കൊയിലാണ്ടി പീഡന കേസ്; സിവിക് ചന്ദ്രന്‍ സംസ്ഥാനം വിട്ടതായി പൊലീസ്, മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം തുടങ്ങിയതായും വിവരം; നടപടിയില്ലെങ്കില്‍ പ്രക്ഷോഭമെന്ന് ദളിത് സംഘടനകള്‍


കൊയിലാണ്ടി: ലൈംഗിക പീഡന കേസില്‍ പ്രതിയായ സിവിക് ചന്ദ്രന്‍ സംസ്ഥാനം വിട്ടതായി പൊലീസ്. സംസ്ഥാനം വിട്ട ഇയാള്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം തുടങ്ങിയതായും വിവരമുണ്ട്. ഒരാഴ്ചയ്ക്കകം നടപടിയില്ലെങ്കില്‍ ഉത്തരമേഖലാ ഐ.ജി ഓഫീസിന് മുന്നില്‍ പ്രക്ഷോഭം തുടങ്ങാനാണ് ദളിത് സംഘടനകളുടെ തീരുമാനം.

യുവ എഴുത്തുകാരിയും അധ്യാപികയുമായ അതിജീവിതയുടെ ലൈംഗികാതിക്രമ പരാതിയില്‍ കഴിഞ്ഞയാഴ്ചയാണ് കൊയിലാണ്ടി പൊലീസ് സിവിക് ചന്ദ്രനെതിരെ കേസ് എടുത്തത്. സ്ത്രീകള്‍ക്കെതിരായ അതിക്രമം, എസ്.സി-എസ്.ടി പീഡന നിരോധന നിയമം എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ ഏപ്രിലിലായിരുന്നു കേസിന് ആസ്പദമായ സംഭവം.

കഴിഞ്ഞ ഏപ്രിലില്‍ യുവതിയുടെ പുസ്തക പ്രസാധനം കൊയിലാണ്ടിയില്‍ നടന്നിരുന്നു. അതിനിടെ ഒരു വീട്ടില്‍ ഒത്തുകൂടി. അടുത്ത ദിവസം രാവിലെ ഉറങ്ങുകയായിരുന്ന യുവതിയെ ബലമായി ചുംബിച്ചു എന്നാണ് പരാതി. യുവതിയുടെ പുസ്തക പ്രകാശനത്തിനും പബ്ലിഷറെ കണ്ടെത്തുന്നതിനും യുവതി നേരത്തെ സിവിക് ചന്ദ്രനെ സമീപിച്ചിരുന്നു. അതിന് ശേഷം യുവതിയുടെ ഫോണിലെക്ക് വിളിച്ചും മെസേജുകള്‍ അയച്ചും യുവതിയെ നിരന്തരം ശല്യം ചെയ്തതായും പരാതിയില്‍ പറയുന്നു.

സിവിക് ചന്ദ്രനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഐക്യദാര്‍ഢ്യ കൂട്ടായ്മയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. നൂറ് പേര്‍ ഒപ്പിട്ട നിവേദനമാണ് നല്‍കിയത്.

ആഴ്ചകള്‍ പിന്നിടുമ്പോഴും തുടര്‍ നടപടികള്‍ വൈകുന്നതിനാലാണ് നിവേദനം നല്‍കിയത്. വടകര എം.എല്‍.എ കെ.കെ.രമ, എഴുത്തുകാരായ കെ.കെ.കൊച്ച്, സി.എസ്.ചന്ദ്രിക, സണ്ണി എം. കപിക്കാട്, ടി.ഡി.രാമകൃഷ്ണന്‍, അശോകന്‍ ചരുവില്‍, പി.കെ.പോക്കര്‍, സംവിധായകന്‍ ജിയോ ബേബി, സാമൂഹിക പ്രവര്‍ത്തകരായ കെ.അജിത, രേഖ രാജ്, അഡ്വ. ഹരീഷ് വാസുദേവന്‍, ബിന്ദു അമ്മിണി, അഡ്വ. ആശ ഉണ്ണിത്താന്‍, തുടങ്ങിയവരാണ് സംയുക്ത പ്രസ്താവനയില്‍ ഒപ്പുവച്ചിട്ടുള്ളത്.