കൊയിലാണ്ടി ഗുരുദേവ കോളേജിലെ സംഘര്‍ഷം; എസ്.എഫ്.ഐ പ്രവര്‍ത്തകരായ നാല് വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍


കൊയിലാണ്ടി: ഗുരുദേവ കോളേജില്‍ പ്രിന്‍സിപ്പാളും എസ്.എഫ്.ഐ പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് നാല് വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍. എസ്.എഫ്.ഐ പ്രവര്‍ത്തകരായ രണ്ടാംവര്‍ഷ ബി.ബി.എ വിദ്യാര്‍ഥി എം.കെ.തേജു സുനില്‍, മൂന്നാംവര്‍ഷ ബി.ബി.എ വിദ്യാര്‍ഥി ടി.കെ.തേജു ലക്ഷ്മി, രണ്ടാംവര്‍ഷ ബികോം വിദ്യാര്‍ഥി ആര്‍.പി.അമല്‍രാജ്, രണ്ടാംവര്‍ഷ സൈക്കോളജിയിലെ അഭിഷേക്.എസ്.സന്തോഷ് എന്നിവരെയാണ് സസ്‌പെന്റ് ചെയ്തിരിക്കുന്നത്.

ജൂലൈ ഒന്നിനായിരുന്നു നടപടിക്ക് ആധാരമായ സംഭവം. ബിരുദ പ്രവേശനവുമായി ബന്ധപ്പെട്ട് പ്രിന്‍സിപ്പാളിന്റെ ഓഫീസിന് സമീപം ഹെല്‍പ്പ് ഡെസ്‌ക്ക് ഇടുന്നതിനെ ചൊല്ലി എസ്.എഫ്.ഐ പ്രവര്‍ത്തകരും കോളേജ് പ്രിന്‍സിപ്പലും തമ്മിലുണ്ടായ വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. ഹെല്‍പ്പ് ഡെസ്‌ക്ക് സംബന്ധിച്ച് പ്രിന്‍സിപ്പലിനോട് കാര്യം തിരക്കാന്‍ ചെന്ന എസ്.എഫ്.ഐ ഏരിയ പ്രസിഡന്റിനെ മര്‍ദ്ദിച്ചെന്നാണ് എസ്.എഫ്.ഐ ആരോപിക്കുന്നത്. സംഭവത്തില്‍ കര്‍ണപടത്തിന് ഗുരുതരമായി പരിക്കേറ്റിരുന്നു.

അതേസമയം ഹെല്‍പ്പ് ഡെസ്‌ക് ഇടാന്‍ അനുവാദം ചോദിച്ച് ചില വിദ്യാര്‍ഥികള്‍ സമീപിച്ചെന്നും ഇതിന്റെ ആവശ്യമില്ലെന്ന് പറഞ്ഞ് അവരെ മടക്കി അയച്ചതിന് പിന്നാലെ പുറത്തുനിന്നുള്ളവരുള്‍പ്പെടെ ഒരു സംഘം എത്തി തന്നെ ആക്രമിച്ചെന്നാണ് പ്രിന്‍സിപ്പല്‍ ഡോ. സുനില്‍ ഭാസ്‌കരന്‍ പറഞ്ഞത്.

എസ്.എഫ്.ഐയുടെ പരാതിയില്‍ കോളേജ് പ്രിന്‍സിപ്പലിനെതിരെയും സ്റ്റാഫ് സെക്രട്ടറി രമേശന്‍ കെ.പി യ്ക്കെതിരെയും കേസെടുത്തിട്ടുണ്ട്. പ്രിന്‍സിപ്പിലിന്റെ പരാതിയില്‍ കണ്ടാലറിയാവുന്ന 20 എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.