ഒഴിവായത് വൻ ദുരന്തം; കൊയിലാണ്ടിയിൽ നിയന്ത്രണം വിട്ട കാർ നിരവധി ബൈക്കുകൾ ഇടിച്ച് തകർത്തു


കൊയിലാണ്ടി: നിയന്ത്രണം വിട്ട കാർ ബൈക്കുകൾ ഇടിച്ച് തകർത്തു. ദേശീയപാതയിൽ കൊയിലാണ്ടി ഗവ. താലൂക്ക് ആശുപത്രിക്ക് മുന്നിലാണ് അപകടമുണ്ടായത്. കോഴിക്കോട് നിന്ന് വടകരയിലേക്ക് പോവുകയായിരുന്ന KL-18-E-9798 നമ്പറിലുള്ള വാഗൺ-ആർ കാറാണ് അപകടമുണ്ടാക്കിയത്.

ചൊവ്വാഴ്ച വൈകീട്ട് ആറേ മുക്കാലോടെയാണ് അപകടമുണ്ടായത്. പതിനൊന്ന് ബൈക്കുകളെയാണ് കാർ ഇടിച്ച് തകർത്തത്. തിരക്കേറിയ സമയത്തായിരുന്നു അപകടം. നിരവധി പേർ കടന്നു പോകുന്ന ഇടമായിരുന്നിട്ട് പോലും അപകടസമയത്ത് ആളുകൾ  ഇല്ലാതിരുന്നത് കൊണ്ട് മാത്രമാണ് വലിയ ദുരന്തം തലനാരിഴയ്ക്ക് ഒഴിവായത്.

കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി കാർ സ്റ്റേഷനിലേക്ക് മാറ്റി.

ബൈക്കുകൾ ദേശീയപാതയോരത്ത് പാർക്ക് ചെയ്യുന്നത് മാറ്റാൻ യാതൊരു നടപടിയും അധികൃതർ സ്വീകരിക്കുന്നില്ലെന്ന് നേരത്തേ തന്നെ ആക്ഷേപമുണ്ട്. താലൂക്ക് ആശുപത്രിയുടെ പഴയ കെട്ടിടം പൊളിച്ച സ്ഥലത്ത് പാർക്കിങ് അനുവദിച്ചാൽ പാർക്കിങ് പ്രശ്നം പരിഹരിക്കാവുന്നതാണ്. ഇക്കാര്യം കഴിഞ്ഞ ദിവസം കൊയിലാണ്ടി ന്യൂസ് ഡോട് കോം റിപ്പോർട്ട് ചെയ്തിരുന്നു.

വീഡിയോ കാണാം: