പിരിക്കുന്നത് 2000 രൂപ, വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റിന്റെ പേരില്‍ വ്യാജ പണപ്പിരിവ് നടത്തുന്നതായി പരാതി; വിശദീകരണവുമായി മുന്‍ സെക്രട്ടറി


കൊയിലാണ്ടി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റിന്റെ പേര് ഉപയോഗിച്ച് വ്യാജ പണപിരിവ് നടത്തുന്നതായി പരാതി. സംഘടനയില്‍ നിന്നും രാജിവച്ച ജലീല്‍ മൂസ, സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് യൂണിറ്റില്‍ നിന്നും പുറത്താക്കിയ ഷൗക്കത്തലി, ഷീബ ശിവാനന്ദന്‍ എന്നിവര്‍ക്കെതിരെയാണ് ആരോപണം.

ആശ്വാസ് പദ്ധതിയുടെ പേരില്‍ കൊയിലാണ്ടി യൂണിറ്റിന്റെ അറിവോ സമ്മതമോ ഇല്ലാതെ അനധികൃതമായി പണപിരിവ് നടത്തുന്നെന്നാണ് പരാതിയില്‍ പറയുന്നത്. വ്യാപാരികളെ തെറ്റിദ്ധരിപ്പിച്ചാണ് പണപ്പിരിവ് നടത്തുന്നതെന്നും 2000 രൂപയാണ് ഇത്തരത്തില്‍ വ്യാപാരികളില്‍ നിന്നും പിരിക്കുന്നതെന്നും യൂണിറ്റ് ജോയിന്റ് സെക്രട്ടറി റിയാസ് കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

എന്നാല്‍ വ്യാപാരികള്‍ക്ക് ഏറെ ആശ്വാസമായ ആശ്വാസ് പദ്ധതിയില്‍ വ്യാപാരികളെ ചേര്‍ക്കുകയാണ് ചെയ്തതെന്നും പണപ്പിരിവ് നടത്തിയിട്ടില്ലെന്നും വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ മുന്‍ സെക്രട്ടറി ജലീല്‍ മൂസ കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. കൊയിലാണ്ടി നിയോജക മണ്ഡലം സെക്രട്ടറി കൂടിയാണ് താനെന്നും അദ്ദേഹം അറിയിച്ചു. കോഴിക്കേട് ജില്ലാ കമ്മിറ്റി വ്യാപാരികള്‍ക്കായി ആശ്വാസ് പദ്ധതി നടപ്പാക്കിയിരുന്നു. 2000 രൂപ നല്‍കി പദ്ധതിയില്‍ അംഗമാവാം. ഇത്തരത്തില്‍ അംഗമാകുന്ന വ്യാപാരി മരണപ്പെടുകയാണെങ്കില്‍ കുടുംബത്തിന് 10 ലക്ഷം രൂപയും വ്യാപാരിക്ക് ചികിത്സാ ചിലവും ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട് ജില്ലയിലെ 99 ശതമാനം യൂണിറ്റുകളും പദ്ധതി അംഗീകരിക്കുകയും അപേക്ഷ നല്‍കുകയും ചെയ്തിരുന്നു. മൂന്ന് മാസം മുമ്പാണ് പദ്ധതി തുടങ്ങിയത്. അഞ്ച് ദിവസം മാത്രമാണ് പദ്ധതി അവസാനിക്കാനുള്ളത്. ഈ പദ്ധതി കൊയിലാണ്ടി യൂണിറ്റ് ഏറ്റെടുത്തിരുന്നില്ല. ഇതില്‍ പ്രതിഷേധിച്ചാണ് യൂണിറ്റ് സെക്രട്ടറി സ്ഥാനം താന്‍ രാജി വച്ചിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ജില്ലാ കമ്മിറ്റിയുടെയും നിയോജക മണ്ഡലം കമ്മിറ്റിയുടെ നിര്‍ദേശം അനുസരിച്ചാണ് ഇന്നലെയും ഇന്നും പദ്ധതിയിലേക്ക് വ്യാപാരികളെ ചേര്‍ത്തത്. അല്ലാതെ യാതൊരു പണപ്പിരിവും നടത്തിയിട്ടില്ലെന്നും ആദ്യ ഗഡുവായ 1000 രൂപയാണ് വ്യാപാരികളില്‍ നിന്നും പിരിച്ചതെന്നും ഇതിന് ജില്ലാ കമ്മിറ്റിയുടെ രസീത് നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.