കോഴിക്കോട് അടക്കമുള്ള ജില്ലകളില്‍ ഇന്നും നാളെയും ചൂട് കനക്കും; ജനങ്ങള്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് മുന്നറിയിപ്പ്


കോഴിക്കോട്: സംസ്ഥാനത്ത് ഇന്നും ചൂട് കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നും നാളെയും കോഴിക്കോട് ജില്ലയിലെ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

കൊല്ലം, കോട്ടയം ജില്ലകളില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയും തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും തൃശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ ഇന്നും നാളെയും ഉയര്‍ന്ന ചൂടിനും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. ജനങ്ങള്‍ മുന്‍കരുതലുകളും ജാഗ്രതയും പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി അറിയിക്കുന്നു.