പ്രതിഷേധം വിജയം; കൊല്ലം ചിറയോരത്ത് വാഹന പാര്‍ക്കിങ്ങിന് ഫീസ് ഈടാക്കാനുള്ള തീരുമാനം പിന്‍വലിച്ചതായി പിഷാരികാവ് ദേവസ്വം ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്


കൊയിലാണ്ടി: കൊല്ലം ചിറയോരത്ത് പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളില്‍ നിന്ന് ഫീസ് ഈടാക്കാനുള്ള തീരുമാനം പിന്‍വലിച്ച് പിഷാരികാവ് ദേവസ്വം. പാര്‍ക്കിങ് ഫീസ് ഈടാക്കാനുള്ള നീക്കത്തിനെതിരെ നാട്ടുകാരുടെയും യുവജനസംഘടനകളുടെയും ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ഡി.വൈ.എഫ്.ഐയുടെ പ്രാദേശിക നേതാക്കള്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ കൊട്ടിലകത്ത് ബാലന്‍ നായരുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തീരുമാനം പിന്‍വലിക്കാനുള്ള തീരുമാനം വന്നത്.

കൊല്ലം ചിറയോരത്ത് നിര്‍ത്തിയിടുന്ന വാഹനങ്ങളില്‍ നിന്ന് നവംബര്‍ ഒന്ന് മുതല്‍ പാര്‍ക്കിങ് ഫീസ് ഈടാക്കാനുള്ള തീരുമാനം പിന്‍വലിച്ചതായി പിഷാരികാവ് ദേവസ്വം ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ കൊട്ടിലകത്ത് ബാലന്‍ നായര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് സ്ഥിരീകരിച്ചു. ചിറയോരത്ത് നിരവധി വാഹനങ്ങള്‍ എത്തുന്നതിനാലും രാത്രിയില്‍ ഉള്‍പ്പെടെ ഇവിടെ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നതിനാലുമാണ് പാര്‍ക്കിങ് ഫീസ് ഈടാക്കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചത്. തുടര്‍നടപടികള്‍ ട്രസ്റ്റി ബോര്‍ഡ് യോഗം ചേര്‍ന്ന് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.


Also Read: ബൈക്കിന് 10 രൂപ, കാറിന് 20 രൂപ, വലിയ വാഹനങ്ങൾക്ക് 100 രൂപ; കൊല്ലം ചിറയോരത്ത് വാഹന പാർക്കിങ്ങിന് ഫീസ് ഏർപ്പെടുത്തി പിഷാരികാവ് ദേവസ്വം, പ്രതിഷേധവുമായി നാട്ടുകാർ – Click Here to Read


കൊയിലാണ്ടിയിലെ പ്രധാന ആകര്‍ഷണ കേന്ദ്രങ്ങളിലൊന്നായ കൊല്ലം ചിറയുടെ സൗന്ദര്യം ആസ്വദിക്കാനായി ഓരോ ദിവസവും ആയിരക്കണക്കിന് ആളുകളാണ് എത്തുന്നത്. എല്ലാ സമയവും ചിറയോരത്ത് നിരവധി വാഹനങ്ങള്‍ കാണാന്‍ കഴിയും. ഇങ്ങനെയെത്തുന്ന വാഹന ഉടമകളില്‍ നിന്ന് പാര്‍ക്കിങ് ഫീസ് ഈടാക്കാനുള്ള തീരുമാനത്തിനെതിരെയാണ് നാട്ടുകാരും യുവജന സംഘടനകളും രംഗത്തെത്തിയത്.

തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ സമരം ആരംഭിക്കുമെന്ന് ഡി.വൈ.എഫ്.ഐ ദേവസ്വം ബോര്‍ഡിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. കൊല്ലം ചിറയോരത്ത് നിര്‍ത്തുന്ന വാഹനങ്ങളില്‍ നിന്ന് ഭീമമായ പാര്‍ക്കിങ് ഫീസ് ഈടാക്കാനുള്ള തീരുമാനം ദേവസ്വം ബോര്‍ഡ് പിന്‍വലിക്കണമെന്ന് എ.ഐ.വൈ.എഫും പ്രസ്താവനയില്‍ ആവശ്യപ്പെട്ടിരുന്നു.


Related News: കൊല്ലം ചിറയോരത്തെ അന്യായമായ പാര്‍ക്കിങ് ഫീസ്: പ്രതിഷേധവുമായി യുവജന സംഘടനകള്‍, തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യം – Click Here to Read


നവംബര്‍ ഒന്ന് മുതല്‍ ചിറയോരത്ത് നിര്‍ത്തുന്ന വാഹനങ്ങളില്‍ നിന്ന് പാര്‍ക്കിങ് ഫീസ് ഈടാക്കുമെന്ന് അറിയിച്ചു കൊണ്ടുള്ള ബോര്‍ഡുകള്‍ കഴിഞ്ഞ ദിവസമാണ് ചിറയോരത്ത് പ്രത്യക്ഷപ്പെട്ടത്. ചിറയുടെ കിഴക്ക് വശത്തും പടിഞ്ഞാറ് വശത്തും ബോര്‍ഡ് സ്ഥാപിച്ചിരുന്നു.

ഇരുചക്രവാഹനങ്ങള്‍ക്ക് 10 രൂപ, നാല് ചക്ര വാഹനങ്ങള്‍ക്ക് 20 രൂപ, വലിയ വാഹനങ്ങള്‍ക്ക് 100 രൂപ എന്നിങ്ങനെയാണ് നിരക്കുകള്‍ നിശ്ചയിച്ചിരിക്കുന്നത്. ഫീസ് നല്‍കിയാലും മൂന്നു മണിക്കൂര്‍ സമയമാണ് പാര്‍ക്കിങ് അനുവദിക്കുക എന്നും ബോര്‍ഡില്‍ പറയുന്നു.