ലക്ഷ്യമിട്ടതിന്റെ 49 ശതമാനം കൈവരിച്ചു, സംരംഭകർ നേരിടുന്ന പ്രശ്നങ്ങളും സംരംഭങ്ങളുടെ സാധ്യതയും ചർച്ച ചെയ്തു; കൊയിലാണ്ടി നിയോജക മണ്ഡലത്തിൽ ‘സംരംഭക വർഷം 2022-23’ പദ്ധതി അവലോകന യോഗം
കൊയിലാണ്ടി: നിയോജകമണ്ഡലത്തിൽ നടപ്പാക്കുന്ന പദ്ധതികളെ കുറിച്ച് ചർച്ച ചെയ്യാനായി കൊയിലാണ്ടിയിൽ ‘സംരംഭക വർഷം 2022-23’ പദ്ധതി അവലോകന യോഗം ചേർന്നു. എം.എൽ.എ കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ് അധ്യക്ഷനായി.
സംരംഭക വർഷത്തിൽ കൊയിലാണ്ടി നിയോജകമണ്ഡലത്തിന്റെ പുരോഗതി മേലടി ബ്ലോക്ക് പഞ്ചായത്ത് വ്യവസായ വികസന ഓഫീസർ വി.കെ.സുധിഷ് കുമാർ അവതരിപ്പിച്ചു. നിർവചിക്കപ്പെട്ട ലക്ഷ്യത്തിന്റെ 49 ശതമാനം കെെവരിക്കാൻ കൊയിലാണ്ടി നിയോജകമണ്ഡലത്തിന് സാധിച്ചു. മണ്ഡലത്തിലുൾപ്പെട്ട പഞ്ചായത്തുകളിലെ സംരംഭകർ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് പ്രസിഡന്റുമാർ സംസാരിച്ചു. നിയോജകമണ്ഡലത്തിലെ സംരംഭങ്ങളുടെ സാധ്യതയും അവർക്ക് വേണ്ടി വ്യവസായ വാണിജ്യവകുപ്പ് നടപ്പിലാക്കുന്ന വിവിധ പദ്ധതികളും യോഗം ചർച്ച ചെയ്തു.
കൊയിലാണ്ടി ടൗൺ ഹാളിൽ നടന്ന യോഗത്തിൽ കൊയിലാണ്ടി നഗരസഭ അധ്യക്ഷ കെ.പി.സുധ, തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജമീല സമദ്, ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സതി കിഴക്കയിൽ, ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷീബ മലയിൽ, പയ്യോളി നഗരസഭ ഉപാധ്യക്ഷ സി.പി.ഫാത്തിമ്മ, ജില്ല വ്യവസായ കേന്ദ്രം ജനറൽ മാനേജർ പി.ബിജു എബ്രഹാം എന്നിവർ സംസാരിച്ചു.
നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലെ സെക്രട്ടറിമാർ, താലുക്ക് വ്യവസായ ഓഫിസർ ടി.വി അജിത്കുമാർ, വ്യവസായ വികസന ഓഫിസർമരായ പി.ബിന്ദു, ടി.വി.ലത, നിയോജക മണ്ഡലം പരിധിയിലുള്ള വ്യവസായ വകുപ്പ് ഇന്റേൺമാർ എന്നിവർ പങ്കെടുത്തു.