” ഒരുമാസത്തോളമായി കനാല്‍വെള്ളമില്ല, പൈസകൊടുത്ത് ടാങ്കറില്‍ വെള്ളമെത്തിച്ച് നനക്കേണ്ട സ്ഥിതിയിലാണ് ഞങ്ങള്‍” പ്രതിസന്ധിയിലായി ചെങ്ങോട്ടുകാവിലെ കര്‍ഷകര്‍



ജിന്‍സി ബാലകൃഷ്ണന്‍

ചെങ്ങോട്ടുകാവ്: ഒരുമാസത്തോളമായി കനാല്‍ വെള്ളം എത്താതായതോടെ ചെങ്ങോട്ടുകാവ് മേഖലയിലെ കര്‍ഷകര്‍ പ്രതിസന്ധിയില്‍. മേലൂക്കര, മേലൂര്‍, പൊയില്‍ക്കാവ്, കൊണ്ടംവള്ളി പാടശേഖരം എന്നിവിടങ്ങളിലെ കൃഷിക്കാരെയാണ് ജലദൗര്‍ലഭ്യം ഏറെ ബാധിച്ചിരിക്കുന്നത്.

ചെങ്ങോട്ടുകാവ് പഞ്ചായത്ത് ഓഫീസിന് പിന്നില്‍ ഒരേക്കര്‍ സ്ഥലത്ത് വാഴക്കൃഷി നടത്തുന്ന ദിനേശന്‍ പറയുന്നത് ടാങ്കര്‍ ലോറിയില്‍ വെള്ളം എത്തിച്ച് വാഴ നനക്കേണ്ട അവസ്ഥയാണെന്നാണ്. വാഴക്കൃഷിക്ക് ഒരു വാഴക്ക് ഒന്നിടവിട്ട ദിവസങ്ങളില്‍ 40 ലിറ്റര്‍ വെള്ളം എന്ന തോതിലാണ് വേണ്ടത്. ചുരുങ്ങിയത് പത്തുലിറ്റര്‍ വെള്ളമെങ്കിലും കൊടുക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടത്തുന്നത്. 5000 ലിറ്ററിന് 1500 രൂപയെന്ന നിലയിലാണ് ലോറിയില്‍ വെള്ളം എത്തിക്കുമ്പോള്‍ ചെലവ് വരുന്നതെന്നും ദിനേശന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞത്.

കൃഷിയുള്ള ഇടങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയാണ് കനാല്‍ തുറന്നുവിടുന്നതെന്നാണ് ഇറിഗേഷന്‍ ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടപ്പോള്‍ അറിഞ്ഞത്. ചെങ്ങോട്ടുകാവ് പഞ്ചായത്തില്‍ നേരത്തെ ഇറിഗേഷന്‍ ഉദ്യോഗസ്ഥര്‍ യോഗം വിളിച്ച സമയത്ത് കാര്യമായ കൃഷിയുള്ളതായി പറഞ്ഞിട്ടില്ലെന്നും കൊണ്ടംവള്ളി പാടശേഖരത്ത് കുറച്ച് പച്ചക്കറി കൃഷിയുണ്ട് എന്നാണ് പറഞ്ഞതെന്നുമാണ് ഇറിഗേഷന്‍ ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണമെന്നും ദിനേശന്‍ പറയുന്നു.

മേലൂക്കര, മേലൂര്‍ ഭാഗങ്ങളില്‍ ജലദൗര്‍ലഭ്യം കൃഷിയെ ഏറെ ബാധിച്ചിട്ടുണ്ടെന്നാണ് പഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയില്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞത്. കര്‍ഷകരില്‍ നിന്നും വ്യാപകമായി ഇതുസംബന്ധിച്ച് പരാതികള്‍ ലഭിക്കുന്നുണ്ട്. ഏറെ ദൂരത്തുനിന്നും വെള്ളം എത്തിച്ച് കൃഷി നനക്കേണ്ട അവസ്ഥയിലാണ് പലരും. മേലൂര്‍ ഭാഗങ്ങളില്‍ കനാല്‍ വെള്ളമെത്താത്തത് കുടിവെള്ളപ്രശ്‌നത്തിനും വഴിവെച്ചിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു.

കൊയിലാണ്ടി മുനിസിപ്പാലിറ്റിയുടെ ഒട്ടുമിക്ക ഭാഗങ്ങളിലും, പ്രത്യേകിച്ച് നടേരി, കാവുംവട്ടം ഭാഗങ്ങളിലും ചേമഞ്ചേരി പഞ്ചായത്തിലുമെല്ലാം ഏതാണ്ട് സമാനമായ അവസ്ഥയാണ്.

കൊയിലാണ്ടി മുനിസിപ്പാലിറ്റിയുടെ ഒട്ടുമിക്ക ഭാഗങ്ങളിലും, പ്രത്യേകിച്ച് നടേരി, കാവുംവട്ടം ഭാഗങ്ങളിലും ചേമഞ്ചേരി പഞ്ചായത്തിലുമെല്ലാം ഏതാണ്ട് സമാനമായ അവസ്ഥയാണ്. കാവുംവട്ടത്ത് ഒരു തവണ മാത്രം അതും 21ാം വാര്‍ഡ് വരെ മാത്രമേ കനാല്‍ വെള്ളം എത്തിയിട്ടുള്ളൂവെന്നാണ് 22ാം വാര്‍ഡിലെ മെമ്പറായ ഫൈസല്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞത്. വൈദ്യരങ്ങാടി ഭാഗത്തുകൂടിയുള്ള കനാലില്‍ വെള്ളം വിട്ടാല്‍ മാത്രമേ ഈ ഭാഗത്ത് എത്തുകയുള്ളൂ. വെളിയന്നൂര്‍ ചല്ലി, കാവുംവട്ടം ഭാഗങ്ങളില്‍ കര്‍ഷകര്‍ക്ക് മുനിസിപ്പാലിറ്റി ഇടപെട്ടാണ് വെള്ളമെത്തിക്കുന്നത്. കനാല്‍ വെള്ളം എത്തിയാല്‍ കിണറുകളിലും വെള്ളം കൂടും. എന്നാല്‍ വെള്ളമെത്താതായതോടെ പല കിണറുകളും വറ്റി കുടിവെള്ളത്തിനും ബുദ്ധിമുട്ട് നേരിടുകയാണെന്ന് അദ്ദേഹം പറഞ്ഞു.