മൂന്ന് തവണ എറിഞ്ഞു, മൂന്നാമത്തെ തവണ ഉയര്‍ന്ന ശബ്ദത്തോടെ പൊട്ടിത്തെറിച്ചു; കായണ്ണയില്‍ മുസ്ലിംലീഗ് പഞ്ചായത്ത് അംഗത്തിന്റെ വീടിനു നേരെ സ്‌ഫോടക വസ്തു എറിയുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ കാണാം


കായണ്ണ: ‘ഉയര്‍ന്ന ശബ്ദത്തോടെ പൊട്ടുന്നത് കേട്ടാണ് ഉണര്‍ന്നത്. നോക്കുമ്പോള്‍ വീടിന്റെ മുന്‍വശത്തായി സ്‌ഫോടക വസ്തുക്കളുടെ അവശിഷ്ടങ്ങള്‍ ചിതറിക്കിടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു. വീടിന്റെ ജനല്‍ ചില്ലുകളും വരാന്തയിലെ രണ്ട് ടൈല്‍സും പൊട്ടിക്കിടക്കുകയുമായിരുന്നു. മുന്‍വശത്തെ ഭിത്തിയിലും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്’. കായണ്ണയിലെ മുസ്ലിംലീഗ് ഗ്രാമപഞ്ചായത്ത് അംഗം പി.സി ബഷീറിന്റെ വീടിനു നേരെ സ്‌ഫോടക വസ്തു എറിഞ്ഞ നിലയില്‍ കണ്ടെത്തിയതിനെക്കുറിച്ച് അദ്ദേഹം പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് സംസാരിച്ചു. ഇന്ന് പുലര്‍ച്ചെ 2.36 ഓടെയാണ് വീടിനു നേരെ സ്‌ഫോടക വസ്തു എറിഞ്ഞത്.

വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിനെത്തുടര്‍ന്ന് രണ്ടു പേര്‍ ചേര്‍ന്നാണ് സ്‌ഫോടക വസ്തു എറിഞ്ഞിരിക്കുന്നതെന്ന് വ്യക്തമാവുന്നുണ്ട്. അക്രമികള്‍ വീടിനു നേരെ മൂന്ന് സഫോടക വസ്തുക്കളാണ് എറിഞ്ഞത്. ആദ്യം എറിഞ്ഞ രണ്ടെണ്ണവും പൊട്ടിയില്ല. മൂന്നാമതെറിഞ്ഞത് കാറിന് മുകളില്‍ വീണ് പൊട്ടി വരാന്തയിലേക്ക് തെറിക്കുകയായിരുന്നു. വരാന്തയില്‍ പതിച്ചതിന്റെ ഭാഗമായാണ് അവിടുത്തെ ടൈലും ജനല്‍ചില്ലും പൊട്ടിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പേരാമ്പ്ര പോലീസിന്റെ നേതൃത്വത്തിലുള്ള സംഘം സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. ഇതില്‍ പ്രതിഷേധിച്ച് കായണ്ണയില്‍ ഇന്ന് ഉച്ചവരെ യുഡിഎഫിന്റെ നേതൃത്വത്തില്‍ ഹര്‍ത്താല്‍ ആരംഭിച്ചു.

വീഡിയോ കാണാം