ഓപ്പണ്‍ വോട്ടുകള്‍ അനുവദിക്കരുതെന്ന് കലക്ടറുടെ സന്ദേശം; കൊയിലാണ്ടിയിലടക്കം ആശങ്ക, പ്രതിഷേധമുയര്‍ത്തി വോട്ടര്‍മാര്‍, ഒടുവില്‍ ഉത്തരവ് മാറ്റി കലക്ടര്‍
കൊയിലാണ്ടി: ഓപ്പണ്‍ വോട്ടുകള്‍ അനുവദിക്കരുതെന്ന് പ്രിസൈഡിങ് ഉദ്യോഗസ്ഥര്‍ക്ക് കലക്ടറുടെ സന്ദേശം. ഇതേത്തുടര്‍ന്ന് കൊയിലാണ്ടിയിലടക്കം നിരവധി ബൂത്തുകളില്‍ ശാരീരിക പരിമിതികളുള്ളവരും പ്രായമായവുമായ വോട്ടര്‍മാര്‍ പൊരിവെയിലത്ത് അനിശ്ചിതമായി കാത്തുനില്‍ക്കേണ്ട സ്ഥിതിവന്നു.
വോട്ടിങ് ആരംഭിച്ച് നാലുമണിക്കൂറിനുശേഷമാണ് കലക്ടറില്‍ നിന്നും ഉദ്യോഗസ്ഥര്‍ക്ക് ഇത്തരമൊരു സന്ദേശം ലഭിച്ചത്. എന്നാല്‍ ഔദ്യോഗികമായി ഇത്തരമൊരു തീരുമാനം കൈക്കൊണ്ടിട്ടില്ലെന്നാണ് കിട്ടിയ വിവരം. മേസേജ് അബദ്ധത്തില്‍ വന്നതാണെന്നാണ് സംശയിക്കുന്നത്.
ഇതോടെ പല ബൂത്തുകളിലും കാഴ്ച പരിമിതിയുള്ളവരും മറ്റു ശാരീരിക ബുദ്ധിമുട്ടുള്ളവരും പ്രതിഷേധമറിയിച്ച് രംഗത്തുവന്നു.പരിമിതികളുടെ വോട്ടു ചെയ്യാനുളള അവകാശം നിഷേധിക്കുന്നതിന് തുല്യമാണിതെന്ന് പറഞ്ഞ് കൊയിലാണ്ടിയിലടക്കം വോട്ടര്‍മാര്‍ രംഗത്തുവന്നു. ഇതോടെ കലക്ടറെ വിവരം അറിയിക്കുകയും ഇതേത്തുടര്‍ന്ന് ഉത്തരവ് മാറ്റുകയുമായിരുന്നു.
ഇത്തവണ 85 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വീടുകളില്‍ വോട്ടു ചെയ്യാന്‍ സൗകര്യമൊരുക്കിയിരുന്നു. എന്നാല്‍ പ്രായമായവരും കാഴ്ച പരിമിതിയും മറ്റുമുള്ളവരുമായി ഓപ്പണ്‍ വോട്ട് സൗകര്യം ആവശ്യമുള്ള നിരവധി പേരാണ് ഓരോ ബൂത്തുകളിലും എത്തിയത്.