എന്ന് യാഥാര്‍ത്ഥ്യമാകും ചക്കിട്ടപ്പാറയിലെ സ്‌പോര്‍ട്‌സ് കോംപ്ലെക്‌സ്? സ്ഥലം കണ്ടെത്താനാവാത്തതാണ് തടസമെന്ന് അധികൃതര്‍
പേരാമ്പ്ര: ചക്കിട്ടപ്പാറയില്‍ അനുയോജ്യമായ സ്ഥലം കണ്ടെത്താനാവത്തതിനാല്‍ സ്‌പോര്‍ട്‌സ് കോംപ്ലെക്‌സ് നിര്‍മ്മിക്കാനുള്ള പദ്ധതി നീളുന്നു. അന്താരാഷ്ട്ര നിലവാരമുള്ള സ്റ്റേഡിയവും സിന്തറ്റിക് ട്രാക്കും നീന്തല്‍ കുളവും സ്‌പോര്‍ട്‌സ് ഹോസ്റ്റലും അനുബന്ധ സൗകര്യങ്ങളുമെല്ലാമുള്ള സ്‌റ്റേഡിയം എന്നതായിരുന്നു പദ്ധതി. 2018 ജൂണ്‍ 21ന് അന്നത്തെ കായിക മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സ്‌പോര്‍ട്‌സ് കോംപ്ലെക്‌സ് നിര്‍മ്മിക്കാന്‍ തീരുമാനിച്ചെങ്കിലും ഇപ്പോഴും ഇതിനായുള്ള നടപടികള്‍ ആരംഭിച്ചിട്ടില്ല.
സ്ഥലം കണ്ടെത്താന്‍ കഴിയാത്തതാണ് പദ്ധതി വൈകാന്‍ കാരണമായതെന്നാണ് ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞത്. 6.13 ഏക്കര്‍ സ്ഥലം ഇതിനായി കണ്ടെത്തിയിരുന്നു. മലയോര പ്രദേശമാണിത്. ഇതുസംബന്ധിച്ച പ്രപ്പോസല്‍ നല്‍കുകയും ചെയ്തതാണ്. എന്നാല്‍ ഒളിമ്പിക്‌സ് കമ്മിറ്റി സ്ഥലം പരിശോധിച്ച് സ്‌പോര്‍ട്‌സ് കോംപ്ലെക്‌സിന് അനുയോജ്യമല്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയ സാഹചര്യത്തില്‍ പുതിയ സ്ഥലം കണ്ടെത്തേണ്ട സ്ഥിതിയാണെന്നും സ്ഥലം കണ്ടെത്തിയശേഷം തുടര്‍നടപടികളുമായി മുന്നോട്ടുപോകുമെന്നും കെ.സുനില്‍ വ്യക്തമാക്കി.
2018ല്‍ മന്ത്രിയായിരുന്ന പേരാമ്പ്ര എം.എല്‍.എ ടി.പി.രാമകൃഷ്ണന്റെ സ്വപ്‌ന പദ്ധതിയായിരുന്നു സ്‌പോര്‍ട്‌സ് കോംപ്ലെക്‌സ്. ഭൂമിയേറ്റെടുക്കല്‍ അടക്കമുള്ള നടപടികള്‍ വൈകുന്നതാണ് പദ്ധതിക്ക് തടസമായതെന്നാണ് ടി.പി.രാമകൃഷ്ണന്‍ എം.എല്‍.എയും പറയുന്നത്. ഭൂമിയേറ്റെടുക്കല്‍ പൂര്‍ത്തിയായാല്‍ പദ്ധതി വൈകില്ലെന്നും അദ്ദേഹം പറഞ്ഞു.
കിഫ്ബി ഫണ്ടില്‍ നിന്നും 60 കോടി രൂപയാണ് സ്റ്റേഡിയം നിര്‍മ്മിക്കാനായി അനുവദിച്ചത്. സ്ഥലത്തിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമായേലേ മറ്റ് നടപടിക്രമങ്ങളിലേക്ക് കടക്കാനാവൂ. നിരവധി കായിക പ്രതിഭകള്‍ക്ക് ജന്മം നല്‍കിയ നാടാണ് ചക്കിട്ടപ്പാറ. ഷൈനി വര്‍ഗീസ് മുതല്‍ ജിന്‍സണ്‍ ജോണ്‍സണ്‍ വരെയുള്ളവര്‍ ഈ ഗ്രാമത്തിന്റെ സംഭാവനയാണ്. ഇവിടെ കായിക പ്രതിഭകള്‍ക്ക് പരിശീലനം നടത്താന്‍ ആധുനിക സ്റ്റേഡിയം എന്നത് ഏറെക്കാലത്തെ ആവശ്യമാണ്. ഇത് യാഥാര്‍ത്ഥ്യമാക്കാനുള്ള നടപടികള്‍ അധികാരികളില്‍ നിന്നുണ്ടാവണമെന്നാണ് കായിക പ്രേമികള്‍ ആവശ്യപ്പെടുന്നത്.