വാഹനാപകടത്തില്‍ മരിച്ച പുറക്കാട് സ്വദേശി കണ്ണോത്ത് അരുണ്‍ കുമാറിന്റെ മൃതദേഹം ഉടന്‍ നാട്ടിലെത്തിക്കും; പുറക്കാട് മിനി സ്റ്റേഡിയത്തില്‍ പൊതുദര്‍ശനം
തിക്കോടി: തൃശൂരിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച പുറക്കാട് സ്വദേശി കണ്ണോത്ത് അരുണ്‍ കുമാറിന്റെ മൃതദേഹം ഉടന്‍ ജന്മനാട്ടിലെത്തിക്കും. ഏഴര മണിമുതല്‍ പുറക്കാട് കൈനോളി സുകുമാരന്‍ സ്മാരക മിനി സ്റ്റേഡിയത്തില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് രാത്രി പന്ത്രണ്ട് മണിയോടെ വീട്ടുവളപ്പില്‍ സംസ്‌കാരം നടക്കും.
കഴിഞ്ഞ മാസം 24-ാം തിയ്യതിയാണ് അരുണ്‍കുമാര്‍ അപകടത്തില്‍ പെട്ടത്. തൃപ്രയാറിനടുത്ത് വച്ച് അരുണ്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ബസ്സുമായി കൂട്ടിയിട്ടിച്ച് അപകടമുണ്ടാവുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അരുണ്‍ ഒരു മാസമായി ചികിത്സയിലായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
തൃശൂരിലെ മാരിയറ്റ് ഹോട്ടലില്‍ ജോലി ചെയ്യുകയായിരുന്നു അരുണ്‍ കുമാര്‍. ഗംഗാധരന്‍ നമ്പ്യാരുടെയും നിളാദേവിയുടെയും മകനാണ്. തൃശൂര്‍ സ്വദേശിനിയായ രശ്മിയാണ് ഭാര്യ. മൂന്ന് വയസുകാരൻ ആയുഷ് അര്‍ഹാൻ ഏകമകനാണ്. പട്ടാളക്കാരനായ നിഗീഷ് കുമാര്‍ സഹോദരനാണ്.
പൊലീസ് ആശുപത്രിയിലെത്തി നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.
മുക്കം കെ.എം.സി.ടി പോളി ടെക്നിക് കോളേജിലെ എസ്.എഫ്.ഐ പ്രവർത്തകനായിരുന്ന അരുൺ കുമാർ പഠനത്തിന് ശേഷം നാട്ടിലെ പൊതുരംഗത്തും സജീവമായിരുന്നു. വലിയ സൗഹൃദവൃന്ദത്തിന് ഉടമയായ അരുൺ നാട്ടിലേവർക്കും പ്രിയപ്പെട്ടവനായിരുന്നു.