കോളാമ്പി മൈക്കില്‍ സിനിമാ ഗാനങ്ങളുടെ പശ്ചാത്തലത്തില്‍ അഭ്യാസങ്ങളും കണ്ണഞ്ചിപ്പിക്കുന്ന പ്രകടനങ്ങളുമായി അരിക്കുളം തറമല്‍ മുക്ക് ഗ്രൗണ്ടില്‍ അവരെത്തി; തെരുവുസര്‍ക്കസിന്റെ ഓര്‍മ്മപുതുക്കി പ്രദേശവാസികളും- വീഡിയോ കാണാം
സൈക്കിളും മുളവടിയും ടെന്റും ഭാണ്ഡങ്ങളുമൊക്കെയായി വര്‍ഷങ്ങള്‍ക്കിപ്പുറം ഒരു സര്‍ക്കസ് സംഘം എത്തിയതിന്റെ ആവേശത്തിലാണ് അരിക്കുളം തറമല്‍ മുക്ക് ഗ്രൗണ്ട്. മുമ്പ് തെരുവ് സര്‍ക്കസിന്റെ സ്ഥിരം വേദിയായിരുന്നു തറമല്‍ മുക്ക് ഗ്രൗണ്ട്. ഇപ്പോള്‍ കുറച്ചധികം വര്‍ഷങ്ങളായി ഗ്രൗണ്ടില്‍ സര്‍ക്കസ് ഓളങ്ങള്‍ അലയടിച്ചിട്ട്.
കര്‍ണാടക സ്വദേശികളായ നാലംഗ സംഘമാണ് ഇത്തവണ തറമല്‍മുക്ക് ഗ്രൗണ്ടിലെത്തിയത്. നവംബര്‍, ഡിസംബര്‍ മാസങ്ങളിലാണ് സാധാരണ തെരുവ് സര്‍ക്കസ് സംഘങ്ങള്‍ എത്താറുള്ളത്. ഇത്തവണ നേരത്തെയെത്തിയെങ്കിലും ആവേശത്തിനൊട്ടും കുറവുണ്ടായില്ല.
സന്ധ്യയോടെ ആരംഭിക്കും സര്‍ക്കസ് കൂടാരത്തിലെ ബഹളം. സിനിമാ ഗാനങ്ങള്‍ ഉച്ചത്തില്‍ വെക്കുന്നത് നാട്ടുകാര്‍ക്കുള്ള അറിയിപ്പ് പോലെയാണ്. വേഗമിങ്ങെത്തിക്കോളൂ, നമുക്ക് തുടങ്ങണ്ടേയെന്ന തരത്തില്‍. ഇത്തവണത്തെ സംഘം മൂന്നുദിവസത്തെ കളികള്‍ക്കുവേണ്ടിയാണ് തറമല്‍ മുക്ക് ഗ്രൗണ്ടില്‍ തമ്പടിച്ചത്. ആദ്യദിവസത്തെ കളികള്‍ സൗജന്യമായിരുന്നു. രണ്ടാംദിവസം മുതല്‍ ആളുകളില്‍ നിന്നും അവര്‍ മനസറിഞ്ഞ് നല്‍കുന്ന സംഭാവനകള്‍ പിരിക്കും. അവസാനത്തെ നാള്‍ വാശിയേറിയ ഒരു ലേലം വിളിയുണ്ടാവും. സര്‍ക്കസ് സംഘത്തിന്റെ പൂവന്‍കോഴിക്കുവേണ്ടി. എത്രത്തോളം വാശി കൂടുന്നോ കോഴിവില അത്രയും ഉയരും. എട്ടായിരം രൂപവരെയൊക്കെ കോഴിക്ക് വില ലഭിച്ച ഇടങ്ങളുണ്ടെന്നാണ് ഇവര്‍ പറയുന്നത്.
സൈക്കിള്‍ അഭ്യാസമാണ് പ്രധാന ഐറ്റം. ട്യൂബ് പൊട്ടിക്കല്‍ നൃത്തം എന്നിവയുമുണ്ട് പരിപാടിയ്ക്ക് മാറ്റേകാന്‍. കര്‍ണാടകയില്‍ നിന്നും വലിയ സംഘമായെത്തിയ ഇവര്‍ നാലുപേരടങ്ങുന്ന ടീമായി പലഭാഗങ്ങളില്‍ പരിപാടി അവതരിപ്പിക്കുകയാണ് ചെയ്യുന്നത്. നാലുപേരില്‍ മൂന്നുപേര്‍ അഭ്യാസപ്രകടനങ്ങളില്‍ സജീവമായും ഒരാള്‍ പണപ്പിരിവും അനൗണ്‍സ്‌മെന്റുമടക്കമുള്ള കാര്യങ്ങളില്‍ ഏര്‍പ്പെടുകയുമാണ് ചെയ്യുന്നത്.
വീഡിയോ കാണാം: