ചെന്നൈ കവരൈപ്പേട്ടയിലെ ട്രയിന്‍ അപകടം; 19 പേര്‍ക്ക് പരിക്ക്, നാലുപേരുടെ നില ഗുരുതരം, 28 ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു


ചെന്നൈ: തമിഴ്‌നാട് തിരുവള്ളൂര്‍ കവരൈപ്പേട്ടയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 19 പേര്‍ക്ക് പരിക്ക്. നാലു പേരുടെ നില ഗുരുതരമാണ്. ഇവരെ ചെന്നൈയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

മൈസൂരുവില്‍ നിന്ന് ദര്‍ഭംഗയിലേക്ക് പോവുകയായിരുന്ന ബാഗ്മതി എക്‌സ്പ്രസ് നിര്‍ത്തിയിട്ട ചരക്ക് തീവണ്ടിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇന്നലെ രാത്രി എട്ടരയ്ക്കായിരുന്നു സംഭവം. ഇടിയുടെ ആഘാതത്തില്‍ 13 കോച്ചുകള്‍ പാളംതെറ്റി. മൂന്നുകോച്ചുകള്‍ക്ക് തീപ്പിടിച്ചു. ആകെ 1360 യാത്രക്കാരാണ് ട്രെയിനില്‍ ഉണ്ടായിരുന്നത്.

അപകടത്തെ തുടര്‍ന്ന് രണ്ട് ട്രെയിനുകള്‍ റദ്ദക്കി. 28 ട്രെയിനുകള്‍ വഴി തിരിച്ചു വിട്ടു. അപകടത്തിനുശേഷം യാത്രക്കാരെ സുരക്ഷിതമായി ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലെത്തിച്ചു. പുലര്‍ച്ചെ 4.45ന് യാത്രക്കാരുമായി പ്രത്യേക ട്രെയിന്‍ ചെന്നൈ റെയില്‍വേ സ്റ്റേഷനില്‍ നിന്നും പുറപ്പെട്ടു.

ഇന്ന് ഉച്ചയോടെ ഈ റൂട്ടിലെ സര്‍വീസുകള്‍ സാധാരണ നിലയിലാകുമെന്ന് അപകടസ്ഥലം സന്ദര്‍ശിച്ച ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ ആര്‍ എന്‍ സിംഗ് പറഞ്ഞു. അപകടത്തില്‍ ഉന്നതതല അന്വേഷണവും റെയില്‍വേ പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ജൂണില്‍ 293 പേരുടെ മരണത്തിനിടയാക്കിയ ബാലസോര്‍ ട്രെയിന്‍ അപകടത്തിന് കാരണമായ സിഗ്‌നല്‍ തകരാറിന് സമാനമായ പിഴവാണ് ഇവിടെയും സംഭവിച്ചതെന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

എക്‌സ്പ്രസ് ട്രെയിനിന്റെ വേഗം കുറച്ചതും ചരക്ക് ട്രെയിനിന്റെ ബ്രേക്ക് വാനില്‍ ഇടിച്ചത് കാരണവുമാണ് വന്‍ ദുരന്തം ഒഴിവായതെന്നാണ് നിഗമനം. യാത്രക്കാര്‍ക്ക് പകരം ട്രെയിന്‍ ഒരുക്കിയെന്ന് റെയില്‍വേ അറിയിച്ചു. ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരെ തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍ സന്ദര്‍ശിച്ചു.

ഹെല്‍പ് ലൈന്‍ നമ്പര്‍:

04425354151
04424354995

ബെംഗളുരുവിലും ട്രെയിന്‍ കടന്ന് പോയ എല്ലാ സ്റ്റേഷനുകളിലും ഹെല്‍പ് ഡെസ്‌ക് തുറന്നു. ബെംഗളുരു റെയില്‍വേ ആസ്ഥാനത്താണ് വാര്‍ റൂം തുറന്നത്. നമ്പര്‍- 08861309815.

Summary: Chennai Kavaraipetta train accident; 19 people were injured, four seriously, 28 trains were diverted