പ്ലാസ്റ്റിക് ട്രീ ഇനി വേണ്ട, ഇത്തവണത്തെ ക്രിസ്മസ് ആഘോഷത്തിനും വീട്ടുമുറ്റം അലങ്കരിക്കാനും ലൈവ് ക്രിസ്മസ് ട്രീ ആയാലോ? പേരാമ്പ്ര സീഡ് ഫാമിലേക്ക് പോന്നോളൂ


പേരാമ്പ്ര: പ്ലാസ്റ്റിക്കില്‍ തീര്‍ത്ത ക്രിസ്തുമസ് ട്രീയെ അണിയിച്ചൊരുക്കിയുള്ള ക്രിസ്മസ് ആഘോഷം ഇനി വേണ്ടെന്ന് തീരുമാനിച്ചാലോ. ഇത്തവണ നമുക്കൊരു ലൈവ് ക്രിസ്മസ് ട്രീ തന്നെ ഉണ്ടാക്കാം. പിന്നെ അത് നട്ടുനനച്ച് വളര്‍ത്തി ഇനിയുള്ള ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കും കൂടെക്കൂട്ടാം. ഈ ആഗ്രഹം മനസിലുണ്ടെങ്കില്‍ ഇനി ലൈവ് ട്രീ തിരഞ്ഞ് സമയം കളയേണ്ട, നേരെ പേരാമ്പ്രയിലേക്ക് പോന്നോളൂ.

കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് ഫാമുകളില്‍ നിന്ന് നല്‍കുന്ന ക്രിസ്തുമസ്സ് ട്രീ സ്റ്റേറ്റ് സീഡ് ഫാം പേരാമ്പ്രയില്‍ വിപണനം ആരംഭിച്ചിരിക്കുകയാണ്. ഗോള്‍ഡന്‍ സൈപ്രസ് ഇനത്തില്‍പെട്ട തൈകളാണ് മണ്‍ചട്ടികളില്‍ നട്ടുപിടിപ്പിച്ച്, ആകര്‍ഷണീയമായ രീതിയില്‍ വില്പന നടത്തുന്നത്. രണ്ടടി വരെ ഉയരത്തിലുള്ള തൈകള്‍ക്ക് 250 രൂപയും അതിന് മുകളിലേക്കുള്ളവയ്ക്ക് 300 രൂപയുമാണ് വില. രാവിലെ 10 മുതല്‍ വൈകുന്നേരം 5 മണി വരെയുള്ള സമയത്ത് പേരാമ്പ്ര ഫാമില്‍ ഇത് ലഭ്യമാകും.

തൈകളുടെ വിപണന ഉദ്ഘാടനം ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ കെ.ലിസി ആന്റണി നിര്‍വ്വഹിച്ചു. പേരാമ്പ്ര ഫാം സീനിയര്‍ കൃഷി ഓഫീസര്‍ പി.പ്രകാശ് പദ്ധതി വിശദീകരണം നടത്തി. കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍മാരായ രജനി മുരളീധരന്‍, ബീന നായര്‍, ഗീത കെ.ജി, ജില്ലാ കൃഷിത്തോട്ടം കൂത്താളി ഫാം സൂപ്രണ്ട് നൗഷാദ് കെ.വി എന്നിവര്‍ സംസാരിച്ചു. കൃഷി അസിസ്റ്റന്റ് ഷൈനി കെ ചടങ്ങില്‍ നന്ദി പറഞ്ഞു.