വയനാട് വൈത്തിരിയില്‍ ഓടുന്ന കാറിന് തീപ്പിടിച്ച് അപകടം; കാര്‍ പൂര്‍ണമായും കത്തി നശിച്ചു


വൈത്തിരി: വയനാട് വൈത്തിരിയില്‍ ഓടുന്ന കാറിന് തീപ്പിടിച്ചു. മേപ്പാടി സ്വദേശിയായ ജംഷീറും കുടുംബവും സഞ്ചരിച്ച നിസ്സാന്‍ ടെറാനോ കാറാണ് കത്തിയത്. അപകടത്തില്‍ കാര്‍ പൂര്‍ണമായും കത്തിനശിച്ചിട്ടുണ്ട്.

ബുധനാഴ്ച്ച പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം നടന്നത്. വൈത്തിരി കനറാ ബാങ്കിന് സമീപം ദേശീയപാതയില്‍ വെച്ചാണ് കാറിന് തീപ്പിടിച്ചത്. മണ്ണാര്‍ക്കാട് നിന്നും മേപ്പാടിയ്ക്ക് പേവുന്ന കാറാണ് കത്തി നശിച്ചത്.

കാറില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പെട്ട യാത്രക്കാര്‍ പുറത്തിറങ്ങി നോക്കുമ്പോഴായിരുന്നു കത്തിയത്. അതിനാല്‍ യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കല്‍പ്പറ്റയില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചു. അപ്പോഴേക്കും കാര്‍ പൂര്‍ണമായും കത്തിനശിച്ചിരുന്നു. തീപ്പിടിക്കാനുണ്ടായ കാരണം വ്യക്തമല്ല.