മൂഡ് സ്വിംഗ്സ്, സ്ഥിരതയില്ലായ്മ, ആത്മഹത്യാഭീഷണി മുഴക്കൽ; വെറും വിഷാദമല്ല ബിപിഡി, അറിയാം രോ​ഗലക്ഷണങ്ങളും കാരണങ്ങളും


മാനസികാരോഗ്യ പ്രശ്നങ്ങളോട് ഇന്നും മുഖംതിരിച്ചു നിൽക്കുന്ന സമൂഹമാണ് നമ്മുടേത്. ശരീരത്തിനു വരുന്ന അസുഖത്തിന് എത്രത്തോളം പ്രാധാന്യം നൽകുന്നോ അത്രതന്നെ മാനസികപ്രശ്നങ്ങൾക്കും പ്രാമുഖ്യം നൽകണം. ബോർഡർ ലൈൻ പേഴ്സണാലിറ്റി ഡിസോർഡർ ബാധിച്ച് സ്വയം ജീവനെടുക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. അടുത്തിടെ ബോർഡർ ലൈൻ പേഴ്സണാലിറ്റി ഡിസോർഡറുമായി ജീവിച്ചിരുന്ന മകൾ ആത്മഹത്യ ചെയ്തതിനേക്കുറിച്ച് പേരാമ്പ്ര സ്വദേശിയായ ഒരു അച്ഛൻ ഫെയ്​സ്ബുക്കിൽ കുറിച്ചിരുന്നു. എത്രത്തോളം ഗൗരവകരമായ സ്ഥിതിവിശേഷമാണിതെന്നും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്നും നോക്കാം.   

മൂഡ് സ്വിംഗ്സ്, ആപേക്ഷികമായ അസ്ഥിരത, ആവേശം നിറഞ്ഞ പെരുമാറ്റം ഇവയ്ക്കെല്ലാം കാരണമാകുന്ന ഒരു മാനസികാവസ്ഥയാണ് ബോർഡർ ലൈൻ പേഴ്സണാലിറ്റി ഡിസോർഡർ അഥവാ ബിപിഡി. ബിപിഡി ഉള്ളവർക്ക് തങ്ങൾ ഉപേക്ഷിക്കപ്പെടുമോ എന്ന ഭയം എപ്പോഴും ഉണ്ടാകും. ദേഷ്യം നിയന്ത്രിക്കാൻ ഇവർക്കു പ്രയാസമാകും. അപകടകരമായ ഡ്രൈവിങ്ങ്, സ്വയം അപായപ്പെടുത്താനുള്ള ശ്രമം തുടങ്ങിയ റിസ്ക്ക് നിറഞ്ഞതും അപകടകരവുമായ പെരുമാറ്റങ്ങൾ ഇവർ മിക്കവാറും പ്രദർശിപ്പിക്കും. സ്ഥിരമായ ബന്ധങ്ങൾ നിലനിർത്തുന്നതിന് ഈ വെല്ലുവിളികൾ ഒരു തടസമാകും.

വിഷാദം, സങ്കടം, ഉൾവലിയൽ തുടങ്ങിയ വിഷാദരോ​ഗത്തിന്റെ ലക്ഷണങ്ങൾ ബി.പി.ഡി ഉള്ളവരിലും കാണാം. എന്നാൽ ഇവരണ്ടും ഒന്നല്ല. വിഷാദത്തിന്റെ ഉപവിഭാഗവുമല്ല ബി.പി.ഡി. പക്ഷേ ഈ അവസ്ഥ ഉള്ള ആളുകളിൽ മുപ്പതു-നാൽപത് ശതമാനം പേർക്കും വിഷാദരോഗമുണ്ടാകാം. ബി.പി.ഡി. എന്നത് വ്യക്തിത്വത്തിന്റെ ഭാഗമാണ്, സ്ഥായിയാണ്, ചെറുപ്പത്തിലേ തുടങ്ങും, ജീവിക്കുന്നിടത്തോളം കൂടെ ഉണ്ടാകും. 

ബി.പി.ഡി. ഉള്ളവർക്ക് ഒന്നിലും സ്ഥിരത ഉണ്ടാകില്ല. ദേഷ്യം, സങ്കടം, നിരാശ, സന്തോഷം തുടങ്ങിയ വികാരങ്ങളെല്ലാം മാറിമറിഞ്ഞിരിക്കും. അതുകൊണ്ടാണ് സ്ഥിരത ഇല്ല എന്നു പറയുന്നത്. പ്രവചിക്കാനാവാത്ത വിധത്തിൽ, നിയന്ത്രിക്കാനാവാത്ത ദേഷ്യം, ഭയം, ഉത്കണ്ഠ, വെറുപ്പ്, ദുഃഖം, സ്നേഹം ഇവയെല്ലാം പെട്ടെന്ന് മാറിമറിച്ചും വൈകാരികമായ ഈ മാറ്റങ്ങൾ ഏതാനും മണിക്കൂറുകളേ നീണ്ടുനിൽക്കൂ. അപൂർവ്വമായി ഏതാനും ദിവസങ്ങൾ ഇത് നീണ്ടുനിന്നേക്കാം.

ഇവർക്ക് വ്യക്തിബന്ധങ്ങൾ വളരെക്കാലം നന്നായി കൊണ്ടുപോകാനും കഴിയില്ല. അതും ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് എന്ന രീതിയിലേക്ക് മാറിപ്പോവും. സ്വന്തം വ്യക്തിത്വത്തേക്കുറിച്ചോ ലക്ഷ്യങ്ങളേക്കുറിച്ചോ ഉള്ള ബോധമൊന്നും കൃത്യമായുണ്ടാകില്ല. ബന്ധങ്ങളിലും സംഘർഷങ്ങളിലുമൊക്കെ എടുത്തുചാട്ടമുണ്ടാകും. വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയുമൊക്കെ താനിപ്പോൾ ആത്മഹത്യ ചെയ്യുമെന്ന് പറയാനിടയുണ്ട്.   

ഇവർക്ക് ദേഷ്യം നിയന്ത്രിക്കാൻ പ്രയാസം ആയിരിക്കും. അവർ അങ്ങേയറ്റം അസ്വസ്ഥരായിരിക്കും, പലപ്പോഴും ദേഷ്യം പ്രകടിപ്പിക്കുന്നത് എതിരെ നിൽക്കുന്ന ആളെ പരിഹസിച്ചുകൊണ്ടായിരിക്കും. ബിപിഡി ഉള്ള ആളുകൾക്ക് ഒറ്റയ്ക്കായിരിക്കാൻ പ്രയാസമാണ്. അവർ ഉപേക്ഷിക്കപ്പെടുകയോ അവഗണിക്കപ്പെടുകയോ ചെയ്താൽ അവർ‍ക്ക് കടുത്ത ഭയവും ദേഷ്യവും ഉണ്ടാകാം. തങ്ങളുടെ പ്രിയപ്പെട്ടവർ എങ്ങും പോകാതിരിക്കുന്നതു തടയാൻ അവരുടെ കാര്യങ്ങൾ അന്വേഷിക്കുകയും അവരെ ട്രാക്ക് ചെയ്യുകയും ചെയ്യും. നിരസിക്കുന്നത് ഒഴിവാക്കാൻ കൂടുതൽ അടുക്കുന്നതിനു മുൻപ് തന്നെ അവർ ആളുകളെ അകറ്റും.

ജീവിക്കുന്ന സാഹചര്യം, സാമൂഹിക-സാംസ്കാരിക പശ്ചാത്തലം, കുടുംബാന്തരീക്ഷം തുടങ്ങിയവയിൽ നിന്ന് വ്യതിചലിച്ചുകൊണ്ടുള്ള മാറ്റങ്ങൾ കാണുമ്പേൾ ശ്രദ്ധിക്കണം. ചില പ്രത്യേകതകൾ ചെറുപ്പത്തിലേ കാണും. കൗമാരപ്രായം കഴിയുമ്പോഴും യുവത്വത്തിന്റെ തുടക്കത്തിലുമായിരിക്കും കൂടുതൽ പ്രകടമാവുക. ഈ കാലമെത്തുമ്പോഴേക്ക് ചെറുപ്പത്തിൽ കാണുന്ന ബുദ്ധിമുട്ടുകൾ കുറച്ചുകൂടി തീവ്രമാവുകയാണ് ചെയ്യുന്നത്. കുട്ടികളുടെ ചലനങ്ങൾ ശ്രദ്ധിക്കുന്ന മാതാപിതാക്കൾക്ക് അത് എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയും. പെരുമാറ്റം, സംസാരം, വൈകാരികതയിലുള്ള മാറ്റങ്ങൾ തുടങ്ങിയവയിൽ നിന്ന് തിരിച്ചറിയാം.   

കുട്ടികളിലേക്ക് ഇറങ്ങിച്ചെല്ലുക എന്നതാണ് ഇതിനുള്ള പരിഹാരം. ഉദാഹരണത്തിന് മൂന്നുവയസ്സുള്ള കുട്ടിയാണെങ്കിൽ ഒരു പാവയെ കൊടുത്താൽ ചേർത്തുപിടിക്കും, കുറേക്കാലം കൊണ്ടുനടക്കും. അങ്ങനെയാണ് അവർ ബന്ധങ്ങളെ രൂപീകരിക്കുന്നത്. എന്നാൽ കുറച്ച് കളിച്ചതിനുശേഷം പിന്നീട് വിരക്തി കാണിക്കുക, ദേഷ്യം, വാശി എന്നിവ പ്രകടിപ്പിക്കുക തുടങ്ങിയവ കണ്ടാൽ ശ്രദ്ധിക്കണം. ഇതൊക്കെ കുട്ടികളിൽ സാധാരണ കാണാമെങ്കിലും ആ സാഹചര്യത്തിൽ ബുദ്ധിമുട്ടായി അനുഭവപ്പെടുന്ന രീതിയിലാണെങ്കിൽ അത് ശ്രദ്ധിക്കേണ്ടതാണ്.

രോഗനിർണയവും ചികിത്സയും

ബിപിഡി മൂലം ബുദ്ധിമുട്ടുന്നവർ തീർച്ചയായും ഒരു ഡോക്ടറെ കൺസൾട്ട് ചെയ്യണം. ബിപിഡി നിർണയിക്കാൻ പ്രത്യേക പരിശോധനകൾ ഒന്നുമില്ല. രോ​ഗിയുടെ മാനസികമായ അവസ്ഥ വിശകലനം ചെയ്താണ് രോ​ഗനിർണ്ണയം നടത്തുക.

ആ വ്യക്തി ജീവിക്കുന്ന ചുറ്റുപാട്, പാരമ്പര്യ ഘടകങ്ങൾ, വളർന്ന രീതി, വ്യക്തിത്വം, കുടുംബം, ഇപ്പോഴുള്ള മാറ്റങ്ങൾ തുടങ്ങിയവയൊക്കെ മനസ്സിലാക്കി രോഗിയോടും അവരുമായി ബന്ധപ്പെട്ടവരോടും സംസാരിക്കും. അങ്ങനെയാണ് രോഗനിർണയം നടത്തുക. രോഗത്തിന്റെ തീവ്രതയ്ക്കനുസരിച്ചാണ് ചികിത്സ തീരുമാനിക്കുക. പലതരത്തിലുള്ള ചികിത്സാരീതികളുടെ സമുച്ചയമാണ് സ്വീകരിക്കുക. കുടുംബത്തെ അസുഖത്തേക്കുറിച്ച് മനസ്സിലാക്കിക്കൊടുക്കും. ചില അസുഖങ്ങളിൽ മരുന്നിനായിരിക്കും മുൻതൂക്കം, ചില അസുഖങ്ങളിൽ മരുന്ന് ആവശ്യമായുണ്ടാകില്ല. ചിലതിൽ സംയുക്തമായ ചികിത്സാരീതിയായിരിക്കും. വ്യക്തിയുടെ പ്രത്യേകതകൾക്ക് അനുസരിച്ചാണ് ചികിത്സ നിർണയിക്കുക.