എലത്തൂരിൽ ‘ട്രെയ്നിൽ തീയിട്ട സംഭവം അതീവ ദുഃഖകരവും ഞെട്ടിക്കുന്നതും’; സമ​ഗ്ര അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി


തിരുവനന്തപുരം: എലത്തൂരിൽ ട്രെയിനില്‍ ഉണ്ടായ അക്രമ സംഭവം അതീവ ദുഃഖകരവും ഞെട്ടിക്കുന്നതുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പിഞ്ചു കുഞ്ഞടക്കം മൂന്ന് പേരുടെ ജീവനാണ് ആലപ്പുഴ കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ്സില്‍ ഉണ്ടായ ആക്രമണത്തില്‍ പൊലിഞ്ഞത്. കമ്പാര്‍ട്‌മെന്റില്‍ ഉണ്ടായ യാത്രക്കാര്‍ക്കും പൊള്ളലേറ്റിറ്റുണ്ട്. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്താനും കുറ്റകൃത്യത്തിന്റെ മുഴുവന്‍ വിവരങ്ങളും നിയമത്തിനു മുന്നില്‍ കൊണ്ടുവരാനും പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപികരിക്കും. അക്രമിയെ പിടികൂടാനുള്ള ശ്രമങ്ങള്‍ പോലീസ് ഊര്‍ജ്ജിതമായി നടത്തുകയാണ്. സംസ്ഥാന പോലീസ് മേധാവി തന്നെ ഇതിന് മേല്‍നോട്ടം വഹിക്കുന്നുണ്ട്. റെയില്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ശക്തമായ നടപടികള്‍ എടുക്കും. യാത്രാസുരക്ഷയുടെ കാര്യത്തില്‍ സാധ്യമായ എല്ലാ നടപടികളും അടിയന്തര സ്വഭാവത്തോടെ സ്വീകരിക്കണമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രാലയത്തോട് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും പരിക്കേറ്റവര്‍ക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

ALSO READ- ‘ജീവിത്തില്‍ നേടേണ്ട ലക്ഷ്യങ്ങള്‍, പണം കുറച്ചു ചെലവാക്കണം, വിവിധ സ്ഥലപ്പേരുകൾ’; ദുരൂഹതയുണർത്തി എലത്തൂരിൽ ട്രെയിൻ യാത്രക്കാർക്ക് നേരെ ആക്രമണം നടത്തിയ പ്രതിയുടെ കുറിപ്പുകൾ