കേന്ദ്ര പഞ്ചായത്ത് രാജിന്റെ ദേശീയ ശില്‍പ്പശാലയില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ച ചേമഞ്ചേരി പഞ്ചായത്തിന് മന്ത്രിയുടെ അഭിനന്ദനം; പ്രതിഭകളെ ആദരിച്ച് ഗ്രാമപഞ്ചായത്തിന്റെ വിജയപഥം പരിപാടി


ചേമഞ്ചേരി: ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ പ്രതിഭകളെ ആദരിക്കുന്ന ‘വിജയപഥം’ പരിപാടി വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കേന്ദ്ര പഞ്ചായത്ത് രാജ് ശ്രീനഗറില്‍ സംഘടിപ്പിക്കുന്ന ദേശീയ ശില്പശാലയില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ച ചേമഞ്ചരി ഗ്രാമ പഞ്ചായത്തിന്റെ ഭരണ സാരഥികളെ മന്ത്രി അഭിനന്ദിച്ചു. ചേമഞ്ചരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍ അധ്യക്ഷത വഹിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ് മുഖ്യാതിഥിയായി.

ഗുരുപൂജ പുരസ്‌കാരം നേടിയ ശിവദാസ് ചേമഞ്ചേരി, മണല്‍ ചിത്രം ഒരുക്കി യു.ആര്‍.എഫ് വേള്‍ഡ് റെക്കോര്‍ഡ് കരസ്ഥമാക്കിയ കലാകാരന്മാരായ യു.കെ.രാഘവന്‍ മാസ്റ്റര്‍, സുരേഷ് ഉണ്ണി മാസ്റ്റര്‍, ശശി കോട്ട്, ഉദയേഷ് ചേമഞ്ചേരി, എ.കെ.രമേഷ്, ലിജീഷ് ചേമഞ്ചേരി, നിഹാരിക രാജ്, ഹാറൂണ്‍ അല്‍ ഉസ്മാന്‍ മാസ്റ്റര്‍, ആതിര എസ്.ബി, ഗാന്ധിജിയുടെ ജീവചരിത്രം ഏറ്റവും നീളം കൂടിയ ക്യാന്‍വാസിലേക്ക് പകര്‍ത്തി വേള്‍ഡ് റെക്കോര്‍ഡ് കൈവരിച്ച മജ്നി, സംസ്ഥാന പ്രൊഫഷണല്‍ നാടക മത്സരത്തിലെ മികച്ച നടി സന്ധ്യ മുരുകേഷ്, കുടുംബശ്രീ സംസ്ഥാന കലോത്സവ വിജയികള്‍, എസ്.എസ്.എല്‍.സി, പ്ലസ് ടു ഉന്നത വിജയികള്‍ തുടങ്ങിയവരെ ചടങ്ങില്‍ ആദരിച്ചു.

പൂക്കാട് ആരഭി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല.എം, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്മാരായ സന്ധ്യ ഷിബു, അബ്ദുല്‍ ഹാരിസ്, സി.ഡി.എസ് ചെയര്‍പേഴ്‌സന്‍ ആര്‍.പി.വത്സല എന്നിവര്‍ സംസാരിച്ചു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് അംഗം കെ.ടി.രാധാകൃഷ്ണന്‍ മാസ്റ്റര്‍ അനുമോദന പ്രഭാഷണവും ശിവദാസ് ചേമഞ്ചേരി, യു.കെ.രാഘവന്‍ മാസ്റ്റര്‍, ഗോപിക എന്നിവര്‍ മറുപടി പ്രസംഗവും നടത്തി. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അനില്‍കുമാര്‍ സ്വാഗതവും ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അതുല്യ ബൈജു നന്ദിയും പറഞ്ഞു.