യുവ എഴുത്തുകാരിയെ കൊയിലാണ്ടിയിൽ നടന്ന ക്യാമ്പിൽ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്; രണ്ടാമത്തെ കേസിലും എഴുത്തുകാരൻ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം
കൊയിലാണ്ടി: ലൈംഗിക പീഡനക്കേസില്‍ എഴുത്തുകാരന്‍ സിവിക് ചന്ദ്രന് രണ്ടാമത്തെ കേസിലും മുന്‍കൂര്‍ ജാമ്യം. സിവിക് ചന്ദ്രനെതിരെ കൊയിലാണ്ടി പോലിസ് രജിസ്റ്റർ ചെയ്ത രണ്ടാമത്തെ ലൈംഗികാതിക്രമ കേസിലാണ് കോടതി മുന്‍കൂര്‍ജാമ്യം അനുവദിച്ചത്. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
കോഴിക്കോട് സ്വദേശിയായ യുവ എഴുത്തുകാരിയെ 2020ൽ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന പരാതിയിലാണ് കൊയിലാണ്ടി പൊലീസ് സിവിക് ചന്ദ്രനെതിരെ ലൈംഗികാതിക്രമ കേസ് രജിസ്റ്റർ ചെയ്തത്. കൊയിലാണ്ടി നന്തി കടൽ തീരത്ത് നടന്ന കവിതാ ക്യാമ്പിലെത്തിയപ്പോൾ ഇയാൾ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നെവെന്നാണ് പരാതി നൽകിയത്.
സമാനമായ മറ്റൊരു കേസിൽ സിവിക് ചന്ദ്രനെതിരേ കൊയിലാണ്ടി പോലീസ് കേസെടുത്തിരുന്നു. അതിലും സിവിക് ചന്ദ്രന് കോടതി ജാമ്യം നൽകിയിരുന്നു. യുവ എഴുത്തുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു പരാതി. സ്ത്രീകള്‍ക്കെതിരായ അതിക്രമം, എസ്.സി-എസ്.ടി. പീഡന നിരോധന നിയമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ ഏപ്രിലിലായിരുന്നു കേസിനാസ്പദമായ സംഭവം.
ഏപ്രിലില്‍ യുവതിയുടെ പുസ്തക പ്രസാധനം കൊയിലാണ്ടിയില്‍ നടന്നിരുന്നു. അതിനിടെ ഒരു വീട്ടില്‍ ഒത്തുകൂടി. അടുത്ത ദിവസം രാവിലെ ഉറങ്ങുകയായിരുന്ന യുവതിയെ ബലമായി ചുംബിച്ചു എന്നാണ് പരാതി. യുവതിയുടെ പുസ്തക പ്രകാശനത്തിനും പബ്ലിഷറെ കണ്ടെത്തുന്നതിനും യുവതി നേരത്തെ സിവിക് ചന്ദ്രനെ സമീപിച്ചിരുന്നു. അതിന് ശേഷം യുവതിയുടെ ഫോണിലെക്ക് വിളിച്ചും മെസേജുകൾ അയച്ചും യുവതിയെ നിരന്തരം ശല്യം ചെയ്തതായും പരാതിയിൽ ഉണ്ട്.