വേനൽച്ചൂടില്‍ കുട്ടികള്‍ തളരാതെ നോക്കാം: സംസ്ഥാനത്തെ സ്‌ക്കൂളുകളില്‍ ഇനി ‘വാട്ടര്‍ ബെല്ലും’


തിരുവനന്തപുരം: വേനൽച്ചൂട് കടുക്കുന്ന സാഹചര്യത്തിൽ സ്‌കൂൾ കുട്ടികളിൽ നിർജ്ജലീകരണം ഒഴിവാക്കാൻ വാട്ടർ ബെൽ സംവിധാനവുമായി പൊതു വിദ്യാഭ്യാസ വകുപ്പ്. ഇതിന്റെ ഭാഗമായി നിലവിലെ ഇന്റർവെൽ കൂടാതെ സ്‌കൂളുകളിൽ വെള്ളം കുടിക്കാനായി പ്രത്യേകം വാട്ടർ ബെൽ നൽകുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.

രാവിലെ 10.30 നും ഉച്ചയ്ക്ക് 2.00 മണിക്കും സ്‌കൂളുകളിൽ വാട്ടർ ബെൽ മുഴങ്ങും. തുടർന്ന് വെള്ളം കുടിക്കുന്നതിന് അഞ്ച് മിനിറ്റ് ഇടവേള നൽകും. ഈ സമയത്ത് കുട്ടികൾ വെള്ളം കുടിക്കുന്നുണ്ടെന്ന് സ്‌കൂൾ അധികൃതർ ഉറപ്പു വരുത്തണം.

വീടുകളിൽ നിന്ന് വെള്ളം കൊണ്ടുവരാത്ത കുട്ടികൾക്ക് അധികൃതർ വെള്ളം ലഭ്യമാക്കണമെന്നും മന്ത്രി പറഞ്ഞു. മുന്‍ വര്‍ഷങ്ങളിലും ചൂട് കനത്തപ്പോള്‍ സര്‍ക്കാര്‍ വാട്ടര്‍ ബെല്‍ സംവിധാനം കൊണ്ടുവന്നിരുന്നു.

അതേ സമയം ചൂട് കൂടുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാനിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്‌. പകൽ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കാനാണ് പ്രധാനമായും നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്‌.

പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക, നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക, അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കുക, പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും, പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് മറ്റു പ്രധാന നിര്‍ദ്ദേശങ്ങള്‍.