കോഴിക്കോട് ഗുരുവായുരപ്പന്‍ കോളേജ് ക്യാമ്പസില്‍ നിന്ന് ചന്ദനമരം മുറിച്ചു കടത്തിയെന്ന് പരാതി, പ്രതിഷേധിച്ച് വിദ്യാര്‍ത്ഥി സംഘടനകള്‍; സ്വമേധയാ കേസെടുത്ത് വനം വകുപ്പ്


കോഴിക്കോട്: സാമൂതിരി ഗുരുവായൂരപ്പന്‍ കോളേജ് ക്യാമ്പസില്‍ നിന്ന് ചന്ദനമരം വ്യാപകമായി മുറിച്ച് കടത്തിയതായി പരാതി. പി.ജി ബ്ലോക്കിന്റെ സമീപത്തെ രണ്ട് ചന്ദന മരങ്ങളാണ് ഓഗസ്റ്റ് 30 ന് മുറിച്ച് മാറ്റിയ നിലയില്‍ കണ്ടെത്തിയത്.

ചന്ദനമരങ്ങള്‍ മുറിച്ച നിലയില്‍ കണ്ടെത്തിയതോടെ കോളേജ് മാനേജ്‌മെന്റ് കസബ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. സംഭവത്തില്‍ വനംവകുപ്പ് സ്വമേധയാ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ചന്ദനമരം മുറിച്ചുകടത്തിയ ദിവസം പി.ജി ബ്ലോക്കിന് സമീപത്തെ സി.സി.ടി.വി ക്യാമറകള്‍ പ്രവര്‍ത്തിച്ചിരുന്നില്ലെന്നും ആരോപണമുണ്ട്. ഇക്കാര്യം കോളേജ് പ്രിന്‍സിപ്പല്‍ രജനി ബാലചന്ദ്രന്‍ സ്ഥിരീകരിച്ചു. എന്നാല്‍ മനപ്പൂര്‍വം സി.സി.ടി.വികള്‍ ഓഫാക്കിയെന്ന ആരോപണം പ്രിന്‍സിപ്പല്‍ തള്ളി.

കോളേജ് ക്യാമ്പസിലെ ചന്ദന മരങ്ങള്‍ മുറിച്ചു കടത്തിയെന്ന ആരോപണത്തില്‍ പ്രതിഷേധവുമായി വിദ്യാര്‍ത്ഥി സംഘടനകള്‍ രംഗത്തെത്തി. കഴിഞ്ഞ വര്‍ഷവും കോളേജ് കോമ്പൗണ്ടില്‍ നിന്ന് ചന്ദനമരങ്ങള്‍ മുറിച്ച് കടത്തിയതായി കെ.എസ്.യു ആരോപിച്ചു. കുറ്റക്കാരെ ഉടന്‍ കണ്ടെത്തണമെന്ന് കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ് റാഷിദ് പറഞ്ഞു. ക്യാമ്പസിലെ ചന്ദനമരങ്ങള്‍ ഉള്‍പ്പെടെ ഒരു മരങ്ങളും നഷ്ടപ്പെടാതിരിക്കാനുള്ള സംവിധാനം കോളേജ് അധികൃതര്‍ ഒരുക്കണമെന്നും കെ.എസ്.യു ആവശ്യപ്പെട്ടു.

ചന്ദനമരങ്ങള്‍ മുറിച്ച് കടത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച എസ്.എഫ്.ഐ കോളേജ് പ്രിന്‍സിപ്പാളിന്റെ ഓഫീസ് ഉപരോധിച്ചു.

summary: Complaints that sandalwood trees were cut from Kozhikode Guruvayurapan College campus