‘പെരുവണ്ണാമൂഴിയില്‍ നിന്നും പുറന്തള്ളുന്ന വെള്ളം സ്റ്റോര്‍ ചെയ്ത് വീണ്ടും വൈദ്യുതി ഉത്പ്പാദിപ്പിക്കാന്‍ സാധിക്കുന്ന പമ്പ് ഡിസ്റ്റോറേജ് സാധ്യത പരിശോധിക്കും’; പെരുവണ്ണാമൂഴി ചെറുകിട ജലവൈദ്യുത പദ്ധതി ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിച്ച് മുഖ്യമന്ത്രി


ചക്കിട്ടപ്പാറ: പെരുവണ്ണാമൂഴി ചെറുകിട ജലവൈദ്യുത പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. പെരുവണ്ണാമൂഴിയില്‍ നിന്നും പുറന്തള്ളുന്ന വെള്ളം തിരിച്ച് സ്റ്റോര്‍ ചെയ്ത് വീണ്ടും വൈദ്യുതി ഉത്പ്പാദിപ്പിക്കാന്‍ സാധിക്കുന്ന പമ്പ് ഡിസ്റ്റോറേജ് സാധ്യത പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

2016 മുതല്‍ ജലവൈദ്യുത പദ്ധതികളിലൂടെ മാത്രം 50.6 മെഗാ വാട്ടിന്റെ അധിക ഉത്പ്പാദന ശേഷിയാണ് കേരളം കൈവരിച്ചത്. 24.5 മെഗാവാട്ട് ശേഷിയുള്ള ചെറുകിട വൈദ്യുതി നിലയങ്ങള്‍ എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ മുഖേന സ്ഥാപിച്ചിട്ടുണ്ട്. ഇത്തരം ഇടപെടലുകളുടെ തുടര്‍ച്ചയായാണ് പെരുവണ്ണാമുഴിയിലെ പദ്ധതിയും യാഥാര്‍ത്ഥ്യമായതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

സൗരോര്‍ജത്തെ ഊര്‍ജ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനായി സൗര എന്ന പേരില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പദ്ധതിയുണ്ട്. ക്ലീന്‍ എനര്‍ജി എന്ന പേരില്‍ ഹരിത ഹൈഡ്രജനെ സംസ്ഥാനത്തിന്റെ ഊര്‍ജ ആവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുകയാണ്. 2566 കോടി രൂപ ചെലവഴിച്ച് ട്രാന്‍സിറ്റ് പദ്ധതി നടപ്പാക്കി കഴിഞ്ഞു. ഈ പദ്ധതിയുടെ രണ്ടാംഘട്ടമായി ഹരിതോര്‍ജ ഇടനാഴി പദ്ധതി നടപ്പാക്കി വരികയാണ്. ഊര്‍ജ ഉല്‍പ്പാദനത്തിലെ വര്‍ദ്ധനവ് നാടിന്റെ കാര്‍ഷിക, വ്യാവസായിക, വാണിജ്യ മേഖലകള്‍ക്ക് പ്രയോജനപ്പെടുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

നാടിന്റെ അടിസ്ഥാന സൗകര്യ വികസനമെന്ന നിലയ്ക്കാണ് വൈദ്യുത മേഖലയെ സര്‍ക്കാര്‍ കാണുന്നത്. 2025 ആകുമ്പോഴേക്ക് കേരളത്തിന്റെ വൈദ്യുതി ആവശ്യകതയുടെ 40 ശതമാനം പുനരുപയോ?ഗ സാധ്യതയുള്ള സ്രോതസുകളില്‍ നിന്ന് ലഭ്യമാക്കാനാണ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പരിപാടിയില്‍ വിനോദസഞ്ചാര, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്, ടി.പി രാമകൃഷ്ണന്‍ എം.എല്‍.എ എന്നിവര്‍ മുഖ്യാതിഥികളായി. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ സുനില്‍, ഉണ്ണി വേങ്ങേരി, വൈസ് പ്രസിഡന്റ് ചിപ്പി മനോജ്, ബ്ലോക്ക് മെമ്പര്‍ ഗിരിജ ശശി, പഞ്ചായത്തംഗം വിനിഷ ദിനേശ്, സി ഡി എസ് ചെയര്‍ പേഴ്‌സണ്‍ ശോഭ പട്ടാണിക്കുന്ന്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു. കെ എസ് ഇ ബിയുടെ ജനറേഷന്‍ ഇലട്രിക്കല്‍ റീസ്, സൗര, സ്‌പോര്‍ട്‌സ് ആന്റ് വെല്‍ഫെയര്‍ ഡയറക്ടര്‍ സജീവ് ജി സ്വാഗതവും ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ സുരേഷ് കുമാര്‍ .ഡി നന്ദിയും പറഞ്ഞു.