കായക്കൊടിയിലെ അയല്‍വാസികളുടെ മരണം; അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്, പോസ്റ്റ്മോര്‍ട്ടം നടപടികള്‍ ഇന്ന്



കുറ്റ്യാടി: കായക്കൊടിയില്‍ അയല്‍വാസികളായ രണ്ടുപേര്‍ മരണപ്പെട്ട സംഭവത്തില്‍ അന്വേഷണം ശക്തമാക്കി പോലീസ്. മരിച്ച രണ്ടുപേരുടെയും പോസ്റ്റുമോര്‍ട്ടം നടപടികള്‍ ഇന്ന് നടക്കും. അതിനുശേഷമായിരിക്കും കൂടുതല്‍ അന്വേഷണത്തിലേക്ക് കടക്കാന്‍ സാധിക്കുകയെന്നും  പോലീസ് പറഞ്ഞു.

കായക്കൊടി ഈന്തുള്ളതറയില്‍ ബാബുവിനെ വീട്ടില്‍ കഴുത്തറുത്ത നിലയിലും അയല്‍വാസി രാജീവനെ തൊട്ടടുത്ത കടയില്‍ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ബാബുവിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധം വീടിനുള്ളില്‍ നിന്ന് കണ്ടെത്തിയിരുന്നു.

വ്യാഴാഴ്ച രാവിലെ ഒന്‍പത് മണിയോടെയാണ് കൊലപാതകം നടന്നത് എന്നാണ് നിഗമനം. ബാബുവിനെ കൊലപ്പെടുത്തിയ ശേഷം രാജീവന്‍ ആത്മഹത്യ ചെയ്തതാവാമെന്നാണ് പോലീസ് സംശയിക്കുന്നത്.

തൊട്ടില്‍പ്പാലം പൊലീസ് ആണ് അന്വേഷണം നടത്തുന്നത്. ഇരുവരുടെയും മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

summary: the police intensified the investigation into the death of neighbors in kayakkodi