സിനിമാ താരം കനകലത അന്തരിച്ചു
തിരുവനന്തപുരം: മലയാള സിനിമാ സീരിയല്‍ താരം കനകലത അന്തരിച്ചു. തിരുവനന്തപുരത്തെ വീട്ടിലായിരുന്നു അന്ത്യം. മറവിരോഗവും പാര്‍ക്കിന്‍സണ്‍സും ബാധിച്ച് ചികിത്സയിലായിരുന്നു. 350-ലധികം ചിത്രങ്ങളിലും അമ്പതിലധികം സീരിയലുകളിലും കനകലത അഭിനയിച്ചിട്ടുണ്ട്.
ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന കാലം മുതല്‍ കനകലത നാടകരംഗത്ത് സജീവമായിരുന്നു. ഇവിടെ നിന്നായിരുന്നു വെള്ളിത്തിരയിലെത്തിയത്. ചില്ല്, കരിയിലക്കാറ്റുപോലെ, രാജാവിന്റെ മകന്‍, ജാഗ്രത, കിരീടം, എന്റെ സൂര്യപുത്രിക്ക്, കൗരവര്‍, അമ്മയാണെ സത്യം, ആദ്യത്തെ കണ്‍മണി, തച്ചോളി വര്‍ഗീസ് ചേകവര്‍, സ്ഫടികം, അനിയത്തിപ്രാവ്, ഹരികൃഷ്ണന്‍സ്, മാട്ടുപ്പെട്ടി മച്ചാന്‍, പ്രിയം, പഞ്ചവര്‍ണതത്ത, ആകാശഗംഗ 2 തുടങ്ങി മലയാളത്തിലും തമിഴിലുമായി 350-ലധികം ചിത്രങ്ങളില്‍ കനകലത അഭിനയിച്ചിട്ടുണ്ട്. പൂക്കാലമാണ് ഒടുവില്‍ അഭിനയിച്ച ചിത്രം.
കൊല്ലം ജില്ലയിലെ ഓച്ചിറയില്‍ പരമേശ്വരന്‍ പിള്ളയുടേയും ചിന്നമ്മയുടേയും മകളായി 1960-ല്‍ ഓഗസ്റ്റ് 24-ന് ജനനം. കൊല്ലം സര്‍ക്കാര്‍ ഗേള്‍സ് ഹൈസ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം. 1980-ല്‍ ഉണര്‍ത്തുപാട്ട് എന്ന സിനിമയില്‍ അഭിനയിച്ചു. ആദ്യ ചിത്രം റിലീസായില്ല.
ചെറുപ്പത്തില്‍ത്തന്നെ കലാരംഗത്ത് കനകലത സജീവമായിരുന്നു. നാടകങ്ങളിലൂടെ സിനിമ അഭിനയ രംഗത്തെത്തി. പിന്നീട് ചില്ല് എന്ന സിനിമയിലൂടെ ബിഗ്‌സ്‌ക്രീനിലെത്തി. അഭിനയം തന്നെയാണ് തന്റെ ജീവിതമാര്‍ഗം എന്നുറപ്പിച്ച അവര്‍ നിരവധി സീരിയലുകളിലും വേഷമിട്ടു. ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം സിനിമയില്‍നിന്ന് ഇടവേളയെടുത്തിരിക്കുകയായിരുന്നു.
2021 മുതലാണ് നടിയിൽ രോഗലക്ഷണങ്ങൾ കണ്ടതും രൂക്ഷമായതും. ഉറക്കക്കുറവായിരുന്നു തുടക്കം. 2022 ഓഗസ്റ്റിൽ ഡോക്ടറെ കണ്ടതിനെ തുടർന്നു ഡിമൻഷ്യ എന്ന രോഗത്തിന്റെ ആരംഭമാണെന്നു കണ്ടുപിടിച്ചു. എംആർഐ സ്കാനിൽ തലച്ചോറ് ചുരുങ്ങുകയാണെന്നും കണ്ടെത്തി. 16 വർഷത്തെ ദാമ്പത്യത്തിനൊടുവിൽ വിവാഹമോചനം നേടിയ കനകലതയ്ക്കു മക്കളില്ല.