‘ഓളെ ങ്ങൾ ഏടാ കൊണ്ടട്ടത്, ഇനിക്ക് ഓളെ ഒന്നു കാണണ്ടിനും, എത്ര ദെവസായി ഓളെ കൊണ്ടൊയ്റ്റ്’; ദാരിദ്ര്യത്തിന്റെയും ഏകാന്തതയുടെയും ബുദ്ധിമുട്ടിന്റെയും നടുവിലും കാഞ്ഞിലശ്ശേരി സ്വദേശിനിയുടെ സമാനതകളില്ലാത്ത സാഹോദര്യത്തിന്റെ കഥ പങ്കിട്ട് ചേമഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ അജ്‌നഫ് കാച്ചിയിൽ
ചേമഞ്ചേരി: ‘ഞാൻ അന്നേ പറഞ്ഞില്ലേ നിക്ക് ഓളെ ഒന്നു കണ്ട മതിയെന്ന്. ഇപ്പൊ നിക്ക് സമാധാനായി എന്ന് പറഞ്ഞ് ആ മുഖത്തൊരു പുഞ്ചിരി വിരിഞ്ഞു. ആ പുഞ്ചിരിക്കെന്ത് തെളിച്ചമാണല്ലേ…!’ ഈ പുഞ്ചിരിക്ക് പിന്നിൽ കഥ പറയുകയാണ് ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അജ്‌നാഫ് കാച്ചിയിൽ. സ്നേഹ ബന്ധത്തിന്റെ കഥ, സാഹോദര്യ ബന്ധത്തിന്റെ കഥ.
കാഞ്ഞിലശ്ശേരി മൂന്നാം വാർഡിലെ കാർത്ത്യായനി അമ്മയുടെയും അവരുടെ സഹോദരി മാധവി അമ്മയുടെയും കഥയിലൂടെ സ്നേഹ ബന്ധത്തിന്റെ അതിമനോഹരമായ കഥയാണ് അജ്‌നഫ് വരച്ചുകാട്ടുന്നത്. എല്ലാവരുടെയും ജീവിതത്തിൽ ഏറ്റവും അമൂല്യമായി കണക്കാക്കുന്നതും എന്നേയ്ക്കും നിലനിൽക്കുന്നതുമായ ഒന്നാണ് സഹോദരബന്ധങ്ങൾ. ഒരു ചങ്ങലയിലെ ഇരപിഴിയാത്ത കണ്ണികൾ. എന്നാൽ കാലം മാറിയതോടെ സ്വത്തിന്റെ പേരിലും മാറ്റ് ബന്ധങ്ങളുടെ പേരിലുമെല്ലാം ആ കണ്ണി വല്ലാതെ അകന്നു പോയി. അത്തരം മനുഷ്യർക്കിടയിലാണ് കാർത്ത്യാനിയും മാധവിയും മാതൃകയാവുന്നത്. പണമില്ലെങ്കിലും, ആരോഗ്യമില്ലെങ്കിലും സ്നേഹമൊട്ടും ചോരാതെ യാത്രയിൽ കൈകോർത്തു നടക്കുന്ന രണ്ടു പേർ. ഏകദേശം എഴുപതോളം വയസ്സാണിരുവർക്കുമെന്ന് അജ്‌നാഫ് കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.
വായിക്കാം സമാനതകളില്ലാത്ത സാഹോദര്യത്തിന്റെ കഥ
പോസ്റ്റിന്റെ പൂർണ്ണരൂപം
പൊതു പ്രവർത്തന ജീവിതത്തിൽ ഏറ്റവും അധികം ആത്മസംതൃപ്തി അനുഭവിച്ച ഒരു ദിവസമായിരുന്നു ഇന്ന്. കഥ തുടങ്ങുന്നത് രണ്ട് രണ്ടര മാസം മുൻപാണ്. കാഞ്ഞിലശ്ശേരിയിൽ ഉള്ള കാർത്ത്യായനി അമ്മയും അവരുടെ സഹോദരി മാധവി അമ്മയുമാണ് ഇതിലെ കഥാപാത്രങ്ങൾ. രണ്ടാളുടെയും രൂപത്തിൽ വാർധക്യത്തിന്റെ അവശതകൾ കാണാൻ സാധിക്കും.
മാധവിയമ്മയാണെങ്കിൽ മാനസികമായി അല്പം ന്യൂനതയനുഭവിക്കുന്ന വ്യക്തിയാണ്. കാർത്ത്യായനി അമ്മയുടെ ഭർത്താവിന്റെ മരണശേഷം തങ്ങൾക്ക് കിട്ടുന്ന പെൻഷൻ തുക കൊണ്ടാണ് ചേച്ചിക്ക് അനിയത്തിയായും അനിയത്തിക്ക് ചേച്ചിയായും ആയും ഇവർ ജീവിച്ചു പോകുന്നത്. അങ്ങനെയിരിക്കെ മാധവിയമ്മയ്ക്ക് പെട്ടെന്ന് മനസികസ്വാസ്ഥ്യം കൂടുകയും കൊച്ചു കൊച്ചു അക്രമങ്ങളും പ്രശ്നങ്ങളും ഉണ്ടാക്കുകയും ചെയ്തു. രോഗം മൂർഛിക്കുന്ന സമയത്തു മാധവിയമ്മ കാർത്ത്യായനി അമ്മയെ നല്ലവണ്ണം ഉപദ്രവിക്കും. എന്നിരുന്നാലും അതൊന്നും സാരമാക്കാതെ ‘മോളെ വാ മ്മക്ക് അങ് പോക’ എന്നും പറഞ്ഞു പിടിച്ചു കൊണ്ടുപോകും.
കുറെ ദിവസങ്ങൾ കഴിഞ്ഞിട്ടും മാധവിയമ്മയുടെ അസുഖത്തിൽ മാറ്റമൊന്നും വന്നില്ല. അങ്ങനെ പഞ്ചായത്തും പിങ്ക് പോലീസും നാട്ടിലെ പൊതു പ്രവർത്തകരും കൂടി മാധവിയമ്മയെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. ചുറ്റും നല്ലവരായ അയൽവാസികളും നാട്ടുകാരും ഒക്കെ ഉള്ളതിനാൽ ഏകാന്തതയനുഭവിക്കാതെ കാർത്ത്യായനി അമ്മ അവരുടെ വീട്ടിലും നിന്നു. ഒരു മാസം കഴിഞ്ഞതിനു ശേഷം കാർത്ത്യായനി അമ്മയ്ക്ക് മനസ്സിൽ വല്ലാത്ത ആകുലത നിറഞ്ഞു. ഒരു ദിവസം പഞ്ചായത്തിൽ വന്ന് മാധവിയമ്മയുടെ കാര്യം തിരക്കി.
‘ഓളെ ങ്ങൾ ഏടാ കൊണ്ടട്ടത്, ഇനിക്ക് ഓളെ ഒന്നു കാണണ്ടിനും, എത്ര ദെവസായി ഓളെ കൊണ്ടൊയ്റ്റ്’, എത്ര ദെവസായി ഓളെ കൊണ്ടൊയ്റ്റ് എന്നു പറഞ്ഞു. സത്യത്തിൽ മനസ്സിൽ ഒരു വിങ്ങൽ ഉണ്ടാക്കിയ ഒരു ചോദ്യമായിരുന്നു അത്. കാരണം തന്റെ പ്രാണനെപ്പോലെ കണ്ടിരുന്ന സഹോദരിയെ ഒരു നോക്കു പോലും കാണാതെ, ഒരു വാക്ക് പോലും മിണ്ടാതെ ,എവിടേക്ക് കൊണ്ടുപോയി എന്നുപോലും അറിയാതെ ഒറ്റക്ക് ആ വീട്ടിൽ ഒരു മാസക്കാലം തനിച്ചിരുന്നല്ലോ, ഈ പാവം വൃദ്ധ. ഒറ്റപ്പെടലും ആകുലതയും നിറഞ്ഞ ആ ദിനങ്ങളുടെ തീഷ്ണത അവരുടെ കണ്ണുകളിൽ കാണാമായിരുന്നു. മാധവിയമ്മയെ കുതിരവട്ടം ആശുപത്രിയിലാണ് ആക്കിയതെന്നും അവർ അവിടെ സുഖമായി ഇരിക്കുന്നു എന്നും പറഞ്ഞു ഞാൻ അവരെ സമാധാനിപ്പിച്ചു’.
‘നിക്ക് ഓള് ആട ണ്ടോന്നൊന്നു അറിഞ്ഞ മതിയായിനും’ എന്നു പിറുപിറുത്തുകൊണ്ടു കാർത്ത്യായനി അന്ന് തിരിച്ചു പോയി. പിന്നീട് എല്ലാ ദിവസവും കാർത്ത്യായനി ‘അമ്മ പഞ്ചായത്തിൽ എത്തി. കാണുന്നവരോടെല്ലാം സ്വന്തം അനുജത്തിയെ തിരക്കി നടന്നു. ഏകദേശം 3 ആഴ്ചയോളം ഇത് തുടർന്നു. പിന്നീട് കാർത്ത്യായനി അമ്മയ്ക്ക് ഞങ്ങൾ സമാധാനിപ്പിക്കാൻ പറയുന്ന വാക്കുകളിലൊന്നും വിശ്വാസമില്ലാത്തത് പോലെയായി. ‘ഓളെ ഒന്നു കണ്ട മതിയയിനും’ എന്നു പറഞ്ഞു കൊണ്ട് നടക്കുമായിരുന്നു.
അങ്ങനെയിരിക്കെ എങ്ങനെയെങ്കിലും അവരെ അവിടെ കൊണ്ടുപോയി കാണിക്കാം എന്നു കരുതി ആശുപത്രിയുമായി ബന്ധപ്പെട്ടപ്പോൾ അവരെ ഇപ്പോൾ കാണാൻ പറ്റില്ല എന്നുള്ള മറുപടിയായിരുന്നു കിട്ടിയത്. കാർത്ത്യായനിയമ്മയാണെങ്കിൽ നിസ്സഹായത നിറഞ്ഞ കണ്ണുകളുമായി എന്നും പഞ്ചായത്ത് വരാന്തയിൽ ഉണ്ടാവും. ഒരാഴ്ചക്ക് ശേഷം ഇന്ന് ആശുപത്രിയുമായി ബന്ധപ്പെട്ടപ്പോൾ മാധവിയമ്മയെ കാണാൻ സാധിക്കും എന്ന മറുപടി കിട്ടി. അങ്ങനെ ഫ്രണ്ട് ഓഫീസിനു മുൻപിലെ പതിവ് സീറ്റിൽ ഇരുന്ന കാർത്ത്യായനി അമ്മയെയും കൂട്ടി നേരെ കുതിരവട്ടത്തേക്ക്. പ്രസിഡന്റും ആറാം വാർഡ് മെമ്പറും കൂടെ കയറി.
യാത്രക്കിടെ അവരുടെ രണ്ടാളുടെയും ജീവിതത്തിലെ സുന്ദര കാലത്തെ കുറിച്ചു അവർ പറഞ്ഞുകോണ്ടേയിരുന്നു. അതുവരെ കേട്ട കാർത്ത്യായനിയമ്മയുടെ സംസാരത്തിൽ നിന്നും ഒരുപാട് വ്യത്യാസമുണ്ടായിരുന്നു ഇപ്പോഴത്തെ സംസാരം. പ്രതീക്ഷകൾ നിറഞ്ഞ, ഒരുപാട് ത്രസിപ്പിക്കുന്ന, പോയ കാലത്തെ ഓർമ്മകൾ അവർ ആ ജീപ്പിനകത്തു വച്ച് ഞങ്ങളോട് പങ്കിട്ടു. കല്യാണത്തിന് മുൻപും കല്യാണം കഴിഞ്ഞതിനു ശേഷം പല ഇടങ്ങളിൽ ജീവിച്ചപ്പോഴും ഞാൻ അവളെ പിരിഞ്ഞു ഇരുന്നിട്ടില്ല, ഇപ്പോഴാ ഇങ്ങനൊരു ഗതികേട് വന്നത് എന്നത് പറഞ്ഞപ്പോൾ കാർത്ത്യായനിയമ്മയുടെ ഇപ്പോഴത്തെ വിഷമം ഓർത്ത് കണ്ണുകൾ നിറഞ്ഞു പോയി.
ഒടുവിൽ അവർ ആഗ്രഹിച്ച രണ്ട് രണ്ടര മാസത്തോളം സ്വപ്നം കണ്ട ആ നിമിഷം വന്നെത്തി. കുതിരവട്ടം ആശുപത്രിയിലെ ആ സന്ദർശക മുറിയിൽ. രണ്ടുപേരും കണ്ടപാടെ കുശലാന്വേഷണങ്ങൾ നടത്തി. അനുവദിച്ച സമയം കഴിയുന്നതുവരെ അവർ അന്യോന്യം കഥ പറഞ്ഞിരുന്നു. “ഞ്ഞി എന്താ ഒന്നും തിന്നലില്ലേ…? ആകെ മെലിഞ്ഞു പോയല്ലോ …. അങ് വെറകൊക്കെ ഇല്ലേ. ഞ്ഞി എന്തേലും ഇണ്ടാക്കി തിന്നണെ” എന്നായിരുന്നു മാധവിയമ്മ സന്ദർശക മുറി വിട്ടിറങ്ങുമ്പോൾ കാർത്ത്യായനി അമ്മയോട് പറഞ്ഞത്. ഹാ എന്ന ഒറ്റവാക്കിൽ ഉത്തരം കൊടുത്തുകൊണ്ട് കാർത്ത്യായനി’അമ്മ പുറത്തിറങ്ങി. ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം സഫലീകരിച്ചതുപോലെ, ഒരുപാട് നാളത്തെ സ്വപ്നം സാക്ഷാത്കാരിച്ചത് പോലെ അവർ പുറത്തേക്ക് നടന്നു.നിറഞ്ഞ പുഞ്ചിരിയുമായി. കാർത്ത്യായനിയമ്മ സന്തോഷവതിയായി ജീപ്പിനകത്തേക്ക് കയറുമ്പോൾ കണ്ണുകൾ നിറഞ്ഞു.”ഞാൻ അന്നേ പറഞ്ഞില്ലേ നിക്ക് ഓളെ ഒന്നു കണ്ട മതിയെന്ന്. ഇപ്പൊ നിക്ക് സമാധാനായി എന്ന് പറയുമ്പോൾ എടുത്ത ഫോട്ടോയാണ് കൂടെ ചേർക്കുന്നത്. ആ പുഞ്ചിരിക്കെന്ത് തെളിച്ചമാണല്ലേ…..!
സ്വത്തിന് വേണ്ടി സ്വന്തം സഹോദരനെ കൊല്ലുന്ന, അന്യോന്യം ചളി വാരിയെറിഞ്ഞു കുടുംബ ബന്ധങ്ങൾ ശിഥിലമാക്കപ്പെടുന്ന, ആഗ്രഹിക്കാതെ പിറന്ന കുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊല്ലുന്ന, മയക്കു മരുന്നിനു വേണ്ടി മാതാപിതാക്കളെ ഉപദ്രവിക്കുന്ന, ദേവപ്രീതി ലഭിക്കാൻ നരബലി നടത്തുന്ന നമ്മുടെ സമൂഹത്തിൽ സാഹോദര്യ ബന്ധത്തിന്റെ, സ്നേഹബന്ധത്തിന്റെ അന്തസത്ത ഒട്ടും ചോരാതെ ഇങ്ങനെയും ചില മനുഷ്യർ ഇവിടെ ജീവിക്കുന്നു എന്നത് അത്ഭുതം തന്നെ… മാതൃകയാക്കാം നമുക്ക് കാർത്ത്യായനി അമ്മയെയും മാധവിയമ്മയെയും…