കൊയിലാണ്ടിക്കാർക്ക് ആശ്വാസ വാർത്ത; നന്തി ചെങ്ങോട്ടുകാവ് ബൈപ്പാസ് നിർമ്മാണം ഒരു വർഷത്തിനുള്ളിൽ പൂർത്തീകരിക്കും, പണി വേഗത്തിലാക്കണമെന്ന നിർദേശവുമായി മന്ത്രി മുഹമ്മദ് റിയാസ് നന്തിയിലെത്തി


കൊയിലാണ്ടി: നന്തി ചെങ്ങോട്ടുകാവ് ബൈപ്പാസ് നിർമ്മാണം ഉടൻ പൂർത്തിയാകുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ റിയാസ്. 2023 ഏപ്രിൽ മാസത്തോടെ പൂർത്തിയാകുമെന്നാണ് മന്ത്രി പറഞ്ഞത്. ദേശീയപാത വികസന പ്രവർത്തനത്തിന്റെ ജില്ലയിലെ പുരോഗതി വിലയിരുത്താൻ എത്തിയത്തിന്റെ ഭാഗമായാണ് മന്ത്രി നന്തി സന്ദര്ശിക്കാനെത്തിയത്.

പ്രവർത്തി ഊർജിതമാക്കാൻ ദേശീയപാത അതോറിറ്റിയോടും കരാർ കമ്പനിയോടും മന്ത്രി ആവശ്യപ്പെട്ടു. 5800 കോടി രൂപയാണ് സ്ഥലം ഏറ്റെടുക്കാനായി മാറ്റിവച്ചത്. ദേശീയപാത വരുന്ന ജില്ലയിലെ എല്ലാ സ്ട്രീറ്റിച്ചുകളും പരിശോധിച്ച് കളക്ടറേറ്റിൽ അവലോകനയോഗം ചേർന്നു. തങ്ങൾ ഒരു സംഘമായാണ് പ്രവർത്തിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

കാനത്തിൽ ജമീല എം.എൽ.എ, മറ്റു രാഷ്ട്രീയ പാർട്ടി നേതാക്കൾ ഉദ്യോഗസ്ഥർ തുടങ്ങിയവരെല്ലാം സന്ദർശനത്തിൽ പങ്കെടുത്തു. പതിനൊന്ന് കിലോമീറ്റര്‍ നീളത്തിലും 45 മീറ്റര്‍ വീതിയിലുമായി ആറുവരിയിലാണ് ബൈപ്പാസ് റോഡ് വരുന്നത്. ഇരുവശത്തും സര്‍വ്വീസ് റോഡുകളുമുണ്ടാവും. വെള്ളറക്കാട്, മരളൂര്‍, വിയ്യൂര്‍, പന്തലായനി, കോതമംഗലം, മേലൂര്‍ വഴിയാണ് ബൈപ്പാസ് റോഡ് ചെങ്ങോട്ടുകാവില്‍ പ്രവേശിക്കുക.

വെള്ളക്കെട്ടുള്ള വെള്ളറക്കാട് ചാലിയില്‍ മണ്ണിട്ടുനികത്തിവേണം റോഡ് നിര്‍മിക്കാന്‍. ചെളിമാറ്റി അതിനുമുകളില്‍ മണ്ണുനിറയ്ക്കും. ചാലിഭാഗത്ത് വെള്ളമൊഴുകിപ്പോകുന്ന ഒട്ടെറെ ചെറുതോടുകളും ഓവുചാലുകളുമുണ്ട്. ഇവിടെ താത്കാലികമായി കുഴല്‍ സ്ഥാപിക്കുന്നുണ്ട്. റോഡുപണി പുരോഗമിക്കുമ്പോള്‍ ആവശ്യമായ ഇടങ്ങളിലെല്ലാം ബോക്‌സ് കള്‍വെര്‍ട്ടുകള്‍, ചെറുപാലങ്ങള്‍ എന്നിവ സ്ഥാപിക്കും. പുറത്തുനിന്ന് നിര്‍മിച്ച ബോക്‌സ് കോണ്‍ക്രീറ്റ് കള്‍വെര്‍ട്ടുകള്‍ ഇവിടെക്കൊണ്ടുവന്നുസ്ഥാപിക്കുമ്പോള്‍ അധ്വാനഭാരം കുറയും.

 

വീഡിയോ കാണാം: