ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം വഴി സൗഹൃദം സ്ഥാപിച്ച്‌ വ്യാജ പദ്ധതികളിൽ പണം നിക്ഷേപിപ്പിക്കും; കണ്ണൂർ സ്വദേശിനിയിൽ നിന്ന് രണ്ട് ലക്ഷം രൂപ തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ


കണ്ണൂർ: കണ്ണൂർ സ്വദേശിനിയെ സ്വകാര്യ ബാങ്കിന്റെ സ്മാർട്ട് ഫണ്ടിങ്‌ നിക്ഷേപപദ്ധതിയിൽ ചേർത്ത് രണ്ടുലക്ഷം രൂപ തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. വർക്കല സ്വദേശി മുഫ്‌ലികി(21)നെയാണ് കണ്ണൂർ സൈബർ പോലീസ് അറസ്റ്റ് ചെയ്തത്. ഓൺലൈൻ വഴി നിക്ഷേപപദ്ധതിയിൽ ചേർത്ത് പണം തട്ടുന്ന കംബോഡിയൻ സംഘത്തിൽ ഉൾപ്പെട്ട ആളാണ് ഇയാൾ. സംഘത്തിന്റെ നേതൃത്വത്തിൽ വിപുലമായ ഓൺലൈൻ തട്ടിപ്പുകളാണ് നടക്കുന്നത്.

ഓൺലൈൻ തട്ടിപ്പുകൾക്ക് കേരളത്തിൽനിന്നുള്ള ആളുകളെ റിക്രൂട്ട് ചെയ്യും. അവർ വഴി ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം വഴി സൗഹൃദം സ്ഥാപിച്ച്‌ വ്യാജ നിക്ഷേപപദ്ധതികളിൽ പണം നിക്ഷേപിപ്പിച്ച് തട്ടിപ്പ് നടത്തുകയാണ് രീതി. കേരളത്തിലെ അൻപതോളം ആളുകളുടെ പേരിൽ വ്യാജ സിം കാർഡുകൾ മറ്റു പ്രതികളെക്കൊണ്ട് എടുപ്പിച്ച് കംബോഡിയയിൽ വാട്സാപ്പ് അക്കൗണ്ടുണ്ടാക്കി വീഡിയോ കോൾ വഴി ബന്ധം തുടർന്ന് തട്ടിപ്പിന് ഇരയാക്കുകയായിരുന്നു. പുരുഷന്മാരോട് സംഘത്തിലെ സ്ത്രീകളും സ്ത്രീകളോട് സംഘത്തിലെ പുരുഷന്മാരും സൗഹൃദം സ്ഥാപിച്ചാണ് തട്ടിപ്പിന്റെ തുടക്കം. സംഘത്തിൽ സ്ത്രീകൾ ഉൾപ്പെടെ 50 ഓളം മലയാളികളുണ്ടെന്ന് പോലീസ് പറഞ്ഞു. 

അപരിചിതരിൽനിന്നുള്ള ഫ്രണ്ട് റിക്വസ്റ്റുകൾ സ്വീകരിച്ച് വഞ്ചിതരാകരുതെന്നും പരിചയമില്ലാത്ത വാട്സാപ്പ് നമ്പറുകളിൽ നിന്നുള്ള വീഡിയോ കോളുകൾ സ്വീകരിക്കരുതെന്നും പോലീസ് അറിയിച്ചു. ഓൺലൈൻ ഷെയർ ട്രേഡിങ്‌ വഴി രണ്ടുദിവസങ്ങളിലായി രണ്ടുകോടിയോളം രൂപ വിവിധ കേസുകളിലായി നഷ്ടപ്പെട്ടിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. ഇതോടെ ഈ കേസിൽ മൂന്നുപേർ അറസ്റ്റിലായി. 

ഓൺലൈൻ പാർട്ട്‌ടൈം ജോബ്, ഷെയർ ട്രേഡിങ്‌ എന്നിവ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയശേഷം മാത്രം പങ്കാളികളാകുക. സംശയമുള്ളവർ 1930 വിളിക്കുക. അല്ലെങ്കിൽ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ ബന്ധപ്പെടണമെന്നും പോലീസ് അറിയിച്ചു.