ഊന്നുവടിയില്ലാതെ നടക്കാന്‍ പോലുമാകാത്തയാളാണ് ആരോപണവിധേയനെന്ന് പ്രതിഭാഗം, ഇതേ ആള്‍ക്കെതിരെ വീണ്ടും പീഡന പരാതി വന്നിട്ടുണ്ടെന്ന് പ്രോസിക്യൂഷന്‍; സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി; വിധി ഓഗസ്റ്റ് രണ്ടിന്
കൊയിലാണ്ടി: കൊയിലാണ്ടി പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ എഴുത്തുകാരന്‍ സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി. കോഴിക്കോട് ജില്ലാ കോടതിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം കേട്ടത്. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഓഗസ്റ്റ് രണ്ടിന് കോടതി വിധി പറയും.
നേരത്തേ സിവിക് ചന്ദ്രന്റെ അറസ്റ്റ് കോടതി ഇന്ന് വരെ തടഞ്ഞിരുന്നു. എസ്.സി-എസ്.ടി നിയമപ്രകാരമുള്ള കുറ്റം നിലനില്‍ക്കുമെന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചത്. പ്രതിക്കെതിരെ വീണ്ടും പീഡന പരാതി വന്നിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.
അതേസമയം ഊന്നുവടിയില്ലാതെ നടക്കാന്‍ പോലുമാകാത്തയാളാണ് ആരോപണവിധേയനെന്ന് പ്രതിഭാഗം വാദിച്ചു. പരാതിക്കാരി അംഗമായ സംഘം ആഭ്യന്തര സെല്ലിനെക്കൊണ്ട് ഇത് അന്വേഷിപ്പിച്ചതാണെന്നും പ്രതിഭാഗം വാദിച്ചു. രേഖകള്‍ പ്രതിഭാഗം ഹാജരാക്കിയെങ്കിലും ഇത് ഇപ്പോള്‍ പരിഗണിക്കുന്നത് ശരിയല്ലെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. വാട്സാപ്പ് സന്ദേശങ്ങളും ഫോട്ടോകളും പ്രതിഭാഗം ഹാജരാക്കിയിട്ടുണ്ട്.
അതേസമയം കേസെടുത്ത് ഒരാഴ്ച കഴിഞ്ഞിട്ടും ഒളിവിലുള്ള സിവിക് ചന്ദ്രനെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. വെസ്റ്റ്ഹില്ലിലെ വീട്ടില്‍ പലതവണ അന്വേഷണ സംഘം എത്തിയെങ്കിലും സിവിക് ചന്ദ്രന്‍ അവിടെ ഇല്ലായിരുന്നു. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ചില രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അയല്‍ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്.
സിവിക് ചന്ദ്രനെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ ഉത്തരമേഖലാ ഐ.ജി ഓഫീസിന് മുന്നില്‍ പ്രക്ഷോഭം ആരംഭിക്കുമെന്ന് ദളിത് സംഘടനകള്‍ അറിയിച്ചിട്ടുണ്ട്. കുടില്‍ കെട്ടി സമരം തുടങ്ങാനാണ് സംഘടനകളുടെ തീരുമാനം. നടപടി വൈകുന്നതില്‍ ഇടപെടല്‍ വേണമെന്നാവശ്യപ്പെട്ട് നൂറ് സാംസ്‌കാരിക പ്രവര്‍ത്തകര്‍ ഒപ്പുവച്ച നിവേദനം മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്.
ഏപ്രില്‍ 17-നാണ് പുസ്തക പ്രകാശനത്തിനായി കോഴിക്കോട് എത്തിയ എഴുത്തുകാരിക്കെതിരെ അതിക്രമം ഉണ്ടായത്. കൊയിലാണ്ടി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ വടകര ഡിവൈ.എസ്.പി.ക്കാണ് അന്വേഷണ ചുമതല.
ഇതിനിടെ മറ്റൊരു എഴുത്തുകാരി കൂടി ഇന്ന് സിവിക് ചന്ദ്രനെതിരേ പീഡന ആരോപണമയുര്‍ത്തി രംഗത്ത് വന്നു. ഇതിലും കൊയിലാണ്ടി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തട്ടുണ്ട്. 2020 ഫെബ്രുവരി 18 ന് വൈകീട്ട് നന്തി കടപ്പുറത്ത് ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് പുതിയ പരാതിയില്‍ പറയുന്നത്. വെള്ളിയാഴ്ച വൈകീട്ട് നല്‍കിയ പരാതിയില്‍ കൊയിലാണ്ടി പോലീസ് മൊഴി എടുത്ത ശേഷം രാത്രി 10.25 ഓടെയാണ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തത്.