”ഒരും മാസംകൊണ്ട് പത്ത് കിലോ ഭാരം കുറയ്ക്കാം’; പരസ്യവാചകങ്ങള്‍ കേട്ട് വണ്ണംകുറയ്ക്കാന്‍ ഒരുങ്ങിയിറങ്ങുംമുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍


ലരുടെയും ആധിയാണ് അമിതവണ്ണവും ചാടിവരുന്ന വയറും. അതിനായി പട്ടിണി കിടക്കും, ഡയറ്റുകള്‍ പരീക്ഷിക്കും, കാണുന്ന മരുന്നുകളൊക്കെ വാങ്ങിക്കഴിക്കും. അവസാനം പല ആരോഗ്യപ്രശ്‌നങ്ങളും ക്ഷണിച്ചുവരുത്തുകയും ചെയ്യും. വണ്ണമൊട്ട് കുറഞ്ഞിട്ടുമുണ്ടാവില്ല. അശാസ്ത്രീയമായി തടി കുറയ്ക്കുന്നത് ആരോഗ്യത്തിന് വലിയ പ്രശ്‌നങ്ങളുണ്ടാക്കും. തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

1. അമിതവണ്ണം കുറയ്ക്കാന്‍ എളുപ്പവഴി തേടി പോകരുത്. അതിനായി ആഹാര നിയന്ത്രണത്തിനൊപ്പം തന്നെ വ്യായാമവും വേണം. അതിനുമുമ്പ് കൃത്യമായ വൈദ്യപരിശോധന നടത്തി ഡോക്ടറുടെ അഭിപ്രായം കൂടി തേടണം.

2. തടി കുറയ്ക്കുകയെന്നാല്‍ കൊഴുപ്പ് കുറയ്ക്കുകയെന്നതാണ് അര്‍ത്ഥം. അധികമുള്ള കൊഴുപ്പാണ് കുറയ്‌ക്കേണ്ടത്. പുരുഷന്മാര്‍ക്ക് ഇരുപത് കിലോയും സ്ത്രീകള്‍ക്ക് 24 കിലോയും കൊഴുപ്പ് ശരീരത്തിന് ആവശ്യമാണ്.

3. തടി കുറയ്ക്കാന്‍വേണ്ടി അമിതമായി വ്യായാമം ചെയ്യുന്നത് അപകടമാണ്. ഓരോരുത്തര്‍ക്കും അനുയോജ്യമായ വ്യായമരീതികളുണ്ട്. ഇവ തെരഞ്ഞെടുക്കാം.

4. ഡയറ്റ് തെരഞ്ഞെടുക്കുമ്പോള്‍ നിങ്ങളുടെ പ്രായം, ഉയരം, ഭാരം, ജോലിയുടെ സ്വഭാവം, ആരോഗ്യസ്ഥിതി എന്നിവ കണക്കിലെടുത്ത് വേണം ഡയറ്റ് തെരഞ്ഞെടുക്കാന്‍.

5. തടി കുറയ്ക്കുകയെന്നത് ഒറ്റദിവസം കൊണ്ടോ രണ്ടോ മൂന്നോ ആഴ്ചകള്‍കൊണ്ടോ എളുപ്പം സാധിക്കുന്ന ഒന്നല്ല. കൃത്യമായ വ്യായാമവും ഡയറ്റും പിന്തുടര്‍ന്നാല്‍ പതിയെ സംഭവിക്കുന്ന കാര്യമാണ്. ക്ഷമ കൂടിയേ തീരൂ.

6. പെട്ടെന്ന് ഭാരം കുറയ്ക്കാമെന്ന് കരുതി ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ ശരീരത്തിലെത്താത്ത ഡയറ്റാണ് തെരഞ്ഞെടുക്കുന്നതെങ്കില്‍ പലതരം ആരോഗ്യപ്രശ്‌നങ്ങള്‍ ഭാവിയില്‍ വരാന്‍ സാധ്യതയുണ്ട്.