ചെളിയില്‍ പുതഞ്ഞും ചെളി തെറിപ്പിച്ചും ഫുട്‌ബോള്‍ മാമാങ്കം; കീഴരിയൂരിന് ആവേശക്കാഴ്ചയായി നടുവത്തൂര്‍ സ്വാതി കലാകേന്ദ്രം സംഘടിപ്പിച്ച മഡ് ഫുട്‌ബോള്‍


കീഴരിയൂര്‍: ചളിയില്‍ വീണും ചളി തെറിപ്പിച്ചും ആവേശകരമായ ഫുട്‌ബോള്‍ മാമാങ്കമായിരുന്നു നടുവത്തൂരില്‍ നടന്നത്. സ്വാതി കലാ കേന്ദ്രം നടുവത്തൂര്‍ സംഘടിപ്പിച്ച 18 വയസ്സിനു താഴെയുള്ളവര്‍ക്കായുള്ള മഡ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് കാണികളിലും കൗതുകം നിറക്കുന്നതായിരുന്നു.

ചെളി കാരണം ഔട്ട് ബോള്‍ അടിക്കുന്നത് കയ്യില്‍ തൂക്കി അടിക്കുകയോ എറിയുകയോ ചെയ്യാമെന്നത് ഒഴിച്ചാല്‍ കളി നിയമങ്ങള്‍ എല്ലാം സാധാരണ ഫുട്‌ബോളിന്റേതുപോലെയാണ്. ഒരു കളി എന്നത് ഇരുപാദങ്ങള്‍ ആയി പത്ത് മിനിറ്റ് ആണ്.

കാര്‍ഷിക സംസ്‌കൃതിയിലേക്ക് കാല്‍പ്പന്തിന്റെ വേഗതയും ചടുലതയും ആവാഹിച്ച മത്സരത്തില്‍ ലോസ് ബാലന്‍സേസ് കുന്നോത്തു മുക്ക് ജേതാക്കളായി. പരിസ്ഥിതി പ്രവര്‍ത്തകനും നാടക രചയിതാവുമായ എടത്തില്‍ രവി കിക്ക് ഓഫ് നിര്‍വഹിച്ച മത്സരത്തില്‍ കീഴരിയൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.എം.സുനില്‍ കുമാര്‍ വിജയികള്‍ക്കുള്ള ട്രോഫി വിതരണം ചെയ്തു.

സ്വാതി കലാ കേന്ദ്രം പ്രസിഡണ്ട് വി.വി.സുകുമാരന്‍ അധ്യക്ഷന്‍ ആയ ചടങ്ങില്‍ സ്വാതി സെക്രട്ടറി ഷാജീവ് നാരായണന്‍ നന്ദി പ്രകടിപ്പിച്ചു.