‘മൊബെെൽ താഴെ വച്ചേ, ഇടിമിന്നലുള്ളത് കാണുന്നില്ലേ…’, ഇടിമിന്നലുള്ളപ്പോൾ ഫോൺ ഉപയോ​ഗിക്കുന്നത് അപകടത്തിനിടയാക്കുമോ? നോക്കാം വിശദമായി


ടിമിന്നലോട് കൂടി ശക്തമായ മഴയ്ക്ക് സാധ്യത, കാലവർഷമായതോടെ മിക്ക ദിവസങ്ങളിലും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൽ നിന്നും പുറത്തുവരുന്ന അറിയിപ്പാണിത്. ഇടിമിന്നലേറ്റുള്ള മരണവും ഇതോടൊപ്പം റിപ്പോർട്ട് ചെയ്യുന്നതിനാൽ മൊബെെൽ ഫോൺ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ ഇത്തരം സന്ദർഭങ്ങളിൽ ഉപയോ​ഗിക്കാൻ പലർക്കും ഭയമാണ്. മൊബൈല്‍ ഫോണ്‍ ഇടിമിന്നലിനെ ആകര്‍ഷിക്കുമെന്നുൾപ്പെടെയുള്ള ധാരണയായണ് ഭയത്തിന് കാരണം. ഇത്തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ സത്യമോ, മിഥ്യയോ? നോക്കാം വിശദമായി….

മൊബൈല്‍ ഫോണ്‍ ഇടിമിന്നലിനെ ആകര്‍ഷിക്കുമെന്നാണ് പലരുടെയും വിശ്വാസം. മൊബൈൽ ഫോണിൽ സിഗ്നലുകൾ എത്തുന്നത് തരംഗ രൂപത്തിലാണ്. നിരവധി ടവറുകളിൽ നിന്ന് അന്തരീക്ഷത്തിലൂടെ യാത്ര ചെയ്താണ് ഈ തരംഗങ്ങൾ ഫോണിലേക്കെത്തുന്നത്. ഇടിമിന്നലുള്ള സമയത്ത് ഇതിലുള്ള അതിശക്തമായ വൈദ്യുതി ഈ തരംഗങ്ങളിലൂടെ ഫോണിലേക്ക് എത്തുമെന്നാണ് പലരും കരുതുന്നത്. ഇത്തരത്തിൽ ഫോണിലേക്ക് വൈദ്യുതി എത്തിയാൽ ഫോൺ പൊട്ടിത്തെറിക്കുമെന്നും അത് ഉപയോഗിക്കുന്ന ആളിനെ അപകടപ്പെടുത്തുകയും ചെയ്യുമെന്നും വിശ്വസിക്കുന്നവർ നമുക്ക് ചുറ്റിലുമുണ്ട്. അതിനാലാണ് പലരും ഇടിമിന്നലുള്ള സമയത്ത് ഫോൺ ഉപയോഗത്തെ എതിർക്കുന്നത്. എന്നാൽ ഇത് വെറും മിഥ്യാ ധാരണയും അശാസ്ത്രീയ ചിന്തയുമാണ്.

വൈദ്യുത കാന്തിക തരംഗങ്ങളിലൊന്നായ റേഡിയോ തരംഗങ്ങളെയാണ് മൊബൈൽ ഫോണിൽ സിഗ്നലുകൾക്കായി ഉപയോഗിക്കുന്നത്. ഈ തരംഗങ്ങളിലൂടെ ഒരിക്കലും വൈദ്യുതി കടന്നു പോകില്ല. അതായത് മിന്നൽ ഒരിക്കലും ഈ റേഡിയോ തരംഗങ്ങൾ വഴി മൊബൈലിലെത്തില്ല. ചുരുക്കി പറഞ്ഞാൽ മൊബൈൽ ഒരിക്കലും മിന്നലിനെ ആകർഷിക്കില്ല. ഇടിമിന്നലുള്ള സമയത്ത് മൊബൈൽ ഫോൺ ഉപയോഗിച്ച് കോൾ വിളിക്കുകയോ, ഇന്റർനെറ്റ് ഉപയോഗിക്കുകയോ ഒക്കെ ചെയ്യാമെന്ന് സാരം. എന്നാൽ ഇടിമിന്നലുള്ള സമയത്ത് ടെലിഫോൺ ഉപയോഗിക്കാൻ പാടില്ല. വയറുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാൽ ഇതു വഴി വൈദ്യുതി കടന്നു വരാൻ സാധ്യതയുണ്ട്.


ഇടിമിന്നലുള്ള സമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് അപകടമല്ല എന്ന് നേരത്തെ പറഞ്ഞു. എന്നിരുന്നാലും ഇടിമിന്നലുള്ള സമയത്ത് ഫോൺ ഉപയോഗിച്ചുള്ള അപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അത്തരം സാഹചര്യങ്ങൾ ഫോണിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ടുള്ളതല്ല.

ഇടിമിന്നലുള്ള സമയത്ത് ചാർജ് ചെയ്തുകൊണ്ട് ഫോൺ ഉപയോഗിച്ചാൽ അത് അപകടത്തിന് കാരണമാകാം. ഇടിമിന്നൽ ഉള്ള സാഹചര്യത്തിൽ എല്ലാ ഇലക്ട്രിക് ഉപകരണങ്ങളുടെയും വൈദ്യുതിബന്ധം വിച്ഛേദിക്കണം. അല്ലാത്ത പക്ഷം വയറുകളിലൂടെ മിന്നലിലെ ഉയർന്ന വൈദ്യുതി പ്രവഹിച്ച് അപകടം വരുത്തി വയ്ക്കാം.

അടുത്ത ഒരു സാഹചര്യം ഇടിമിന്നലുള്ള സമയത്ത് തുറസ്സായ സ്ഥലത്തോ വീടിന് പുറത്തോ നിന്ന് ഫോൺ ഉപയോഗിക്കുന്നതാണ്. ഈ സമയം പുറത്തു നിൽക്കുന്നത് ഒട്ടും ഉചിതമല്ല. ഇത് ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് ഉണ്ടാകുന്നതല്ല. ഫോൺ ഉപയോഗിക്കാതെയും മിന്നലുള്ള സമയത്ത് തുറന്ന പ്രദേശത്ത് നിന്നാൽ അപകടം ഉണ്ടാവും എന്നത് തീർച്ചയാണ്.