മണിയൂര്‍ യു.ഡി.എഫ് നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ സി.പി.എം പ്രവര്‍ത്തകന്റെ വീടിന് നേരെ കല്ലേറ്; ആക്രമണം ഒന്നരമാസം പ്രായമായ ഇരട്ടക്കുഞ്ഞുങ്ങളടക്കം കോലായിയില്‍ ഇരിക്കെ


മണിയൂര്‍: കരുവഞ്ചേരി അമ്പലനടയില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ സി.പി.എം പ്രവര്‍ത്തകന്റെ വീടിനുനേരെ കല്ലേറ്. സി.പി.എം പ്രവര്‍ത്തകനായ വിലങ്ങില്‍ രാഗേഷിന്റെ വീടിനുനേരെയാണ് കല്ലേറുണ്ടായത്. ശനിയാഴ്ച വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം.

ആക്രമണമുണ്ടായസമയത്ത് രാഗേഷിന്റെ അച്ഛന്‍, അമ്മ, ഭാര്യ, സഹോദരി, ചെറിയ കുട്ടികള്‍ ഉള്‍പ്പെടെ വീട്ടിലുണ്ടായിരുന്നു. 50 ദിവസം മാത്രം പ്രായമായ ഇരട്ടക്കുഞ്ഞുങ്ങളും ഉമ്മറത്തുണ്ടായിരുന്നു. കല്ല് വീടിന്റെ ചുമരില്‍ തട്ടി താഴെ വീണതോടെ കോലായില്‍ ഉണ്ടായിരുന്നവര്‍ വീടിനകത്തേക്ക് കയറി രക്ഷപ്പെടുകയായിരുന്നു.

അസഭ്യവര്‍ഷവും കുടുംബാംഗങ്ങളെ ചുട്ടുകൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി ഇവര്‍ ആരോപിച്ചു. സംഭവ സമയത്ത് രാഗേഷ് വീട്ടിലുണ്ടായിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട് രാഗേഷിന്റെ ഭാര്യ ശരണ്യ പയ്യോളി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മുതുവീട്ടില്‍ വിഷ്ണു, വൈശാഖ് എന്നിവരുടെ നേതൃത്വത്തിലാണ് ആക്രമണമുണ്ടായതെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്.

സി.പി.എം പ്രവര്‍ത്തകന്റെ വീടിന് നേരെ കല്ലേറ് നടത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സി.പി.എം പാലയാട് ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.