ഇനി മുതല്‍ വര്‍ഷത്തില്‍ 15 സിലിണ്ടറുകള്‍ മാത്രം; ഗാര്‍ഹിക പാചകവാതക സിലിണ്ടര്‍ ലഭ്യതയില്‍ നിയന്ത്രണവുമായി കേന്ദ്ര സര്‍ക്കാര്‍


പേരാമ്പ്ര: അടിക്കടി പാചക വാതകത്തിന്റെ വില കൂടുന്നതോടൊപ്പം സിലിണ്ടര്‍റുകളുടെ ലഭ്യതയിലും നിയന്ത്രണവുമായി കേന്ദ്ര സര്‍ക്കാര്‍. ഇനിമുതല്‍ ഒരു വര്‍ഷം പതിനഞ്ച് സിലിണ്ടര്‍ മാത്രമേ ലഭിക്കു. ഇതോടെ ആഹാരം പാചകം ചെയ്യാന്‍ പാചകവാതകത്തെ മാത്രം ആശ്രയിക്കുന്ന കുടുംബങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടാവും.

ഗാര്‍ഹിക പാചക വാതകത്തിന്റെ ദുരുപയോഗവും അമിത ഉപയോഗവും തടയാനാണ് പുതിയ നിയന്ത്രണം. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം പൊതുമേഖലാ കമ്പനികള്‍ നിയന്ത്രണം നടപ്പാക്കി തുടങ്ങി. ഇനി മുതല്‍ പതിനഞ്ച് സിലിണ്ടര്‍ വാങ്ങി കഴിഞ്ഞാല്‍ പതിനാറാമത്തെ സിലിണ്ടര്‍ ബുക്ക് ചെയ്യാന്‍ സാധിക്കില്ല.

എന്നാല്‍ അധിക സിലിണ്ടര്‍ വേണമെങ്കില്‍ വീട്ടിലെ അംഗസംഖ്യ തെളിയിക്കുന്ന റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പുള്‍പ്പടെ നല്‍കി ഡീലര്‍മാര്‍ മുഖേനെ അപേക്ഷ നല്‍കാമെന്നാണ് കമ്പനികള്‍ പറയുന്നത്. അധിക സിലിണ്ടര്‍ അനുവദിക്കാനുള്ള ചുമതല കമ്പനിയുടെ വിവേചന അധികാരത്തിലുള്‍പ്പെടും.