രണ്ടു വര്‍ഷത്തെ ഇടവേളക്ക് ശേഷമുള്ള കലോത്സവം, ആവേശത്തോടെ പൂര്‍ത്തിയാവുന്ന ഒരുക്കങ്ങള്‍; അവസാന നിമിഷം കോവിഡ് വിനയാവുമോ?
കോഴിക്കോട്: രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് അരങ്ങൊരുങ്ങുകയാണ്. മത്സരാര്‍ഥികളായ വിദ്യാര്‍ഥികള്‍ക്ക് പുറമെ നാടിന്റെ ഏറ്റവും വലിയ കലാമാമാങ്കത്തെ ആവേശത്തോടെ വരേവേല്‍ക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് അധ്യാപകരും രക്ഷിതാക്കളും പൊതുജനങ്ങളും.
എന്നാല്‍ കോവിഡിന്റെ ബി.എഫ്. 7 വകഭേദം രാജ്യത്ത് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സ്‌കൂള്‍ കലോത്സവത്തിന്റെ നടത്തിപ്പിനെ അത് പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്കയും ഉയര്‍ന്നിരിക്കുകയാണ്.
രാജ്യത്ത് കോവിഡ് വകഭേദം സ്ഥിരീകരിച്ചതിന് പിന്നാലെ വീണ്ടും മാസ്‌ക് നിര്‍ബന്ധമായി ധരിക്കാന്‍ ഐ.എം.എ. നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനങ്ങളുമായി ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് കേന്ദ്ര ആരോഗ്യമന്ത്രി യോഗം വിളിച്ചു ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്. നാളെ മുതല്‍ വിമാനത്താവളങ്ങളില്‍ റാന്‍ഡം ടെസ്റ്റുകള്‍ നടത്തും.
കോവിഡ് കാരണം കഴിഞ്ഞ രണ്ടുവര്‍ഷങ്ങളായി കലോത്സവം നടത്താന്‍ കഴിയാതിരുന്നതിനാല്‍ തന്നെ ഇത്തവണത്തെ സബ്ജില്ലാ, ജില്ലാ കലോത്സവങ്ങളില്‍ വന്‍ ആവേശവും ജനപങ്കാളിത്തവുമാണ് അനുഭവപ്പെട്ടത്. ഇതേ ആവേശം സംസ്ഥാന കലോത്സവത്തിലും പ്രതീക്ഷിച്ചിരുന്നു. അതിനിടെയിലാണ് കോവിഡ് വകഭേദം ആശങ്കയാവുന്നത്. എന്നാല്‍ ഇതുവരെ പുതിയ ഉത്തരവുകളൊന്നും വരാത്ത സാഹചര്യത്തില്‍ കലോത്സവ നടത്തിപ്പുമായി മുന്നോട്ട് പോവാനാണ് സംഘാടക സമിതി തീരുമാനം.
ജനുവരി മൂന്ന് മുതല്‍ ഏഴുവരെ നടക്കുന്ന സ്‌കൂള്‍ കലോത്സവത്തിന്റെ നടത്തിപ്പിനായി കോഴിക്കോട് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിരിക്കുകയാണ്. മുഖ്യവേദിയായ വിക്രം മൈതാനത്ത് 60,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ കൂറ്റന്‍പന്തല്‍ ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ ഒരുങ്ങുന്നുണ്ട്.