ഇരുപത് മണിക്കൂറുകള്‍ക്ക് ശേഷം വീണ്ടും വെളിച്ചമെത്തി; ആനക്കുളത്ത് പിക്കപ്പ് വാന്‍ പോസ്റ്റില്‍ ഇടിച്ചതിനെ തുടര്‍ന്ന് പൊട്ടിയ വൈദ്യുതി ലൈന്‍ പുനഃസ്ഥാപിച്ചു


കൊയിലാണ്ടി: ദേശീയപാതയില്‍ ആനക്കുളത്ത് കഴിഞ്ഞ രാത്രിയുണ്ടായ അപകടത്തെ തുടര്‍ന്ന് പൊട്ടിയ വൈദ്യുതി ലൈന്‍ പുനഃസ്ഥാപിച്ചു. ചൊവ്വാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചതായി കെ.എസ്.ഇ.ബി സബ് എഞ്ചിനീയര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. കെ.എസ്.ഇ.ബി മൂടാടി ഇലക്ട്രിക്കല്‍ സെക്ഷനില്‍ നിന്നുള്ള ജീവനക്കാരാണ് തകരാറുകള്‍ പരിഹരിച്ചത്.

തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് അപകടമുണ്ടായത്. വടകര ഭാഗത്തേക്ക് പോകുകയായിരുന്ന പിക്കപ്പ് വാന്‍ റോഡില്‍ നിന്ന് തെന്നി വൈദ്യുത പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് വൈദ്യുത ലൈനുകള്‍ പൊട്ടിവീഴുകയും ദേശീയപാതയില്‍ വന്‍ ഗതാഗതക്കുരുക്ക് രൂപപ്പെടുകയും ചെയ്തു.


Related News: ആനക്കുളത്ത് പിക്കപ്പ് വാൻ പോസ്റ്റിലിടിച്ച് അപകടം; വൈദ്യുതി പൂർണ്ണമായും നിലച്ചു – വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…


വൈദ്യുത ലൈന്‍ പൊട്ടിയതോടെ പ്രദേശമാകെ ഇന്നലെ രാത്രി ഇരുട്ടിലായി. ആനക്കുളം, കൊല്ലം ചിറ, പതിനേഴാം മൈല്‍സ്, മന്ദമംഗലം, കളരിക്കണ്ടി, പാതിരിക്കാട്, മുചുകുന്ന് റോഡ് (റെയില്‍വേ ഗെയിറ്റ് വരെ) തുടങ്ങിയ സ്ഥലങ്ങളിലാണ് വൈദ്യുതി തടസപ്പെട്ടത്. വൈകീട്ട് ആറ് മണിയോടെ അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് ലൈന്‍ ചാര്‍ജ് ചെയ്തതോടെ പ്രദേശത്തെ വീടുകളിലും സ്ഥാപനങ്ങളിലും ഇരുപത് മണിക്കൂറുകള്‍ക്ക് ശേഷം വീണ്ടും വൈദ്യുതിയെത്തി.