‘കെ.കെ.ശൈലജ ടീച്ചറെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിച്ചു’ ; ബാലുശ്ശേരിയിലെ കോണ്‍ഗ്രസ് നേതാവിനെതിരെ സി.പി.എമ്മിന്റെ പരാതി


ബാലുശ്ശേരി: വടകര മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.കെ.ശൈലജ ടീച്ചര്‍ക്ക് നേരെയുള്ള സൈബര്‍ ആക്രമണത്തില്‍ ബാലുശ്ശേരിയിലെ കോണ്‍ഗ്രസ് നേതാവിനെതിരെ സി.പി.എം പരാതി നല്‍കി. ബാലുശ്ശേരിയിലെ ഏഴാം വാര്‍ഡ് മെമ്പറായ ഹരീഷ് കുമാര്‍ ബി.കെ (ഹരീഷ് നന്ദനം)ത്തിനെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. സിപിഎം ബാലുശ്ശേരി ലോക്കല്‍ ഇലക്ഷന്‍ കമ്മിറ്റിയാണ് ബാലുശ്ശേരി പൊലീസില്‍ പരാതി നല്‍കിയത്.

തേജസ് അരങ്ങാടത്ത് എന്ന വാട്സ്ആപ്പ് ഗ്രൂപ്പിലാണ് ഹരീഷ് ശൈലജ ടീച്ചര്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയത്. ശൈലജ ടീച്ചറുടെ ഫോട്ടോ ദ്വയാര്‍ത്ഥം വരുന്ന കമന്റ് ചേര്‍ത്ത് പ്രചരിപ്പിച്ചതാണ് പരാതിക്ക് ആധാരം.

അതേ സമയം സമൂഹമാധ്യങ്ങള്‍ വഴി ശൈലജ ടീച്ചറെ അധിക്ഷേപിച്ച സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. മുസ്ലീം ലീഗ് ന്യൂമാഹി പഞ്ചായത്ത് സെക്രട്ടറി അസ്ലം ടി.എച്ച്, നടുവണ്ണൂര്‍ സ്വദേശിയായ കെ.എം മിന്‍ഹാജ്, യൂത്ത് ലീഗ് പ്രവര്‍ത്തകനായ പേരാമ്പ്ര വാളൂര്‍ സ്വദേശി സല്‍മാന്‍ വാളൂര്‍ എന്നിവര്‍ക്കെതിരെയാണ് പോലീസ് ഇതുവരെ കേസെടുത്തത്.