ചെറുവണ്ണൂര്‍ ഹൈസ്‌കൂളില്‍ നിന്നും പടിയിറങ്ങുകയാണ് പ്രകാശന്‍ മാസ്റ്റര്‍; കണക്കിന്റെ മായാലോകം പകര്‍ന്നുനല്‍കിയ അധ്യാപകനെ യാത്രയക്കാനൊരുങ്ങി വിദ്യാര്‍ഥികള്‍


പേരാമ്പ്ര: ടി.പി പ്രകാശന്‍ മാസ്റ്റര്‍ വിരമിക്കുന്നതോടെ ചെറുവണ്ണൂര്‍ ഗവ.ഹൈസ്‌കൂളിന് പ്രിയപ്പെട്ട അധ്യാപകനെയാണ് നഷ്ടമാകുന്നത്. ഗണിതശാസ്ത്ര അധ്യാപനത്തിലും അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലും പരിപാടികളിലുമെല്ലാം സജീവമാണ് പ്രകാശന്‍ മാസ്റ്റര്‍.

കഴിഞ്ഞ 30 വര്‍ഷമായി ഇദ്ദേഹം പങ്കാളിയാവാത്ത ഗണിതശാസ്ത്ര പരിപാടികള്‍ സംസ്ഥാനത്ത് തന്നെ നടന്നിട്ടില്ലെന്ന് പറയാം. 2000 മുതല്‍ 2016വരെ മലപ്പുറം ജില്ലയില്‍ ആരംഭിച്ച വിജയഭേരി വിദ്യാഭ്യാസ പദ്ധതിയില്‍ ഗണിതത്തിന്റെ കോഓഡിനേറ്ററായി പ്രവര്‍ത്തിച്ചു. ഇതിന്റെ ഭാഗമായി മലപ്പുറം ജില്ലയിലെ വിദ്യാര്‍ഥികള്‍ക്കായി വര്‍ഷംതോറും ഗണിത കൈപുസ്തകം തയാറാക്കിയതിന് നേതൃത്വം നല്‍കി.

2006 മുതല്‍ പാഠപുസ്തക രചന കമ്മിറ്റിയിലെ സ്ഥിരം അംഗമായി. 2006, 2011, 2016 വര്‍ഷങ്ങളിലെ പാഠപുസ്തക പരിഷ്‌കരണത്തില്‍ സജീവ സാന്നിധ്യമായിരുന്നു. 2006 മുതല്‍ സംസ്ഥാന തലത്തിലും ജില്ലതലത്തിലും ഉപജില്ലാതലത്തിലും അധ്യാപകര്‍ക്ക് പരിശീലനം നല്‍കുന്നതില്‍ പ്രകാശന്‍ മാസ്റ്റര്‍ മുന്നിലുണ്ടായിരുന്നു.

2021 മുതലാണ് ചെറുവണ്ണൂര്‍ ഹൈസ്‌കൂളിലെ പ്രധാനാധ്യാപകനായത്. അതിനു മുമ്പ് 2016 ഒക്ടോബര്‍ 30 മുതല്‍ ചെറുവണ്ണൂര്‍ പഞ്ചായത്തിലെ ആവള കുട്ടോത്ത് ഹൈസ്‌കൂളില്‍ ഹയര്‍ സെക്കണ്ടറി അധ്യാപകനായിരുന്നു.

വിജയഭേരി പ്രവര്‍ത്തനങ്ങളിലെ സജീവ സാന്നിധ്യവും ജില്ലയിലെ മിക്ക വിദ്യാലയങ്ങളിലും ഗണിത ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ കാണിക്കുന്ന താല്‍പര്യവും കണക്കിലെടുത്ത് ജില്ലയിലെ ഏറ്റവും മികച്ച അധ്യാപകനുള്ള അവാര്‍ഡ് 2014ല്‍ മലപ്പുറം ജില്ലാ പഞ്ചായത്ത് നല്‍കുകയുണ്ടായി.

വിപുലമായ യാത്രയയപ്പ് പരിപാടിയാണ് പ്രകാശന്‍ മാഷിനുവേണ്ടി ചെറുവണ്ണൂര്‍ ഹൈസ്‌കൂള്‍ ഒരുക്കുന്നത്. മേയ് അഞ്ചിന് പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനത്തോടനുബന്ധിച്ചാണ് യാത്രയയപ്പ് നടക്കുന്നത്. മന്ത്രി വി. ശിവന്‍കുട്ടി, എം.പി.കെ. മുരളീധരന്‍, എം.എല്‍.എ ടി.പി. രാമകൃഷ്ണന്‍, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷീജാ ശശി എന്നിവര്‍ പങ്കെടുക്കും.
[bot1]