‘കുടിവെള്ളം കിട്ടിയിട്ട് മതി ബൈപ്പാസ് നിർമ്മാണം’; കൊല്ലം കുന്ന്യോറമലയില്‍ കുടിവെള്ള ടാങ്കും പൈപ്പും പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം പ്രതിഷേധം, ബൈപ്പാസ് നിര്‍മ്മാണം തടഞ്ഞു


കൊയിലാണ്ടി: കൊല്ലം കുന്ന്യോറമലയില്‍ ബൈപ്പാസ് നിര്‍മ്മാണം തടഞ്ഞ് സി.പി.എമ്മിന്റെ പ്രതിഷേധം. പ്രദേശത്തെ ജനങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കാനുള്ള പൈപ്പും ടാങ്കും പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് സി.പി.എം പ്രതിഷേധം. സി.പി.എം കൊല്ലം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം.

നന്തി മുതല്‍ ചെങ്ങോട്ടുകാവ് വരെ നിര്‍മ്മിക്കുന്ന കൊയിലാണ്ടി ബൈപ്പാസ് നിര്‍മ്മാണത്തിന്റെ ഭാഗമായാണ് കുന്ന്യോറമലയിലെ കുടിവെള്ള ടാങ്കും വിതരണ പൈപ്പ് ലൈനും നീക്കിയത്. ഈ കുടിവെള്ള ടാങ്കും പൈപ്പ് ലൈനും പുനസ്ഥാപിക്കണമെന്നും സര്‍വ്വീസ് റോഡും ഡ്രൈനേജും അടിയന്തിരമായി നിര്‍മ്മിക്കണമെന്നും ആവശ്യപ്പെട്ടാണ് സി.പി.എം ബൈപ്പാസ് നിര്‍മ്മാണം തടഞ്ഞുള്ള പ്രതിഷേധ സമരത്തിലേക്ക് കടന്നത്.

മുന്‍ എം.എല്‍.എ കെ.ദാസന്‍ പ്രതിഷേധം ഉദ്ഘാടനം ചെയ്തു. കെ.ടി.രമേശന്‍ അധ്യക്ഷനായി. സി.പി.എം കൊല്ലം ലോക്കല്‍ സെക്രട്ടറി എന്‍.കെ.ഭാസ്‌കരന്‍, അശ്വതി പി.കെ, എം.പത്മനാഭന്‍, പി.കെ.സന്തോഷ്, ടി.പി.രാമദാസന്‍ എന്നിവര്‍ സംസാരിച്ചു.

കൊയിലാണ്ടി നഗരസഭാ ചെയര്‍പേഴ്‌സണും വൈസ് ചെയര്‍പേഴ്‌സണും ഉള്‍പ്പെടെ കുടിവെള്ള പ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബൈപ്പാസ് നിര്‍മ്മാണം കരാറെടുത്ത വാഗാഡ് കമ്പനിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കമ്പനി ഒറു നടപടിയും സ്വീകരിച്ചില്ല. ജനങ്ങള്‍ സ്വകാര്യ വ്യക്തികള്‍ക്ക് പണം നല്‍കിയാണ് ഇത്രയും കാലം കുടിവെള്ളം വീട്ടാവശ്യത്തിനായി എത്തിച്ചിരുന്നത്. ഇനിയും ഈ സ്ഥിതി തുടരാനാകില്ല എന്ന നിലയെത്തിയതോടെയാണ് സി.പി.എമ്മിന്റെ നേതൃത്വത്തില്‍ ജനങ്ങള്‍ പ്രതിഷേധ സമരത്തിനിറങ്ങിയത്.

പ്രതിഷേധക്കാര്‍ ബൈപ്പാസ് നിര്‍മ്മാണം തടഞ്ഞതോടെ വാഗാഡ് കമ്പനിയുടെ അധികൃതര്‍ ചര്‍ച്ചയ്‌ക്കെത്തി. കുടിവെള്ള പ്രശ്‌നത്തിന് സ്ഥിരമായ പരിഹാരം ഉണ്ടാക്കാമെന്നും അതുവരെ ടാങ്കര്‍ ലോറിയില്‍ കുടിവെള്ളമെത്തിച്ച് പ്രദേശത്തെ ജനങ്ങള്‍ക്ക് വിതരണം ചെയ്യാമെന്നും സി.പി.എം നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ വാഗാഡ് അധികൃതര്‍ ഉറപ്പുനല്‍കി. സര്‍വ്വീസ് റോഡിന്റെയും ഡ്രൈനേജിന്റെയും കാര്യത്തില്‍ മേലധികാരികളുമായി ചര്‍ച്ച നടത്തിയ ശേഷം പരിഹരിക്കാമെന്നും വാഗാഡ് അറിയിച്ചു. ഇതോടെ പ്രതിഷേധം താല്‍ക്കാലികമായി അവസാനിപ്പിക്കുകയായിരുന്നു. എന്‍.കെ.ഭാസ്‌കരന്‍, എം.പത്മനാഭന്‍, പി.കെ.സന്തോഷ്, ടി.പി.രാമദാസന്‍ എന്നിവരാണ് സി.പി.എമ്മിനെ പ്രതിനിധീകരിച്ച് ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ പങ്കെടുത്തത്.