‘സ്വാതന്ത്ര്യ സമരത്തിന്റെ ഓര്‍മ്മകളുറങ്ങുന്ന ഇടം’; ചേമഞ്ചേരി റെയില്‍വേ സ്റ്റേഷനെ സ്വാതന്ത്ര്യ സമര സ്മാരകമാക്കണമെന്ന് കാപ്പാട് ടൂറിസം വികസന സമിതി
ചേമഞ്ചേരി: സ്വാതന്ത്ര്യ സമരത്തിന്റെ ഓര്‍മ്മകളുറങ്ങുന്ന ചേമഞ്ചേരി റെയില്‍വേ സ്‌റ്റേഷന്‍ സ്വാതന്ത്ര്യ സമര സ്മാരകമാക്കണമെന്ന് കാപ്പാട് ടൂറിസം വികസന സമിതി. കേന്ദ്രസര്‍ക്കാറിനോടും റെയില്‍വേ ബോര്‍ഡിനോടുമാണ് സമിതി ഇക്കാര്യം ആവശ്യപ്പെട്ടത്. വാസ്‌കോ ഡ ഗാമ ഹാളില്‍ ചേര്‍ന്ന യോഗത്തിന് പ്രസിഡന്റ് എം.പി.മൊയ്തീന്‍ കോയ അധ്യക്ഷത വഹിച്ചു.
1942 ഓഗസ്റ്റ് ഒമ്പതിന് ക്വിറ്റ് ഇന്ത്യസമരകാലത്ത് സ്വാതന്ത്ര്യ സമര പോരാളികള്‍ ചേമഞ്ചേരി റെയില്‍വേ സ്‌റ്റേഷന്‍ അഗ്നിക്കിരയാക്കിയിരുന്നു. ക്വിറ്റ് ഇന്ത്യാ പ്രഖ്യാപനത്തിന് പിന്നാലെ ഗാന്ധിയും നെഹ്‌റുവും ഉള്‍പ്പെടെയുള്ള നേതാക്കളെ തുറുങ്കിലടച്ചതിനെ തുടര്‍ന്നാണ് ഒരു സംഘം ചെറുപ്പക്കാരായ സ്വാതന്ത്ര്യ സമര പോരാളികള്‍ ചേമഞ്ചേരി റെയില്‍വേ സ്‌റ്റേഷന്‍ ആക്രമിച്ചത്. ബ്രിട്ടീഷുകാര്‍ക്ക് കനത്ത തിരിച്ചടിയായിരുന്ന ഈ ആക്രമണത്തെ കുറിച്ച് അന്വേഷിച്ച് ദേശീയ നേതാക്കള്‍ പോലും കത്തെഴുതിയിരുന്നു.
ഹാള്‍ട്ട് സ്‌റ്റേഷന്‍ ഗ്രേഡില്‍ പെട്ട ഈ റെയില്‍വേ സ്റ്റേഷനെ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ചരിത്ര സ്മാരക സംരക്ഷണത്തിന്റെ ഭാഗമായി അമൃത് ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചരിത്രസ്മാരകമാക്കണം എന്നാണ് ടൂറിസം വികസന സമിതിയുടെ ആവശ്യം.
അന്താരാഷ്ട്ര ഗുണനിലവാരമുള്ള ബ്ലൂ ഫ്‌ളാഗ് സര്‍ട്ടിഫിക്കേഷനോടെ ലോകവിനോദസഞ്ചാര കേന്ദ്രമായ കാപ്പാട് ബീച്ച് ടൂറിസം കേന്ദ്രത്തില്‍ നിന്ന് 700 മീറ്റര്‍ മാത്രം ദൂരമേ ചേമഞ്ചേരി റെയില്‍വേ സ്റ്റേഷനിലേക്ക് ഉള്ളൂ. വിദേശികളും സ്വദേശികളുമായ നൂറുകണക്കിന് ആളുകള്‍ ഓരോ ദിവസവും എത്തുന്ന ചേമഞ്ചേരിയിലെ റെയില്‍വേ സ്‌റ്റേഷനെ ടൂറിസത്തിന് പ്രാധാന്യമുള്ള റെയില്‍വേ സ്റ്റേഷനായി ഉയര്‍ത്തി വികസിപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
കാപ്പാട് ബീച്ച് എരൂല്‍ ഭാഗത്ത് പാര്‍ക്കില്‍ സ്ഥാപിച്ച പൊതു ശൗചാലയം ചേമഞ്ചേരി ഗ്രാമപഞ്ചായത്തില്‍ നിന്ന് ഡി.ടി.പി.സി ഏറ്റെടുത്തിട്ട് മാസങ്ങളായെങ്കിലും ഇത് ഉപയോഗയോഗ്യമല്ല എന്ന് യോഗം വിലയിരുത്തി. ഇവിടെ എത്തുന്നവര്‍ പ്രാഥമികാവശ്യങ്ങള്‍ക്ക് അയല്‍വീടുകളെയാണ് ആശ്രയിക്കുന്നത്. ഈ പ്രശ്‌നം അടിയന്തിരമായി പരിഹരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ടൂറിസം പാര്‍ക്ക് വൈകീട്ട് ഏഴ് മണി കഴിഞ്ഞാല്‍ ഇരുട്ടിലാണ്. പാര്‍ക്കിന്റെ പ്രവര്‍ത്തന സമയം രാത്രി പത്ത് മണി വരെ നീട്ടണമെന്നും യോഗം ആവശ്യപ്പെട്ടു. വാസ്‌കോ ഡ ഗാമ ലാന്റിങ് പ്ലേസ് മുതല്‍ തുവ്വപ്പാറ വരെ തെരുവുവിളക്കുകള്‍ സ്ഥാപിക്കാന്‍ അടിയന്തിരമായി ഇടപെടണമെന്നും കാപ്പാട് ടൂറിസം വികസന സമിതി യോഗം ടൂറിസം വകുപ്പിനോട് ആവശ്യപ്പെട്ടു.
വി.ഷരീഫ് മാസ്റ്റര്‍, അഡ്വ. ബിനീഷ് ബാബു, അഡ്വ. അജയന്‍, കെ.വി.മുഹമ്മദ് കോയ, ടി.വി.ചന്ദ്രഹാസന്‍, കെ.പി.എ.അസീസ് എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി വി.എം.മോഹനന്‍ സ്വാഗതവും വി.കെ.വിനോദ് നന്ദിയും പറഞ്ഞു.