സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത; കോഴിക്കോട് ഉൾപ്പെടെ വിവിധ ജില്ലകളിൽ ഓറ‍ഞ്ച്, യെല്ലോ അലർട്ടുകൾ



തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ പരക്കെ മഴ സാധ്യത. വിവിധ ജില്ലകളിൽ ഇന്ന് ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ടു കോഴിക്കോട് ഉൾപ്പെടെ ആറ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. കോഴിക്കോട്, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്.

കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ട്. മത്സ്യബന്ധനം വിലക്കിയിട്ടുണ്ട്. കേരളാ തീരം മുതൽ മഹാരാഷ്ട്ര തീരം വരെയായി ന്യൂനമർദ്ദപാത്തി നിലനിൽക്കുന്നുണ്ട്. വടക്കൻ ഗുജറാത്തിന് മുകളിലായി ചക്രവാതച്ചുഴിയുമുണ്ട്. ഇതിന്റെ സ്വാധീനഫലമായി അടുത്ത ദിവസങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ട്.

ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കണ്ണൂരിലും കാസർകോട്ടും പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

മഞ്ഞ അലർട്ട്

01-07-2024: : ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്

02-07-2024: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്

03-07-2024: തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്.

എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.