വിയ്യൂര്‍ സ്വദേശിയായ കരാറുകാരന്‍ കൗണ്‍സിലറെ ഭീഷണിപ്പെടുത്തിയെന്ന പരാതി; യൂത്ത് കോണ്‍ഗ്രസുകാരന്‍ കൊലവിളി നടത്തിയെന്ന് കരാറുകാരന്‍, തനിക്കെതിരെ വധഭീഷണി മുഴക്കിയെന്ന് പരാതിക്കാരിയും


കൊയിലാണ്ടി: നഗരസഭ 31-ാം വാര്‍ഡ് മെമ്പര്‍ ദൃശ്യയെ കരാറുകാരന്‍ ഭീഷണപ്പെടുത്തിയെന്ന പരാതിയില്‍ പരസ്പരം ആരോപണങ്ങളുമായി ഇരുവിഭാഗങ്ങളും. സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസുകാരന്‍ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായി കരാറുകാരനും കരാറുകാരന്‍ വധഭീഷണി മുഴക്കിയതായി കൗണ്‍സിലര്‍ ദൃശ്യയും കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.

കൊയിലാണ്ടി നഗരസഭയില്‍ കുറെ വര്‍ഷങ്ങളായിട്ട് കുടിവെള്ള വിതരണത്തിന്റെ കരാര്‍ എടുക്കുന്നത് അഭിലാഷ് ആണെന്നും കഴിഞ്ഞ വര്‍ഷം വാര്‍ഡുകളില്‍ വെള്ളം വിതരണം ചെയ്തതില്‍ ക്രമക്കേട് ഉണ്ടായിരുന്നെന്നും ദൃശ്യ പറഞ്ഞു. ഇത് തങ്ങള്‍ കൗണ്‍സില്‍ മീറ്റിംഗില്‍ അവതരിപ്പിച്ചിരുന്നു. താനാണ് രണ്ട് പ്രാവശ്യമായിട്ട് വിഷയം അവതരിപ്പിച്ചിരുന്നത്. അതിന് ശേഷം പ്രതിഷേധം സംഘടിപ്പിക്കുകയും പത്രങ്ങളില്‍ വാര്‍ത്ത വരികയും ചെയ്തിരുന്നു. ഇതിന്റെ പേരിലാണ് ഇവര്‍ ഭീഷണിപ്പെടുത്തിയത്.

ഏഴാം വാര്‍ഡ് കൗണ്‍സിലറെയാണ് ആദ്യം വിളിച്ചത്. അഭിലാഷിന്റെ പേര് പേപ്പറില്‍ വന്നെന്നും അപമാനിച്ചെന്നും പറഞ്ഞു. കൗണ്‍സിലര്‍ എന്നെ വിളിച്ച് സംഭവം വിശദീകരിച്ചതിനെത്തുടര്‍ന്ന് അഭിലാഷിനെ ഞാന്‍ അങ്ങോട്ട് വിളിക്കുകയായിരുന്നു. എന്നാല്‍ ഫോണ്‍ എടുത്തിരുന്നില്ല. ശേഷം ഇങ്ങോട്ട് വിളിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു.

കൊയിലാണ്ടി നഗരസഭ സെക്രട്ടറിക്കും ചെയര്‍പേഴ്‌സണും പരാതി നല്‍കിയിരുന്നെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ല. സ്റ്റേഷനിലും പരാതി നല്‍കിയിരുന്നു. എന്നാല്‍ സ്റ്റേഷനില്‍ പോയിട്ട് സംസാരിച്ചു തുടങ്ങുമ്പോള്‍ തന്നെ ‘ഇതൊരു തെറ്റിദ്ധാരണയുടെ പുറത്താണ്, നിങ്ങള്‍ തമ്മില്‍ സംസാരിച്ച് തീര്‍ത്താല്‍ മതി എന്ന് പറഞ്ഞുകൊണ്ട് എസ്.ഐ. വിശ്വനാഥന്‍ എഴുന്നേറ്റ് പോവുകയാണുണ്ടായതെന്നും അവര്‍ പറഞ്ഞു. പരാതി പിന്‍വലിച്ചിട്ടില്ല. എസ്.ഐക്ക് ഒരു താല്‍പര്യവുമില്ലാതെയാണ് പെരുമാറിയത്. പോലീസ് സ്റ്റേഷനില്‍ നിന്നും നടപടിയുണ്ടായുണ്ടായില്ലെങ്കില്‍ എസ്പിക്ക് പരാതി നല്‍കാനാണ് ഉദ്ദേശിക്കുന്നതെന്നും അവര്‍ അറിയിച്ചു.

തന്റെ വാര്‍ഡില്‍ നിന്നും ഞാന്‍ പറഞ്ഞിട്ട് ഒരാള്‍ വിളിച്ചെന്നും അഭിലാഷിനെ ട്രാപ്പില്‍പ്പെടുത്താനാണ് അത് ചെയ്തതെന്നുമാണ് അവരുടെ ആരോപണം. അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല. വാര്‍ഡില്‍ നിന്നും ആരെങ്കിലും വിളിച്ചോയെന്ന് അറിയില്ല. വാര്‍ഡില്‍ കുടിവെള്ള പ്രശ്മുണ്ടെന്നും കൗണ്‍സിലര്‍ പറഞ്ഞു.

എന്നാല്‍ കുടിവെള്ള ടെണ്ടര്‍ ആകുന്നതിന്റെ തലേദിവസം, കൗണ്‍സിലര്‍ ദൃശ്യ അവിടുത്തെ ആളെകൊണ്ട് തന്നെ വിളിപ്പിക്കുകയും നാളെ വെള്ളം അടിക്കുമോയെന്ന് ചോദിക്കുകയുമായിരുന്നെന്ന് അഭിലാഷ് പറഞ്ഞു. നിലവില്‍ കുടിവെള്ളത്തിന്റെ ടെണ്ടര്‍ ആയിട്ടില്ലെന്ന് ഞാന്‍ അറിയിക്കുകയും ചെയ്തു. കൗണ്‍സിലറെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കൗണ്‍സിലറുടെ പരാതി എസ്.ഐയുടെയും പ്രതിപക്ഷ നേതാവ് രത്‌നവല്ലി ടീച്ചറുടെയും സാന്നിധ്യത്തില്‍ സംസാരിച്ച് ഒത്തുതീര്‍പ്പാക്കിയിരുന്നു. അന്ന് വൈകിട്ട് യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷിബിന്‍ തന്നെ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും അഭിലാഷ് പറഞ്ഞു. കൊയിലാണ്ടിയില്‍ വന്നാല്‍ കുത്തികൊന്നുകളയുമെന്നായിരുന്നു ഭീഷണി. സംഭവത്തില്‍ എസ്.ഐ, സി.ഐ, എസ്.പി എന്നിവര്‍ക്ക് പരാതി നല്‍കാനാണ് തീരുമാനമെന്നും അദ്ദേഹം അറിയിച്ചു. നേരത്തെയും ഇവര്‍ തനിക്കെതിരെ വ്യാജ വാര്‍ത്ത നല്‍കിയിട്ടുണ്ടെന്നും അഭിലാഷ് അറിയിച്ചു. കോണ്‍ഗ്രസിന്റെ കൃത്യമായ ഗൂഡാലോചനയാണ് ആരോപണത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

പരാതിയില്‍ ഇരുകക്ഷികളെയും വിളിച്ച് വരുത്തി ഒത്തുതീര്‍പ്പാക്കിയതാണെന്നും സൗഹൃദാന്തരീക്ഷത്തിലാണ് ഇരു കൂട്ടരും സ്റ്റേഷനില്‍ നിന്നും പോയതെന്നും എസ്.ഐ. വിശ്വനാഥന്‍ അറിയിച്ചു.