ഡ്യൂട്ടി സമയത്ത് ഭാര്യയുടെ ഉടമസ്ഥതയിലുള്ള സ്വകാര്യ ക്ലിനിക്കിൽ പരിശോധന; മഞ്ചേരിയിൽ സർക്കാർ ഡോക്ടർ പിടിയിൽ


മഞ്ചേരി: ഭാര്യയുടെ ഉടമസ്ഥതയിലുള്ള സ്വകാര്യ ക്ലിനിക്കിൽ ചികിത്സ നടത്തിയ സർക്കാർ ഡോക്ടറെ വിജിലൻസ് പിടികൂടി. തൃപ്പനച്ചി കുടുംബാരോഗ്യകേന്ദ്രം (എഫ്.എച്ച്.സി.) മെഡിക്കൽ ഓഫീസർ കാവനൂർ പൂതങ്കര വീട്ടിൽ ഡോ. ഷൗക്കത്തലിയാണ് പിടിയിലായത്. ഡ്യൂട്ടി സമയത്ത് സ്വകാര്യ ക്ലിനിക്കിൽ ചികിത്സ നടത്തവെ വ്യാഴാഴ്ച രാവിലെ മലപ്പുറം വിജിലൻസ് ഡിവൈ.എസ്.പി. ഫിറോസ് എം. ഷഫീഖിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഡോക്ടറെ പിടികൂടിയത്. 

കാവനൂരിൽ ഭാര്യയുടെ ഉടമസ്ഥതയിലുള്ള ക്ലിനിക്കിലാണ് ഷൗക്കത്തലി രോഗികളെ പരിശോധിച്ചിരുന്നത്. ഇദ്ദേഹം എഫ്.എച്ച്.സി.യിൽ അനുമതിയില്ലാതെ സ്വകാര്യ ഡോക്ടർമാരെ നിയമിച്ച് ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി (എച്ച്.എം.സി.) ഫണ്ടിൽനിന്ന് വേതനം നൽകിയതായും വൈകീട്ടത്തെ ഒ.പി. കൈകാര്യംചെയ്യുന്ന ഡോക്ടറുടെ നിയമനത്തിൽ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും വിജിലൻസ് കണ്ടെത്തി.   

ജില്ലാ ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ ഡോ. എൻ.എൻ. പമീലി, വിജിലൻസ് ഇൻസ്‌പെക്ടർ ഐ. ഗിരീഷ്‌കുമാർ, എസ്.സി.പി.ഒ.മാരായ രാജീവ്, സന്തോഷ്, വിജയകുമാർ തുടങ്ങിയവരും ഡോക്ടറെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.