കാപ്പാട് തീരദേശ റോഡിന്റെ ശോചനീയാവസ്ഥ: റോഡിലെ കുഴിയിൽ മന്ത്രി മുഹമ്മദ് റിയാസിന്റെ നോക്കുകുത്തി സ്ഥാപിച്ച് ബി.ജെ.പിയുടെ പ്രതിഷേധം
ചേമഞ്ചേരി: കാപ്പാട് തീരദേശ റോഡിന്റെ ശോചനീയാവസ്ഥയ്ക്കെതിരെ പ്രതിഷേധവുമായി ബി.ജെ.പി. റോഡിലെ കുഴിയിൽ ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ നോക്കുകുത്തി സ്ഥാപിച്ചാണ് ബി.ജെ.പി ചേമഞ്ചേരി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം നടത്തിയത്. പ്രതിഷേധം ബി.ജെ.പി കൊയിലാണ്ടി മണ്ഡലം പ്രസിഡന്റ് എസ്.ആർ.ജയ്കിഷോർ ഉദ്ഘാടനം ചെയ്തു.
ലോക ടൂറിസ്റ്റ് ഭൂപടത്തിൽ തന്നെ സ്ഥാനം പിടിച്ച ചരിത്ര പ്രധാന്യമുള്ള കോഴിക്കോട് ജില്ലയിലെ കാപ്പാട് ബീച്ച് കടലെടുത്ത് നശിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും പൊതുമരാമത്ത്-ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് കാപ്പാട് വന്ന് റോഡ് ഷോ നടത്തി പോയതല്ലാതെ റോഡ് പുനർനിർമ്മിക്കാൻ യാതൊരു നടപടിയുമെടുക്കാൻ തയ്യാറായിട്ടില്ലെന്ന് ബി.ജെ.പി ആരോപിച്ചു. കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീലയും പ്രശ്നത്തിന് പരിഹാരം കാണാൻ തയ്യാറാവുന്നില്ല.
മത്സ്യത്തൊതൊഴിലാളികൾ ഉൾപ്പെടെ ആയിരക്കണക്കിന് പേർ യാത്ര ചെയ്യുന്ന കാപ്പാട്-കൊയിലാണ്ടി തീരദേശ റോഡ് പൂർണമായി തകർന്ന് റോഡിന് കുറുകെ വലിയ കുഴി രൂപപെട്ടിട്ട് മാസങ്ങൾ കഴിഞ്ഞു. കടലാക്രമണം ഉണ്ടാകുമ്പോൾ മാധ്യമങ്ങൾക്ക് മുമ്പിൽ പകർന്നാടുന്ന കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീലയും ടൂറിസവും പൊതുമരാമത്തും ഒരുമിച്ച് കൈയ്യാളുന്ന മന്ത്രി മുഹമ്മദ് റിയാസും നോക്കുകുത്തികൾ തന്നെയാണെന്നും വിഷയത്തിൽ കൂടുതൽ ജനങ്ങളെ അണിനിരത്തി പ്രക്ഷോഭം ശക്തമാക്കുമെന്നും എസ്.ആർ.ജയ്കിഷ് പറഞ്ഞു.
ബി.ജെ.പി ചേമഞ്ചേരി ഏരിയാ പ്രസിഡന്റ് അനിൽകുമാർ, ജനറൽ സെക്രട്ടറി സജീവ് കുമാർ, യുവമോർച്ച മണ്ഡലം പ്രസിഡന്റ് ജിതേഷ് കാപ്പാട്, കർഷക മോര്‍ച്ച മണ്ഡലം പ്രസിഡന്റ് വിനോദ് കാപ്പാട് എന്നിവർ സംസാരിച്ചു. അരവിന്ദാക്ഷൻ കെ.പി, ദേവദാസൻ ടി.പി, സനോഷ് ടി.പി, റിജിലേഷ്, രവീന്ദ്രൻ, അമർജിത്ത് എന്നിവർ പങ്കെടുത്തു.