക്കുറിച്ച് മമ്മൂക്ക നാലഞ്ചു തവണ എടുത്തു പറഞ്ഞു. പിറ്റേന്ന് ശശിയേട്ടനും ഞാനും ആനന്ദും കൂടി പുറപ്പെട്ടു. ആർട്ട് വർക്ക് ചെയ്ത നിധീഷ് പൂക്കാടും ഉസ്മാൻ മാഷും രണ്ടാമത്തെ ഷെഡ്യൂളിൽ എത്തിയിരുന്നില്ല. അവർ കൂടി വേണമായിരുന്നല്ലോ ഈ നിമിഷത്തിൽ എന്ന് വല്ലാതെ ആഗ്രഹിച്ചു പോയി. ശരിക്കും വിഷമം തോന്നി.

അന്ന് ഷൂട്ട് നടക്കുന്നത് കുഞ്ചൻ അഭിനയിച്ച പോളച്ചൻറെ വീട്ടിൽ. ഒരു ഷോട്ടിന്റെ ഇടവേളയിൽ അർഷദ്ക്കക്കൊപ്പം ഞങ്ങൾ മമ്മൂക്കയെ കണ്ടു. കണ്ട ഉടനെ മഹാനടനിൽ നിന്ന് കിട്ടിയ വാക്കുകൾ അത്രയേറെ പ്രിയപ്പെട്ടതായി സൂക്ഷിക്കുന്നു. “താൻ തകർത്തല്ലോ ഡോ ” എന്നായിരുന്നു അഭിനന്ദനം. തൊട്ടടുത്തുള്ള ശശിയേട്ടനോട് “താൻ പിന്നെ താരമല്ലേ “എന്നും. മമ്മൂക്ക മൊത്തം നാടകം കണ്ടോ എന്ന് ഞാൻ ചോദിച്ചു. ഷൂട്ട് ചെയ്ത് വെച്ചത് സ്പോട്ട് എഡിറ്റർ രതിൻ രാധാകൃഷ്ണൻ കാണിച്ചു കൊടുത്തിട്ടുണ്ടായിരുന്നു. (രതിൻ എൻറെ നാട്ടുകാരൻ. കൊയിലാണ്ടി എളാട്ടേരി സ്വദേശി. അതിലപ്പുറം പൊയിൽകാവ് excellent കോളേജിൽ മുമ്പ് അധ്യാപകൻ ആയിരിക്കുമ്പോൾ എൻ്റെ ശിഷ്യൻ. ഇന്ന് സിനിമാലോകത്തിന് പ്രിയപ്പെട്ടവൻ.) തുടർന്ന് നാടകം സിനിമ ഇറങ്ങിയതിനു ശേഷം സ്റ്റേജിൽ അവതരിപ്പിക്കേണ്ടതിനെക്കുറിച്ചായി ചർച്ച. ദുൽഖ റോട് പറഞ്ഞു wayfarer നെക്കൊണ്ട് പ്രൊഡ്യൂസ് ചെയ്യിക്കാം എന്ന് പറഞ്ഞു.

നാടക ചർച്ചകളുടെ തുടക്കത്തിൽ തന്നെ എഴുത്തുകാരും സംവിധായിക റത്തീനയും സിനിമയ്ക്ക് ശേഷം ഉള്ള നാടകത്തെക്കുറിച്ച് സംസാരിച്ചിട്ടുണ്ടായിരുന്നു. തീർച്ചയായും ഒരു നാടകക്കാരൻറെ മനസ്സ് അവർ മനസ്സിലാക്കുന്നു എന്നതാണ് യാഥാർത്ഥ്യം. ക്യാമറക്കണ്ണുകൾക്ക് വേണ്ടി സംവിധായകൻ പൊരുത്തപ്പെടേണ്ടി വരും. എഴുതുമ്പഴേ അർഷാദ്ക്ക ഓർമിപ്പിച്ചു. സിനിമയാണേ സെറ്റ് സമ്പന്നമാവണമെന്ന്. ലൈറ്റ് ക്യാമറയ്ക്ക് വേണ്ടി തേനി ഈശ്വർ ഡിസൈൻ ചെയ്തതാണ്. ഷൈമോൻ ലൈറ്റ് ചെയ്യുമ്പോൾ നാടകത്തിനും സിനിമയ്ക്കും ഇടയിൽ വീർപ്പുമുട്ടിയത് ഇപ്പോഴും ഓർക്കുന്നു. സംഗീതം സിനിമയുടെ കഥയിൽ ജെയ്ക് സ് ചാലിച്ച് ചേർത്തതാണ്.

ഒരു Operaയുടെ രീതിയിലാണ് നാടകം ഡിസൈൻ ചെയ്തത്. ചലിക്കുന്ന സെറ്റുകളും പാട്ടുകളും ഉള്ള ഒരു അവതരണ രീതിയാണ്. തീർച്ചയായും മമ്മൂക്കയുടെ വിലപ്പെട്ട വാക്കുകളിൽ നാടക സ്നേഹമുണ്ട്. ഇർഷാദ്ക്ക, ഷർഫു, സുഹാസ് ഒക്കെ നാടകത്തോടു കാണിക്കുന്ന സ്നേഹത്തിന് ഒരു നാടകക്കാരൻ എന്ന നിലയിൽ നന്ദിപറയുന്നു. സിനിമയിൽ ഒരു നാടകത്തെ ചേർത്തു നിർത്തി എന്നതിൽ സന്തോഷം. അരങ്ങിൽ ഈ നാടകം സംഭവിക്കുന്നതിനു വേണ്ടി സിനിമക്കാർ നടത്തുന്ന ശ്രമങ്ങൾക്ക് സ്നേഹം. എന്നെ ഈ നാടകത്തിലേക്ക് ചേർത്ത് നിർത്തിയ ശശിയേട്ടനും രാധാകൃഷ്ണൻ പേരാമ്പ്രയ്ക്കും ടീം പുഴുവിനും സ്നേഹം.

നാടക റിഹേഴ്സൽ കാലത്ത് കൂടെ നിന്ന ഷിഹാസ്, ഷീജ രഘുനാഥ്, ശ്രീജിത്ത് രമണൻ, പ്രമോദ് സമീർ ,അനുരാഗ് ,പൂക്കാട് കലാലയം, നിധീഷ് പെരുവണ്ണാൻ, മധുസൂതനൻ ഭരതാഞ്ജലി, വിഷ്ണു പ്രസാദ്, ജ്യോതി നാരായണൻ, സാരംഗ്, ലിഗേഷ്, ഉബൈദ് തുടങ്ങിയവർക്ക് സ്നേഹം..